ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു സ്‌കൂളുകളില്‍ നടപ്പാക്കുന്ന പോഷകാഹാര പദ്ധതിയുടെ ഭാഗമായ മുട്ട, പാല്‍ വിതരണത്തിന് പ്രത്യേകം പണം അനുവദിക്കണമെന്ന ആവശ്യത്തിന് ഇനിയും പരിഹാരമായില്ല. കേന്ദ്രസര്‍ക്കാര്‍ ഉച്ചഭക്ഷണ പദ്ധതിക്ക് അനുവദിക്കുന്ന തുക പോലും സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്നില്ല. 150 കുട്ടികള്‍ വരെ എട്ടു രൂപ, അതിനുമേല്‍ 500 വരെ ഏഴു രൂപ, 500നു മേല്‍ കുട്ടികള്‍ക്ക് ആറ് രൂപ എന്നിങ്ങനെയാണ് ഉച്ചഭക്ഷണ പദ്ധതിക്ക് 2016ല്‍ അനുവദിച്ച നിരക്ക്.
ഇതില്‍ കേന്ദ്രവിഹിതം 60 ശതമാനവും സംസ്ഥാന വിഹിതം 40 ശതമാനവുമാണ്. കേന്ദ്രവിഹിതം കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ എട്ടു രൂപ 17 പൈസയായി വര്‍ധിപ്പിച്ചു എങ്കിലും സ്‌കൂളുകള്‍ക്ക് ഇപ്പോഴും ലഭിക്കുന്നത് 2016 ലെ നിരക്കിലാണ്. സംസ്ഥാന വിഹിതം നല്‍കുന്നില്ലെന്ന് മാത്രമല്ല, കേന്ദ്രവിഹിതം പോലും സംസ്ഥാന സര്‍ക്കാര്‍ പിടിച്ചുവെക്കുകയാണ്. കൂടാതെ, സംസ്ഥാന സര്‍ക്കാരിന്റെ പോഷകാഹാര പദ്ധതിയുടെ ഭാഗമായി ഒരു കുട്ടിക്ക് ആഴ്ചയില്‍ ഒരു മുട്ടയും രണ്ടുതവണ 150 മി.ലി. പാലും വിതരണം ചെയ്യണം.
ഇതിന് പ്രത്യേകം തുക ഇതുവരെയും അനുവദിക്കാത്തതിനാല്‍ പ്രധാനാധ്യാപകന്റെ കടഭാരം വര്‍ദ്ധിക്കും. കടം വര്‍ധിക്കുന്നതിനാല്‍ മുട്ട, പാല്‍ വിതരണത്തില്‍ കുറവ് വരുത്തിയ പ്രധാനാധ്യാപകര്‍ക്കെതിരെ തടസവാദങ്ങള്‍ ഉന്നയിച്ച് നടപടിയെടുക്കുകയും ചെയ്തു. സെക്രേട്ടറിയറ്റ് ധര്‍ണ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തിയെങ്കിലും ഫലമുണ്ടാകാത്തതിനാല്‍ പ്രധാനാധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കെപിപിഎച്ച്എ ഹൈക്കോടതിയെ സമീപിച്ചു. ഈ കേസിന്റെ വാദം ജൂണില്‍ വീണ്ടും തുടരും. പ്രധാനാധ്യാപകരെ ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണം എന്നതാണ് പ്രധാന ആവശ്യം. പദ്ധതിക്ക് ആവശ്യമായ അരി നല്‍കുന്നത് കേന്ദ്രഗവണ്‍മെന്റാണ്. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന അനീതികള്‍ക്കെതിരേ നിയമ പോരാട്ടം തുടരുമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Discussion about this post