തൃശ്ശൂർ : വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ പൗരയായി തന്റെ വിലപ്പെട്ട വോട്ട് രേഖപ്പെടുത്താമെന്ന സന്തോഷത്തിലാണ് സറീനാ കുൽസു. വീട്ടുകാരും അയൽക്കാരുമെല്ലാം വോട്ടുചെയ്യാൻ പോകുമ്പോൾ കൂടെപ്പോകാൻ പറ്റാത്തതിലുള്ള വിഷമം ഇത്തവണ തീരുകയാണ്. ശ്രീലങ്കക്കാരിയായിരുന്ന സറീന കളക്ടർ വി.ആർ. കൃഷ്ണതേജയിൽനിന്ന് ബുധനാഴ്ചയാണ് പൗരത്വസർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.
ഇന്ത്യൻപൗരയായി അംഗീകരിക്കപ്പെട്ടശേഷം അവർ ആദ്യംപോയത് കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിലേക്കാണ്. കാലങ്ങൾ പഴക്കമുള്ളൊരു നേർച്ചയാണത്. ഇന്ത്യയിൽ താമസം തുടങ്ങിയിട്ട് 32 വർഷമായെങ്കിലും വിദേശിയായി തുടരുന്നതിലുള്ള സങ്കടവും ബുദ്ധിമുട്ടുമെല്ലാം മാറിയതിന്റെ ആശ്വാസത്തിലാണ് അവരിപ്പോൾ.
ശ്രീലങ്കയിലെ പുത്തളം ജില്ലക്കാരിയായ സറീന 18-ാം വയസ്സിൽ പിതാവിനൊപ്പമാണ് അബുദാബിയിലെത്തിയത്. അകമല ചാലിപ്പറമ്പിൽ അലിമുഹമ്മദുമായി 1990-ലായിരുന്നു വിവാഹം. രണ്ടു വർഷത്തിനു ശേഷമാണ് അകമലയിലേക്കു വന്നത്.
1997-ൽ ആദ്യമായി പൗരത്വത്തിന് അപേക്ഷ നൽകിയെങ്കിലും കിട്ടിയില്ല. ഓരോ വർഷവും പാസ്‌പോർട്ടും വിസയും പുതുക്കിയാണ് ഇവിടെത്തുടർന്നത്. ആദ്യകാലങ്ങളിലൊക്കെ കളക്ടറെയും പോലീസ് ഉദ്യോഗസ്ഥരെയും മറ്റും നേരിൽക്കണ്ടതിനുശേഷമേ പാസ്‌പോർട്ട് പുതുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. പിന്നീട് ഓൺലൈൻവഴി നേരിട്ട് പുതുക്കാനുള്ള സൗകര്യമുണ്ടായി. 2017-ലാണ് രണ്ടാമത് പൗരത്വത്തിനായി അപേക്ഷ നൽകിയത്.
മലയാളം നന്നായി എഴുതാനും വായിക്കാനും പഠിച്ച സറീന, മൂന്നു മക്കളെയും തന്റെ മാതൃഭാഷയായ തമിഴ് പഠിപ്പിച്ചിട്ടുണ്ട്. മൂത്ത മക്കളായ ഷെരീഫയും ആരിഫയും വിവാഹിതരാണ്. മകൻ മുഹമ്മദ് കൽഫാൻ വിദ്യാർഥിയും. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലെങ്കിലും ഇടയ്ക്കൊക്കെ പുത്തളത്തുപോയി ബന്ധുക്കളെ കാണാറുണ്ട്, സറീനയും കുടുംബവും.
Discussion about this post