കോഴിക്കോട്: ‘മോദിയുടെ ഗ്യാരന്റി’ എന്നത് കേരളത്തിനുവേണ്ടി കൂടിയുള്ള ഗ്യാരന്റി ആണെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എനിക്ക് ‘ഹീറോ’ ആണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ ‘എവേക് യൂത്ത് ഫോര്‍ നേഷന്‍’ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
‘ഷബാനു കേസില്‍ മുത്തലാഖ് നിര്‍ത്തലാക്കണം എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യം. ആ കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജീവ് ഗാന്ധി സര്‍ക്കാരില്‍ നിന്ന് രാജിവെച്ചത്. ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ ഞാന്‍ കോളജ് വിദ്യാര്‍ഥിയായിരുന്നു. ഇന്ന് മുത്തലാഖ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ച സഭയില്‍ അംഗമാകാന്‍ എനിക്ക് സാധിച്ചു’, മീനാക്ഷി ലേഖി പറഞ്ഞു.
രാജ്യത്തിന്റെ 65 % ജനസംഖ്യ 35 വയസ്സിൽ താഴെയുള്ളവരാണ്. 2047 ആകുമ്പോള്‍ ഇന്ത്യ വികസിത രാജ്യമാകണം എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം. നിങ്ങളാണ് 2047-നെ നയിക്കേണ്ടവര്‍. നിങ്ങൾ ഇന്നു കാണുന്ന സ്വപ്നമാണ് നാളെ നടപ്പാകാൻ പോകുന്നത്. ‘2047-ലെ വികസിത ഇന്ത്യയില്‍ ഞാന്‍ ജീവനോടെ ഉണ്ടാവുമോ എന്നറിയില്ല. അന്ന് നിങ്ങളിലാരെങ്കിലും ആയിരിക്കും എന്റെ സ്ഥാനത്ത് നില്‍ക്കുക’മീനാക്ഷി ലേഖി പറഞ്ഞു.
മോദിയുടെ ഗ്യാരന്റി എന്നത് കേരളത്തിന് വേണ്ടി കൂടിയുള്ള ഗ്യാരന്റി ആണ്’, മീനാക്ഷി ലേഖി പറഞ്ഞു. ലക്ഷ്യ ബോധമുള്ളതുകൊണ്ടാണ് മോദി സർക്കാർ പല പദ്ധതികളും പൂർത്തിയാക്കിയത്. 140 കോടി ജനങ്ങളിൽ 11 കോടി കോടി പേർക്ക് മാത്രാണ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നത്. മോദി സർക്കാർ വന്ന ശേഷം നാലുമാസം കൊണ്ട് 52 കോടി ആയി. അഴിമതി ഇല്ലാതാക്കാനും സ്കോളർഷിപ്പുകൾ ഉൾപ്പെടെ നേരിട്ട് അക്കൗണ്ടിലേക്ക് എത്തിക്കുന്നതിനുമായിരുന്നു ഇത്.
വിഴിഞ്ഞം തുറമുഖം ഒരു നാഴികക്കല്ലാണെന്നും കോഴിക്കോടിന് പുതിയ തുറമുഖം ആവശ്യമാണെന്നും മനുഷ്യശേഷി മാത്രമല്ല ചരക്കും കയറ്റിയയയ്‌ക്കാന്‍ സാധിക്കണമെന്നും മീനാക്ഷി ലേഖി പറഞ്ഞു.
Discussion about this post