ശബരിമല: സന്നിധാനം തീര്‍ത്ഥാടക തിരക്കില്‍ അമരുമ്പോള്‍ അസൗകര്യങ്ങളുടെ നടുവില്‍ വീര്‍പ്പ്മുട്ടുകയാണ് തീര്‍ത്ഥാടകര്‍. ഇതിനൊപ്പം ഇടവിട്ട് മഴ കൂടി പെയ്തതോടെ വിരിവയ്‌ക്കാന്‍ പോലും സ്ഥലമില്ലാതെ ദുരിതത്തിലാണ് ഭക്തര്‍. ചെളിയിലും വെള്ളത്തിലും പോലും വിരിവെച്ച് വിശ്രമിക്കേണ്ട ഗതികേടിലാണ് ഭക്തര്‍. കഴിഞ്ഞ ദിവസം കുഞ്ഞു കുട്ടികള്‍ അടക്കം വിരിവെയ്‌ക്കാന്‍ സ്ഥലമില്ലാതെ വന്നതോടെ ചെളി നിറഞ്ഞ ഭാഗത്ത് വിരിവെച്ച് വിശ്രമിക്കുകയായിരുന്നു.
പന്ത്രണ്ട് വിളക്ക് ദിനം മുതലുള്ള ദിവസങ്ങളില്‍ സന്നിധാനത്ത് തീര്‍ത്ഥാടകരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഞായറാഴ്ച അടക്കം കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ പ്രതിദിനം ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം ഒരു ലക്ഷത്തോട് അടുത്തിരുന്നു. തിരക്ക് വര്‍ദ്ധിച്ചതോടെ നിലയ്‌ക്കലിലും പമ്പയിലും പമ്പ- സന്നിധാനം ശരണ പാതയിലും അടക്കം തീര്‍ത്ഥാടകരെ മണിക്കൂറുകളോളം തടഞ്ഞിടേണ്ട അവസ്ഥയും ഉണ്ട്. തീര്‍ത്ഥാടക തിരക്ക് ഏറിയതിനൊപ്പം സന്നിധാനത്തും പരിസര പ്രദേശങ്ങളിലും മഴ കൂടി ശക്തമായതാണ് ഭക്തര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരിക്കുന്നത്.
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് മല ചവിട്ടി ദര്‍ശനം നടത്തുന്ന ഭക്തരില്‍ ബഹുഭൂരിഭാഗവും അടുത്ത ദിവസം പുലര്‍ച്ചെ നെയ്യഭിഷേകം നടത്തി മലയിറങ്ങാനായി സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിരി വെയ്‌ക്കും. വിരി വെച്ച് വിശ്രമിക്കവേ അപ്രതീക്ഷിതമായി എത്തുന്ന കനത്ത മഴയില്‍ നിന്നും രക്ഷ നേടാന്‍ കൊച്ചു കുട്ടികളുമായി എത്തുന്ന തീര്‍ത്ഥാടകര്‍ അഭയ സ്ഥലം തേടി പായുന്നത് താഴെ തിരുമുറ്റത്തടക്കം പതിവ് കാഴ്ചയാണ്. മാളികപ്പുറം നടയ്‌ക്ക് എതിര്‍ വശത്തായി മീഡിയ സെന്റര്‍ അടക്കം പ്രവര്‍ത്തിച്ചിരുന്ന ഇരു നില കെട്ടിടം അടക്കമുള്ള നിര്‍മാണങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് വിരിപ്പന്തല്‍ ഒരുക്കാനെന്ന പേരില്‍ നാലു വര്‍ഷം മുമ്പ് പൊളിച്ചു നീക്കിയിരുന്നു. എന്നാല്‍ ആ സ്ഥലങ്ങളില്‍ ഭക്തര്‍ക്ക് വേണ്ട സൗകര്യം ഒരുക്കാന്‍ ബോര്‍ഡിന് ഇക്കാലമത്രയും കഴിഞ്ഞിട്ടില്ല.
അക്കോമഡേഷന്‍ സെന്ററുകളും അന്നദാന മണ്ഡപത്തിന്റെ മുകള്‍ തട്ടിലും മാളികപ്പുറം നടപ്പന്തല്‍, വലിയ നടപ്പന്തല്‍, പാണ്ടിത്താവളത്തെ വിരലില്‍ ഏതാനും വിരിപ്പുരകള്‍ എന്നിവിടങ്ങളിലെ പരിമിതമായ സൗകര്യം മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് മഞ്ഞും മഴയും ഏല്‍ക്കാതെ വിരി വെയ്‌ക്കാന്‍ പര്യാപ്തമാകുന്നത്.
മണ്ഡല പൂജയ്‌ക്ക് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ തീര്‍ത്ഥാടക തിരക്ക് ഇനിയും വര്‍ദ്ധിക്കും. കാലാവസ്ഥ പ്രതികൂലമായി തുടരവേ സുരക്ഷിതമായ വിരിപ്പന്തല്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡിന് സാധിച്ചില്ലെങ്കില്‍ അത് തീര്‍ത്ഥാടകരുടെ ദുരിതം ഇരട്ടിയാകാന്‍ കാരണമാകും.
Discussion about this post