കൊച്ചി: അദ്വൈതാചാര്യന്മാരുടെ പുണ്യസ്മൃതികളുടെ നിറവിൽ എറണാകുളത്തപ്പൻ മൈതാനിയിൽ ചിന്മയ ശങ്കരം 2024-ന് തിരിതെളിഞ്ഞു. ഇനിയുള്ള നാലുനാളുകൾ ജ്ഞാനത്തിന്റെ വെളിച്ചം പകരുന്ന പ്രഭാഷണങ്ങളും ഗീതാപാരായണവും നടക്കും. സ്വാമി ചിന്മയാനന്ദന്റെ 108-ാം ജയന്തിദിനത്തിൽ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഭദ്രദീപം കൊളുത്തി ചിന്മയ ശങ്കരം ഉദ്ഘാടനം ചെയ്തു. ചിന്മയ ശങ്കരം 2024 കേരള സമൂഹത്തിൽ പുതിയൊരു ആധ്യാത്മിക പാത തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസത്തെക്കുറിച്ച് സ്വാമി ചിന്മയാനന്ദയുടെ സ്വപ്നം സാർഥകമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചിന്മയ മിഷനു കീഴിലുള്ള ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാല പ്രവർത്തിക്കുന്നതെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ചിന്മയ മിഷൻ ആഗോള അധ്യക്ഷൻ സ്വാമി സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. നൂറ്റിയെട്ട് എന്ന സംഖ്യക്ക് ഹൈന്ദവർക്കിടയിലുള്ള പവിത്രത കണക്കിലെടുത്താണ് ചിന്മയാനന്ദ സ്വാമിയുടെ 108-ാം ജന്മദിനം ഇക്കുറി വിപുലമായി ആചരിക്കാൻ തീരുമാനിച്ചതെന്ന് അധ്യക്ഷത വഹിച്ച ചിന്മയ മിഷൻ കേരള അധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു. ചടങ്ങിൽ ചിന്മയ ശങ്കരം ജനറൽ കൺവീനർ എ. ഗോപാലകൃഷ്ണൻ സ്വാഗതവും ചിന്മയ മിഷൻ കേരള ചീഫ് സേവക് സുരേഷ് മോഹൻ നന്ദിയും പറഞ്ഞു.
ബുധനാഴ്ച പുലർച്ചെ 5.30-ന് ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനിലെ ആചാര്യനായ സ്വാമി ശാരദാനന്ദ സരസ്വതിയുടെ കാർമികത്വത്തിൽ മഹാ ഗണപതിഹോമം നടന്നു. വൈകീട്ട് ചിന്മയ ശങ്കരത്തിന്റെ വിളംബരമറിയിച്ച് എറണാകുളം ജില്ലയിൽ പര്യടനം നടത്തുന്ന രഥയാത്രയ്ക്ക് പ്രധാന വേദിയിൽ ചിന്മയ മിഷൻ കേരള അധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് സ്വാമി ശാരദാനന്ദ സരസ്വതിയുടെ കാർമികത്വത്തിൽ വേദിയിൽ ഗുരുപാദുക പൂജയും ആരതിയും നടന്നു. ചിന്മയ മിഷൻ ആഗോള അധ്യക്ഷൻ സ്വാമി സ്വരൂപാനന്ദ സരസ്വതി ഗവർണർക്ക് ഉപഹാരം സമ്മാനിച്ചു. ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. അജയ് കപൂർ, സർവകലാശാല മാനേജിങ് ട്രസ്റ്റി ഡോ. അപ്പാറാവു മുക്കാമല തുടങ്ങിയവർക്കൊപ്പം ചിന്മയ മിഷനിലെ ആചാര്യന്മാരും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
ചിന്മയ ശങ്കരത്തിൽ ഇന്ന്
രാവിലെ 6.00-ന് മഹാ ഗായത്രിഹോമം.
9.30 മുതൽ 10.30 വരെ ‘ശങ്കര-ദി സ്പിരിച്വൽ ജനറൽ’ പ്രഭാഷണം: ചിന്മയ മിഷനിലെ മുതിർന്ന സ്വാമി മിത്രാനന്ദ സരസ്വതി.
11.00 മുതൽ 12.30 വരെ സന്ന്യാസി സംഗമം, യതിപൂജ. കേരളത്തിലെ വിവിധ സന്ന്യാസി പരമ്പരകളിൽപ്പെട്ട 108 സന്ന്യാസികൾ പങ്കെടുക്കും.
2.00 മുതൽ ശ്രീ ശ്രീ ശങ്കര ഭാരതി സ്വാമിയുടെ നേതൃത്വത്തിൽ സൗന്ദര്യലഹരി പാരായണം.
7.00 മുതൽ 8.00 വരെ ‘സംഭവാമി യുഗേ യുഗേ’ പ്രഭാഷണം: ചിന്മയ മിഷൻ ആഗോള അധ്യക്ഷൻ സ്വാമി സ്വരൂപാനന്ദ സരസ്വതി.
Discussion about this post