അടിസ്ഥാന സൗകര്യങ്ങളുടെ വികസന കുതിപ്പില്‍ അതിവേഗം മുന്നേറുകയാണ് അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം. ദേശീയപാത 66ന്റെ ഭാഗമായാണ് ആകാശപാത നിര്‍മിക്കുന്നത്. 24 മീറ്റര്‍ വീതിയിലാണ് ആകാശപ്പാത. ഈ ഭാഗത്ത് ആകെ 30 മീറ്റര്‍ വീതിയാണ് ദേശീയപാതയ്‌ക്കു ഭൂമിയിലുള്ളത്. 12.75 കിലോമീറ്റര്‍ നീളം ഉണ്ടാകും പാതയ്‌ക്ക്. രാജ്യത്തെ തന്നെ ഒറ്റത്തൂണില്‍ നിര്‍മിക്കുന്ന ഏറ്റവും നീളം കൂടിയ ആറുവരി ഉയരപ്പാതയാണ് ഇവിടെ നിര്‍മിക്കുന്നത്. ഉയരപ്പാതയ്‌ക്കായി അര ഏക്കറോളം സ്ഥലം മാത്രമാണ് ഏറ്റെടുക്കേണ്ടി വന്നത്. ആറു വരി ഉയരപാതയ്‌ക്കു പുറമേ ചേര്‍ത്തല ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് വെണ്ടുരുത്തി പാലത്തിലേക്ക് ഇറങ്ങാനായി ഒരു റാംപും നിര്‍മിക്കുന്നുണ്ട്.
1,675 കോടി രൂപയുടേതാണ് നിര്‍മാണ കരാര്‍. ഉയരപ്പാതയ്‌ക്കായി വേണ്ടത് 356 തൂണുകളാണ്. നിലവിലെ ദേശീയപാതയ്‌ക്ക് നടുവിലാണ് ഈ ഒറ്റത്തൂണുകള്‍ തയാറാക്കുന്നത്. മഹാരാഷ്‌ട്ര നാസിക്കിലെ അശോക ബില്‍ഡ്‌കോണ്‍ കമ്പനിക്കാണ് കരാര്‍. തൂണുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കോണ്‍ക്രീറ്റ് ഗര്‍ഡര്‍ സ്ഥാപിക്കുന്ന ജോലികളാണ് നിലവില്‍ നടക്കുന്നത്. അടുത്ത വര്‍ഷത്തോടെ നിര്‍മാണം പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തികള്‍ നടക്കുന്നത്. നിലവില്‍ മുപ്പത് ശതമാനത്തിലേറെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി. അഞ്ചു റീച്ചുകളിലായാണ് ഉയരപ്പാത നിര്‍മാണം പുരോഗമിക്കുന്നത്. തൂണുകളുടെ പണി കഴിഞ്ഞയിടങ്ങളില്‍ ലോഞ്ചിങ് ഗാന്‍ട്രി ഉപയോഗിച്ച് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികളാണ് നിലവില്‍ നടക്കുന്നത്.
ഉയരപ്പാത നിര്‍മാണത്തിന്റെ ഭാഗമായി നിലവിലെ പാതയ്‌ക്ക് കുറുകെയുള്ള വൈദ്യുതി കമ്പികള്‍ ഒഴിവാക്കി ഭൂമിക്ക് അടിയിലൂടെ കേബിളുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ 75 ശതമാനത്തോളം പൂര്‍ത്തിയായി. പാതയ്‌ക്കു കുറുകെ 11 കെവി ലൈന്‍ പോകുന്ന കേബിളുകള്‍ ഭൂമി തുരന്നാണ് ഇടുന്നത്. ആകാശപാത പൂര്‍ത്തിയാകുമ്പോള്‍ വൈദ്യുതക്കമ്പികള്‍ പാതയ്‌ക്കരികിലൂടെ പോകുന്നതിലെ സുരക്ഷാഭീഷണി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പാതയ്‌ക്കിരുവശവും കേബിളുകള്‍ സ്ഥാപിക്കുന്നത്. അരൂര്‍ മുതല്‍ തുറവൂര്‍ വരെ 34 ഇടങ്ങളിലാണ് പാതയ്‌ക്കു കുറുകെ ഭൂഗര്‍ഭ കേബിളുകള്‍ ഇടുന്നത്. ആകാശപാത പൂര്‍ത്തിയാകുന്നതോടെ എറണാകുളം-ആലപ്പുഴ റോഡ് യാത്രയിലെ ഗതാഗതക്കുരുക്ക് വന്‍തോതില്‍ കുറയും.
Discussion about this post