കൊച്ചി: അയോധ്യയിലെ ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജനുവരി 22ന് നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി ജനുവരി ഒന്ന് മുതല്‍ പതിനഞ്ച് വരെ കേരളത്തിലെ മുഴുവന്‍ ഹിന്ദു ഭവനങ്ങളിലും സമ്പര്‍ക്കം നടത്താനും അയോധ്യയില്‍ നിന്ന് പൂജിച്ചു കൊണ്ടുവന്ന അക്ഷതവും ശ്രീരാമന്റെ ചിത്രവും ലഘുലേഖയും എത്തിച്ചു കൊടുക്കാനുമാണ് തീരുമാനം.
അയോധ്യയില്‍ നിന്നും കൊണ്ടു വന്ന അക്ഷതത്തിന്റെ സംസ്ഥാനതല വിതരണത്തിന് കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ തുടക്കം കുറിച്ചു. സുപ്രീം കോടതി മുന്‍ ജസ്റ്റീസ് കെ.എസ് രാധാകൃഷ്ണന്‍ അധൃക്ഷത വഹിച്ച യോഗത്തില്‍ മാര്‍ഗ്ഗ ദര്‍ശക് മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി സദ്സ്വരൂപാനന്ദ സരസ്വതി, ചിന്മയ മിഷന്‍ പിറവം സ്വാമി സുധീര്‍ സരസ്വതി, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകരായ എ. ഗോപാലകൃഷ്ണന്‍, വി.കെ വിശ്വനാഥന്‍, സഹ കാര്യവാഹ് പ്രസാദ് ബാബു, വിശ്വഹിന്ദു പരിഷത്ത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സ്ഥാണുമാലയന്‍, സംസ്ഥാന പ്രസിഡന്റ്് വിജി തമ്പി, സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, വൈസ് പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍, പ്രസന്ന ബാഹുലേയന്‍ എന്നിവര്‍ പങ്കെടുത്തു.
രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതൃത്വത്തില്‍ ബിജെപി, ബിഎംഎസ്,ഹിന്ദു ഐക്യവേദി, ക്ഷേത്രസംരക്ഷണ സമിതി തുടങ്ങി എല്ലാ സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടേയും സംസ്ഥാന ചുമതലയിലുള്ള നേതാക്കന്മാര്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രവര്‍ത്തകരും സമ്പര്‍ക്ക പരിപാടികളില്‍ പങ്കാളികളാകും.
ജനുവരി ഒന്നു മുതല്‍ പതിനഞ്ച് വരെയാണ് മഹാ സമ്പര്‍ക്കയജ്ഞം. ഈ പരിപാടികളുടെ ഏകോപനത്തിനായി കേരളത്തിലെ 37 സംഘ ജില്ലകളിലും രണ്ടു വീതം മുതിര്‍ന്ന പ്രവര്‍ത്തകരെ സംയോജകന്‍മാരായി നിശ്ചയിച്ചു കഴിഞ്ഞു. സംന്യാസിവര്യന്മാരും ഹൈന്ദവ നേതാക്കന്മാരും ഈ മഹാ സമ്പര്‍ക്ക പരിപാടികളില്‍ പങ്കാളികളാകും.പരിപാടികളുടെ ഏകോപനത്തിനു വേണ്ടി കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും ആ സമയം നാമജപവും ആരതിയും നടത്താനും അന്ന് സന്ധ്യക്ക് ഭവനങ്ങളില്‍ വിളക്കുകള്‍ തെളിച്ച് ദീപാവലി കൊണ്ടാടാനും തീരുമാനിച്ചതായി സംഘാടക സമിതി സംസ്ഥാന സംയോജകരായ പ്രസാദ് ബാബു, വി.ആര്‍. രാജശേഖരന്‍ എന്നിവര്‍ അറിയിച്ചു.
Discussion about this post