തിരുവനന്തപുരം: സുഹൃത്തുക്കൾ ചേർന്ന് ദിവസങ്ങളോളം നടത്തിയ കൊടിയ പീഡനത്തിനൊടുവിൽ മരണപ്പെട്ട പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന ആവശ്യവുമായി സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ കാണാനെത്തി.
സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടതായി പറയുന്നുവെങ്കിലും ഇത് സംബന്ധിച്ച തുടർ നടപടികളൊന്നും ഉണ്ടായതായി അറിവില്ലെന്ന് സിദ്ധാർത്ഥിന്റെ പിതാവ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തി രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്‌ച്ചക്ക് ശേഷം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
അന്വേഷണം വൈകും തോറും തെളിവുകൾ നഷ്ടപ്പെടാനോ നശിപ്പിക്കപ്പെടാനോ ഉള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ലെന്ന ആശങ്കയും അദ്ദേഹം മാദ്ധ്യമങ്ങളോട് പങ്കു വച്ചു.
കേരളത്തിലെ കോളേജ് ക്യാമ്പസുകളിൽ നടക്കുന്ന ഗുണ്ട അക്രമങ്ങളടക്കമുള്ള കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
“സിദ്ധാർത്ഥിന്റെ മരണത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചതായിപ്പറയുന്ന സിബിഐ അന്വേഷണം സംബന്ധിച്ച നടപടികളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. തുടക്കത്തിൽ അന്വേഷണത്തിലുണ്ടായ അലംഭാവവും പിന്നാലെ സംഭവത്തിന് ഉത്തരവാദികളായവരെന്ന പേരിൽ സസ്പെൻറ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുത്തതുമെല്ലാം ദാരുണമായ ഈ സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു”വെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സംഭവത്തിൽ സിബിഐ അന്വേഷണം വേഗത്തിലാക്കുന്നതിനുള്ള ശ്രമങ്ങൾ തന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
” തികച്ചും ക്രൂരമായ ഈ കുറ്റകൃത്യം ചെയ്തവരെ വെറുതെ വിടുന്നത് കണ്ടു നിൽക്കില്ല . സിദ്ധാർത്ഥിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിന് ഏതറ്റം വരേയും മെന്ന് രാജീവ് ചന്ദ്രശേഖർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Discussion about this post