ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേനടയില്‍ നിര്‍മ്മിക്കുന്ന ഗോശാലയുടെ ശിലാസ്ഥാപനം ഇന്നലെ നടന്നു. രാവിലെ ഒമ്പതരയോടെ കിഴക്കേ നടയില്‍ ഓഫീസ് അനക്സ് ഗണപതി ക്ഷേത്രത്തിന് സമീപമായിരുന്നു ചടങ്ങ്. ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ എം. കൃഷ്ണദാസ് മുഖ്യാതിഥിയായി.
ക്ഷേത്രം തന്ത്രിമുഖ്യന്‍ ദിനേശന്‍ നമ്പൂതിരിപ്പാട് നെയ്യ് വിളക്ക് തെളിയിച്ചശേഷമാണ് തറക്കല്ലിടല്‍ ചടങ്ങ് നടത്തിയത്. ഭക്തനായ കോയമ്പത്തൂര്‍ സ്വദേശി പാണ്ടി ദുരൈ ആണ് ഗോശാല വഴിപാടായി നിര്‍മ്മിച്ച് ഭഗവാന് സമര്‍പ്പിക്കുന്നത്. കൃഷ്ണനാട്ടം കളരിയുടെ പിന്നില്‍ മൂന്നു നിലകളിലായി പതിനൊന്നായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയ ഗോശാല മന്ദിരം നിര്‍മിയ്‌ക്കുന്നത്.
അഞ്ച് കോടി രൂപ ചിലവില്‍ നിര്‍മ്മിയ്‌ക്കുന്ന ഗോശാലയില്‍, പശുക്കുട്ടികളുടെ പരിപാലനകേന്ദ്രം, പാല്‍ ഉറയൊഴിച്ച് തൈരും, വെണ്ണയും ആക്കുന്നതിനുള്ള മുറി, തീറ്റ സൂക്ഷിക്കാനുള്ള മുറി, മെഡിസിന്‍ റൂം തുടങ്ങിയ ആധുനിക സൗകര്യങ്ങളുണ്ടാകും.
Discussion about this post