നെയ്യാറ്റിന്‍കര:: സാധാരണ എഞ്ചിനീയറിങ് കോളജില്‍ നിന്നും ബിരുദം നേടിയ ഡോ. സോമനാഥിന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സ്ഥാനത്ത് എത്താനായെങ്കില്‍, ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമാകാന്‍ വനിതകള്‍ക്കും കഴിഞ്ഞെങ്കില്‍, ഐ.എം. വിജയനും പി.ടി. ഉഷയ്‌ക്കും മിന്നുമണിക്കുമൊക്കെ ലോകശ്രദ്ധ നേടാനായെങ്കില്‍ പുതിയ തലമുറയക്കും അതിനു കഴിയുമെന്ന് മുന്‍ ഡിജിപി ഋഷിരാജ് സിങ്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എപ്ലസ്, എവണ്‍ നേടിയവരെ അനുമോദിക്കാന്‍ ജന്മഭൂമി സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
15 വര്‍ഷം മുമ്പ് വരെ പ്ലസ്ടു കഴിയുന്നവര്‍ക്ക് ഉപരിപഠനത്തിന് കുറച്ച് മേഖലകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ട് കുട്ടികളില്‍ ഒരാളെ ഡോക്ടറും മറ്റൊരാളെ എഞ്ചിനീയറും ആക്കുന്നതായിരുന്നു കേരളത്തിലെ രീതി. അതുകൊണ്ടാണ് തിരുവനന്തപുരത്ത് 500 അധികം പരിശീലനകേന്ദ്രങ്ങള്‍ വന്നത്.
എന്നാല്‍ ഇന്ന് എംബിബിഎസോ എഞ്ചിനീയറിങോ മാത്രമല്ല മേഖലകള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, മെഷീന്‍ റണ്ണിങ്, റോബോട്ടിക്‌സ്, സൈബര്‍ സെക്യൂരിറ്റി, സിഎ, സിവില്‍ സര്‍വീസ്, കാര്‍ഷികം, ആര്‍മി, പാഷന്‍ ഡിസൈനിങ്, സ്‌പോര്‍ട്‌സ് തുടങ്ങി അമ്പതോളം മേഖലകള്‍ മുന്നിലുണ്ട്. ഏറ്റവും കൂടുതല്‍ പൈലറ്റുമാര്‍ ഇന്ത്യയിലാണെന്ന് ഓര്‍ക്കണം. കുറഞ്ഞ മാര്‍ക്ക് കിട്ടിയവര്‍ മോശക്കാരല്ല. അവര്‍ക്കും നിരവധി മേഖലകളുണ്ട്. ഇതെല്ലാം മനസ്സില്‍ വച്ച് വേണം ഉന്നത വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കാന്‍.
എ പ്ലസുകള്‍ മാത്രം പോര, പൊതുവിജ്ഞാനം കൂടി ഉണ്ടാകണം. അതിനു പത്രവായന ശീലമാക്കണം. കുട്ടികളുടെ മൊബൈല്‍ ഫോണ്‍ നിയന്ത്രിക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം നല്കി. ഒരു മണിക്കൂറില്‍ കൂടുതല്‍ കുട്ടികളെ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്. മൊബൈല്‍ഫോണ്‍ ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post