തൃശൂർ: തൃശൂർ പൂരത്തിനിടയിൽ ക്ഷേത്ര ഗോപുരത്തിൽ മാംസഭക്ഷണം വിളമ്പിയെന്ന ഗുരുതര ആരോപണവുമായി ഭക്തർ രംഗത്ത്. വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കെ ഗോപുരത്തിലാണ് മാംസം വിളമ്പിയത്. ഭക്ഷണാവശിഷ്ടങ്ങളും കഴിച്ച് ഡിസ്‌പോസിബിൾ പാത്രങ്ങളും ഗോപുരത്തിൽ ഉപേക്ഷിച്ച് നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ടലുകളിൽ ഭക്ഷണം വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന കണ്ടെയിനറുകൾ, ഒഴിഞ്ഞ് വെള്ളക്കുപ്പികൾ എന്നിവയും ക്ഷേത്രഗോപുരത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു.
പൂരദിവസം നിരവധി ആചാര ലംഘനങ്ങൾ നടന്നതായും ക്ഷേത്രമര്യാദകൾ പാലിച്ചില്ലെന്നും ഭക്തർ പറയുന്നു. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ ക്ഷേത്രത്തിനകത്ത് പാദരക്ഷ ഉപയോഗിച്ചതായും ആരോപണമുയരുന്നുണ്ട്. ഇത് സംബന്ധിച്ച് തൃശൂർ സ്വദേശി കെ നാരായണൻകുട്ടി ചിത്രങ്ങൾ സഹിതം കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറിക്കും ഓംബുഡ്‌സ്മാനും പരാതി നൽകിയിട്ടുണ്ട്.
വടക്കുംനാഥ ക്ഷേത്രത്തിലെ നാല് ഗോപുരങ്ങളും നിലവിൽ ജീർണ്ണാവസ്ഥയിലാണുള്ളത്. അതിനാൽ തന്നെ ഗോപുരങ്ങളുടെ മുകളിൽ വൈദ്യുത അലങ്കാരങ്ങൾ സ്ഥാപിക്കുന്നകതിനും കയറുന്നതിനും വിലക്കുണ്ട്. എന്നാൽ വിലക്കുകൾ ലംഘിച്ച് 50 ലധികം പേരാണ് ഗോപുരത്തിൽ കയറിയത്. ദേവസ്വം തൃശൂർ അസി. കമ്മീഷണർ, ലോ കമ്മീഷണർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഇവിടം പൈതൃക മന്ദിരമായതിനാൽ നിലവിൽ ഇത് കേന്ദ്ര പുരാവസ്തുവകുപ്പിന്റെ നിയന്ത്രണത്തിലാണ്. അവർ വിലക്കിയിട്ടും കണ്ണുവെട്ടിച്ച് കയറുകയായിരുന്നു. ഒടുവിൽ കലക്ടറുടെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ സേന ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ താഴേക്ക് ഇറക്കിയത്.
പൈതൃക മന്ദിരമായതിനാൽ ക്ഷേത്രവളപ്പിൽ പ്ലാസ്റ്റിക്ക് ഉപയോഗത്തിന് വിലക്കുണ്ട്. എന്നാൽ പുരത്തിന് ശേഷം അവശേഷിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കോർപ്പറേഷനും കുടുംബശ്രീയും ക്ഷേത്രമൈതാനത്തിൽ കൂട്ടിയിട്ട് കത്തിക്കുകയാണ് ഉണ്ടായത്. വടക്ക് നാഥക്ഷേത്രത്തിൽ പൂരം കഴിഞ്ഞുള്ള ശുദ്ധികർമ്മങ്ങൾ പത്താം തീയതി ആരംഭിക്കും. മൂന്ന് ദിവസമാണ് ശുദ്ധിക്രീയകൾ നടക്കുക.
Discussion about this post