തൃശ്ശൂര്‍: വിശ്വാസങ്ങളെ അവമതിക്കുന്നവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ട അവസ്ഥയില്‍നിന്ന് ചോദ്യം ചോദിക്കുന്ന അവസ്ഥയിലേക്ക് ഹൈന്ദവ സമൂഹം മാറണമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. മാര്‍ഗ ദര്‍ശക മണ്ഡലിന്റെ നേതൃത്വത്തിലുള്ള മഹാസംന്യാസി സമ്മേളനത്തിന്റെ ആചാര്യസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
ഹൈന്ദവ വിശ്വാസങ്ങളെ വികലമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന രാഷ്‌ട്രീയക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ഉത്തരം നല്‍കേണ്ട ബാധ്യതയിലാണ് ഇന്ന് ഹൈന്ദവ സമൂഹം.
സ്വാഭാവികമായും ഇവര്‍ ഉന്നയിക്കുന്ന വിശ്വാസ സംബന്ധമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിപ്പോകുന്ന അവസ്ഥയിലാണ് കേരളത്തിലെ ഹൈന്ദവ സമൂഹം. ഈ അവസ്ഥയെ മുതലെടുത്തുകൊണ്ടാണ് കേരളത്തില്‍ ഹൈന്ദവ സമൂഹം മതപരിവര്‍ത്തനത്തിന് ഇരയാകുന്നത്. ഒപ്പം മയക്കുമരുന്നിന്റെയും മറ്റും വ്യാപനം വലിയപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. സംഘടിതമല്ലാത്തതുകൊണ്ടാണ് കേരളത്തില്‍ ഹിന്ദു സമൂഹം വേട്ടയാടപ്പെടുന്നത്. ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ ആയിരക്കണക്കിന് കേസുകളാണ് എടുത്തത്. മറ്റു ചില സമരങ്ങളുടെ പേരിലെടുത്ത എല്ലാ കേസുകളും എഴുതിത്തള്ളിയ സര്‍ക്കാര്‍ ശബരിമല പ്രക്ഷോഭകരുടെ കേസുകള്‍ എഴുതിത്തള്ളാന്‍ തയാറായില്ല. ഗണപതി മിത്താണെന്ന് പറയുന്നവര്‍ മറ്റ് മതങ്ങളിലെ അന്ധവിശ്വാസങ്ങളെപ്പോലും ബഹുമാനിക്കുന്നതും കാണുന്നു.
കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ ഉള്ളില്‍ വിശ്വാസപരമായ സംശയങ്ങളുടെ ദൂരീകരണത്തിനും, ഹൈന്ദവ ഏകീകരണത്തിനും വേണ്ടി 14 ജില്ലകളിലും 41 ദിവസത്തെ ആചാര്യ യാത്രകള്‍ നടത്തുമെന്നും സ്വാമി പറഞ്ഞു.
ഡോ. പി.സി. മുരളീമാധവന്‍ അധ്യക്ഷനായിരുന്നു. അമൃതാനന്ദമയി മഠം വൈസ് പ്രസിഡന്റ് സ്വാമി അമൃത സ്വരൂപാനന്ദ പുരി, ചിന്മയ മിഷന്‍ സംസ്ഥാന അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ, വാഴൂര്‍ തീര്‍ത്ഥ പാദാശ്രമത്തിലെ പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി സ്വപ്രഭാനന്ദ, സ്വാമി ഗീതാനന്ദ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ, സ്വാമി വീതസംഗാനന്ദ, സ്വാമി ഡോ.ധര്‍മാനന്ദ, സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി, സ്വാമി വേദാമൃതാനന്ദപുരി തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post