കൊച്ചി: വസ്തുതകളോട് കലഹിക്കുകയാണ് മാധ്യമങ്ങള്‍ പുതിയകാലത്ത് ചെയ്യുന്നത് കാലടി സര്‍വകലാശാലാ മുന്‍ വിസിയും പിഎസ് സി മുന്‍ ചെയര്‍മാനുമായ ഡോ.കെ.എസ്. രാധാകൃഷ്ണന്‍. തങ്ങളുടെ ആഗ്രഹങ്ങളെ വസ്തുതകളാക്കി അവതരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതുമൂലം മാധ്യമങ്ങള്‍ക്ക് അവയുടെ ഏറ്റവും വലിയ മൂലധനമായ വിശ്വാസ്യത നഷ്ടപ്പെട്ടു. മാധ്യമപ്രവര്‍ത്തനം വിവാദമല്ല സംവാദമാകണം. വിവാദമെന്നത് വാദിച്ച് ജയിക്കലാണ്. സംവാദമാകട്ടെ അറിയലും അറിയിക്കലുമാണ്. അതില്‍ വിനയമുണ്ട്. അതാണ് ഭാരത സംസ്‌കൃതി, ഡോ.കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച നാരദജയന്തി ആഘോഷത്തില്‍ വാര്‍ത്താവതരണത്തിലെ സത്യവും മിഥ്യയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു രാധാകൃഷ്ണന്‍.
ഇത് കേരളമാണെന്ന് ഊറ്റം കൊള്ളുന്നവര്‍ കേരളത്തില്‍ നടക്കുന്ന എല്ലാറ്റിന്റെയും വസ്തുതകള്‍ അവതരിപ്പിക്കുന്നില്ല. തങ്ങളാണ് കേരളത്തില്‍ നവോത്ഥാനം കൊണ്ടുവന്നതെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ കേരളനവോത്ഥാനം സൃഷ്ടിച്ചതില്‍ ഒരു രാഷ്ട്രീയക്കാരനും പങ്കില്ല. ബ്രഹ്മാനന്ദ ശിവയോഗിയും ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുദേവനും ചാവറയച്ചനും പണ്ഡിറ്റ് കറുപ്പനുമൊക്കെയടങ്ങിയ ആത്മീയാചാര്യന്മാര്‍ക്ക് നവോത്ഥാനം സൃഷ്ടിച്ചതിന്റെ അവകാശം. 1947 ന് മുമ്പ് സ്ഥാപിച്ചതാണ് കേരളത്തിലെ പ്രശസ്തമായ എല്ലാ പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളും എന്ന് മനസിലാക്കിയാല്‍ ഇവര്‍ പ്രചരിപ്പിക്കുന്നതിന്റെ വസ്തുത മനസിലാകും, കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു.
നാവടക്കൂ പണിയെടുക്കൂ എന്ന് ഇന്ദിര പറഞ്ഞപ്പോള്‍ നാവേ വേണ്ടെന്ന മട്ടില്‍ ഇഴഞ്ഞവരാണ് ഇത് കേരളമാണെന്ന് വീമ്പ് പറയുന്ന മാധ്യമങ്ങള്‍. തിരുവിതാംകൂറിലെ വിദ്യാലയങ്ങളില്‍ ഇനി മുതല്‍ ജാതിയുടെ പേരില്‍ പ്രവേശനം നിഷേധിക്കരുതെന്ന് പ്രഖ്യാപിച്ച സി. രാജഗോപാലാചാരിയെ വിമര്‍ശിക്കാന്‍ മൂന്ന് എഡിറ്റോറിയല്‍ എഴുതിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെയാണ് ഇപ്പോഴും മാധ്യമങ്ങള്‍ മാതൃകയായി ആഘോഷിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിപാടിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.ജി. ജ്യോതിര്‍ഘോഷിനെ വിശ്വസംവാദകേന്ദ്രം അദ്ധ്യക്ഷന്‍ എം. രാജശേഖരപ്പണിക്കര്‍ ആദരിച്ചു. സമൂഹത്തെ മാറ്റിച്ചിന്തിപ്പിക്കേണ്ട മാധ്യമങ്ങള്‍ സമൂഹത്തോടൊപ്പം ഒഴുകുന്ന കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികള്‍ മാധ്യമമായി മാറുന്ന കാലത്ത് മാധ്യമപ്രവര്‍ത്തനം തൊഴില്‍ എന്ന നിലയില്‍ വേറിട്ടുനില്‍ക്കേണ്ടതാണ്. വിശ്വാസ്യത നിലനിര്‍ത്താന്‍ അത് അനിവാര്യമാണ്. അന്വേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ഭാരതീയ ദര്‍ശനം. സെമിറ്റിക് മതങ്ങള്‍ പക്ഷേ വിശ്വാസത്തെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. വിമര്‍ശനാത്മക ചിന്തകളിലൂടെ മാധ്യമപ്രവര്‍ത്തനത്തെ സര്‍ഗാത്മകമാക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകനന്മയ്ക്കായി സധൈര്യം ആരുടെ മുന്നിലും സത്യത്തെ അവതരിപ്പിച്ച മഹാവ്യക്തിത്വമായിരുന്നു ദേവര്‍ഷി നാരദന്റേതെന്ന് അദ്ധ്യക്ഷഭാഷണത്തില്‍ എം. രാജശേഖരപ്പണിക്കര്‍ ചൂണ്ടിക്കാട്ടി. സംവാദത്തിന്റെ സംസ്‌കാരമാണ് ഭാരതത്തിന്റേതെന്നും ആദിശങ്കരന്റെ ജീവിതം അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post