വിതുര(തിരുവനന്തപുരം): ആചാര്യ വിനോബഭാവെയുടെ പ്രിയശിഷ്യയും തിരുവനന്തപുരം തൊളിക്കോട് മലയടി വിനോബ നികേതന്‍ ആശ്രമം സ്ഥാപക പ്രസിഡന്റുമായ എ.കെ.രാജമ്മ (99) അന്തരിച്ചു. ഇന്നലെ രാവിലെ 9.48 ന് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 1924ല്‍ നെയ്യാറ്റിന്‍കരയില്‍ സി.ആര്‍. അയ്യപ്പന്റേയും കല്ല്യാണിയുടേയും മകളായി ജനിച്ചു. ബിഎ കഴിഞ്ഞ് ബിഎല്ലിനു പഠിക്കുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകയായി. ഓള്‍ കേരള സ്റ്റുഡന്റ്‌സ് യൂണിയന്‍ രൂപീകരിച്ച് അതിന്റെ നേതൃനിരയിലെത്തി. 1948 ല്‍ വിനോബയുടെ ആശ്രമത്തിലെത്തി സര്‍വോദയയില്‍ അംഗമായി. 1954ല്‍ മലയടിയിലെ വിനോബാനികേതന്‍ ആശ്രമം സ്ഥാപിച്ചു. വനവാസി പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍, കേരളത്തിലെ ആദ്യ അങ്കണവാടി അധ്യാപിക പരിശീലന കേന്ദ്രം, ഗ്രാമ സേവിക പരിശീലന കേന്ദ്രം, അനാഥ കുട്ടികളെ പാര്‍പ്പിക്കാനുള്ള വിശ്വമന്ദിര്‍, ബേബി ക്രെഷെസ്, നഴ്‌സറി, അപ്പര്‍ െ്രെപമറി സ്‌കൂള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയും എ.കെ. രാജമ്മ ആശ്രമത്തില്‍ ആരംഭിച്ചു.
ഗാന്ധിജിയെ നേരില്‍ കാണുകയും പിന്നീട് ഗാന്ധി മാര്‍ഗത്തിലേക്ക് തിരിയുകയും ചെയ്യുകയായിരുന്നു രാജമ്മ. ഭൗതികശരീരം ഇന്നലെ നിംസ് മെഡിസിറ്റിയിലും തൈക്കാട് ഗാന്ധിഭവനിലും പൊതുദര്‍ശനത്തിനുവച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10ന് വിനോബാനികേതന്‍ ആശ്രമ വളപ്പില്‍ നടക്കും. ബിജെപി ദേശീയ സമിതി അംഗം കുമ്മനം രാജശേഖരന്‍, അഡ്വ.ജി.സ്റ്റീഫന്‍ എംഎല്‍എ, തൊളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ജെ.സുരേഷ്, വാര്‍ഡ് മെമ്പര്‍മാരായ തച്ചന്‍കോട് വേണുഗോപാല്‍, ലിജു, ബിനിതാ മോള്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
Discussion about this post