തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറുന്നു. നേമം റെയിൽവേ സ്റ്റേഷന്റെ പേര് വൈകാതെ തിരുവനന്തപുരം സൗത്ത് എന്നാകും. കൊച്ചുവേളി തിരുവനന്തപുരം നോർത്തും. തിരുവനന്തപുരം കേന്ദ്രീകരിച്ച് റെയിൽവേ വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം.
നേമം, കൊച്ചുവേളി സ്റ്റേഷനുകളെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപഗ്രഹ ടെർമിലിനലുകളായി വികസിപ്പിക്കും. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ചു സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് ഉപഗ്രഹ ടെർമിനലുകൾ വികസിപ്പിക്കാൻ തീരുമാനമായത്.
സ്റ്റേഷനുകളുടെ പേരു മാറ്റുന്നതിന് സംസ്ഥാന സർക്കാർ എതിർപ്പില്ലെന്ന് അറിയിച്ചു. ഇതു സംബന്ധിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മാനേജർ ഈ മാസം ഒന്നിന് സംസ്ഥാനത്തിനു കത്ത് നൽകിയിരുന്നു. ഈ ആവശ്യം സംസ്ഥാനം അംഗീകരിക്കുന്നെന്ന് കാട്ടി ഗാതഗത വകുപ്പ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശനിയാഴ്ച കത്തയച്ചു.
നേമത്ത് നിന്നും കൊച്ചുവേളിയിൽ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് 9 കിലോമീറ്റർ ദൂരമാണ് ഉള്ളത്. ഉത്തരേന്ത്യയിൽ നിന്നുമുൾപ്പെടെയുള്ള നിരവധി യാത്രക്കാർ പലപ്പോഴും തിരുവനന്തപുരത്തേക്ക് ടിക്കറ്റ് കിട്ടാതെ വരുമ്പോൾ യാത്ര റദ്ദാക്കുകയാണ് പതിവ്. കൊച്ചുവേളി, നേമം എന്നീ റെയിൽവേ സ്റ്റേഷനെ കുറിച്ചുള്ള അറിവില്ലായ്മയാണ് അതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ തിരുവനന്തപുരം നോർത്ത്, സൗത്ത് എന്നിങ്ങനെ പേര് മാറ്റുമ്പോൾ ടിക്കറ്റ് ബുക്കിങ്ങിനുള്ള സാധ്യത വർദ്ധിക്കും.
Discussion about this post