കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം പൊറുക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പാലക്കാട് ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അഭിഭാഷകനെ അസഭ്യം പറഞ്ഞ സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഉത്തരവ്.
പൗരന്മാരോട് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഉചിതമായ പെരുമാറ്റം ഉറപ്പാക്കുന്നതിന് ജനുവരി 30ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായി സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദര്‍വേഷ് സാഹിബ് കോടതിയെ അറിയിച്ചു. സര്‍ക്കുലറിന്റെ ഉള്ളടക്കം വാക്കുകളില്‍ ഒതുക്കില്ലെന്ന് ഉറപ്പുണ്ടെന്നും ഓരോ ഉദ്യോഗസ്ഥനും ജനങ്ങളോട് ഉത്തരവാദിത്തമുണ്ടെന്നും അറിയിക്കുകയാണ് കോടതി ചെയ്യുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
ജോലിഭാരവും മാനസിക സമ്മര്‍ദ്ദങ്ങളുമാണ് ജനങ്ങളോട് മോശമായി പെരുമാറുന്നതിന് കാരണമെന്ന് ഡിജിപി പറഞ്ഞൂ. എന്നാല്‍ ഇതംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മാനസിക പിരിമുറക്കം മോശം പെരുമാറ്റത്തിനുള്ള ലൈസന്‍സായി കാണാനാവില്ല. 1965 മുതല്‍ പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് പത്ത് സര്‍ക്കുലറുകളെങ്കിലും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നിട്ടും അനിഷ്ട സംഭവങ്ങള്‍ നടക്കുന്നു. സര്‍ക്കുലറുകള്‍ ഉദ്യോഗസ്ഥര്‍ ഗൗരവമായി എടുത്തില്ലെന്നതാണ് ഇതില്‍ നിന്ന് മനസിലാവുന്നത്, കോടതി പറഞ്ഞൂ.
Discussion about this post