തിരുവനന്തപുരം: പൊതു സിവില്‍ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട ഇഎംഎസ് നമ്പൂതിരിപ്പാട് അടക്കമുള്ളവരുടെ മുന്‍ നിലപാടില്‍ വെട്ടിലായി സിപിഎം. വ്യക്തിനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയ്ക്കുള്ളില്‍ നടത്തിയ പോരാട്ടങ്ങളുടെ തെളിവുകള്‍ സഹിതം പുറത്ത്. ദേശാഭിമാനിയില്‍ ഇഎംഎസും ഇ.കെ. നായനാരും സുശീലാ ഗോപാലനുമൊക്കെ എഴുതിയ ലേഖനങ്ങളും നടത്തിയ പ്രസംഗങ്ങളും സിപിഎമ്മിന്റെ പുതിയ നിലപാടിനെ തിരിഞ്ഞു കൊത്തുന്നു.
ഏഴാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ചേര്‍ന്ന 1985 ജൂലൈ 9ന് മുഖ്യമന്ത്രി കെ. കരുണാകരനോട് സിപിഎം അംഗങ്ങള്‍ പൊതു സിവില്‍ കോഡുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചതിന്റെ സഭാരേഖകളാണ് പുറത്തുവന്നത്. ആദ്യ ചോദ്യം തന്നെ പൊതു സിവില്‍ കോഡിനെ കുറിച്ചായിരുന്നു. എല്‍ഡിഎഫ് അംഗങ്ങളായ എം.വി. രാഘവന്‍, കെ.പി. അരവിന്ദാക്ഷന്‍, വി.ജെ. തങ്കപ്പന്‍, കെ.ആര്‍. ഗൗരി, സി.ടി. കൃഷ്ണന്‍, ഇ. പത്മനാഭന്‍, ഒ. ഭരതന്‍, പി.വി. കുഞ്ഞിക്കണ്ണന്‍, എ.കെ. പത്മനാഭന്‍ എന്നിവരാണ് ചോദ്യം ഉന്നയിച്ചത്. പൊതു സിവില്‍ കോഡില്‍ കേരള സര്‍ക്കാരിന്റെ അഭിപ്രായം എന്തെന്നായിരുന്നു ഒരു ചോദ്യം.
ഏക വ്യക്തി നിയമം വേണ്ടെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായമെന്ന് മുഖ്യമന്ത്രി കെ. കരുണാകരന് വേണ്ടി ജലസേചന മന്ത്രി എം.പി. ഗംഗാധരന്‍ നല്കിയ മറുപടിയെ തുടര്‍ന്ന് സിപിഎം അംഗങ്ങള്‍ പൊതു സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ചര്‍ച്ചയുടെ പൂര്‍ണരൂപം നിയമസഭാ രേഖകളിലുണ്ട്. കേരളത്തില്‍ ഒരു പൊതു സിവില്‍ കോഡ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ധാരാളമാണെന്നാണ് എം.വി. രാഘവന്‍ പറഞ്ഞത്. കൂടാതെ പൊതു സിവില്‍ കോഡ് ന്യൂനപക്ഷത്തിന്റെ കൂടി ആവശ്യമാണെന്ന് അവരെ ബോധ്യപ്പെടുത്തുന്നതിനും ഭരണഘടനയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമോ എന്നും ചോദിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയ്ക്ക് രൂപം കൊടുത്തവര്‍ ഭാവിയില്‍ ഒരു പൊതു സിവില്‍ നിയമം ഉണ്ടാകണമെന്നുള്ള അഭിപ്രായത്തോടുകൂടിയാണ് 44-ാം വകുപ്പ് എഴുതിച്ചേര്‍ത്തതെന്നാണ് വി.ജെ. തങ്കപ്പന്‍ പറഞ്ഞത്. 44-ാം വകുപ്പ് നടപ്പാക്കാന്‍ സെക്കുലറായ ഒരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിവില്‍ കോഡിനെതിരെയുള്ള കോണ്‍ഗ്രസ് ഐയുടെ നിലപാട് തള്ളിപ്പറയേണ്ടിവരും എന്നുള്ളത് കൊണ്ടാണോ മുഖ്യമന്ത്രി മറുപടി പറയാത്തതെന്ന് പി.വി. കുഞ്ഞിക്കണ്ണന്റെ ചോദ്യം. പൊതു സിവില്‍ നിയമത്തിനെതിരായി മുസ്ലിം പള്ളികളില്‍ നടന്ന പ്രക്ഷോഭത്തെക്കുറിച്ചു സര്‍ക്കാരിന്റെ അഭിപ്രായം എന്താണെന്നാണ് ഭരതന്‍ ചോദിച്ചത്.
ചോദ്യോത്തരത്തിനിടയില്‍ ഇടപെട്ടു സംസാരിച്ച പ്രതിപക്ഷനേതാവ് ഇ.കെ. നായനാര്‍ വ്യക്തി നിയമത്തിന്റെ ആവശ്യകത വ്യക്തമാക്കിയിട്ടുണ്ട്. ’44-ാം വകുപ്പില്‍ പറയുന്നത് ഫോര്‍ സിവില്‍ കോഡ് ഫോര്‍ ഇന്ത്യന്‍ സിറ്റിസണ്‍’ എന്നാണ്’ എന്ന് നായനാര്‍ സഭയെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.
ഇഎംഎസ് 1985 മുതല്‍ പല ഘട്ടങ്ങളില്‍ ഏക വ്യക്തി നിയമത്തിനുവേണ്ടി വാദിച്ചിരുന്നതിന്റെ ദേശാഭിമാനി പത്രത്തിന്റെ കോപ്പികളും പുറത്ത് വന്നിട്ടുണ്ട്. ഇഎംഎസിന്റെ നിലപാടുകള്‍ വ്യക്തമാക്കിയ ദേശാഭിമാനി പത്ര കട്ടിങ്ങുകളടക്കം നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. 1985ല്‍ ഷാബാനു ബീഗം ജീവനാംശക്കേസില്‍ സുപ്രീംകോടതി വിധിയെ സിപിഎം സ്വാഗതം ചെയ്തിരുന്നു. അന്ന് ‘ദേശാഭിമാനി’ പ്രസിദ്ധീകരിച്ച ഇഎംഎസിന്റെ പ്രസ്താവനയില്‍ പറയുന്നത് ഏക വ്യക്തി നിയമം വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ 44-ാം വകുപ്പ് എടുത്തുകളയാന്‍ സിപിഎം അനുവദിക്കില്ലെന്നും അത്തരം നീക്കങ്ങളെ പാര്‍ട്ടി ശക്തിയുക്തം എതിര്‍ക്കുമെന്നുമാണ്. ഇ.കെ. നയനാരും സുശീല ഗോപാലനും പൊതുവേദികളില്‍ പ്രസംഗിച്ചതിന്റെ വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.
Discussion about this post