തിരുവനന്തപുരം: പൊതുമേഖല-സ്വകാര്യ സഹകരണത്തിന്റെ ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ. കൊളംബോയിലെയും സിംഗപ്പൂരിലെയും ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങൾക്കിടയിൽ മത്സരം സൃഷ്ടിക്കാൻ വിഴിഞ്ഞത്തിന് കഴിയും. ലോകത്തെ ഏറ്റവും വലിയ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നാകാൻ ഇന്ത്യ കാത്തിരിക്കുന്ന വേളയിൽ വിഴിഞ്ഞത്തിന്റെ പ്രവർത്തനങ്ങൾ നിർണ്ണായകമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്ത് ട്രയൽ റൺ നടത്തി ഉദ്ഘാടം ചെയ്ത ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം.
മലയാളികൾ നല്ല മനസ്സുള്ളവരും ആതിഥ്യ മര്യാദയുള്ളവരുമാണ്. മലയാളികളുടെ ഊഷ്മള വരവേൽപ്പിന് നന്ദിയുണ്ടെന്നും കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. പതിറ്റാണ്ടുകളോളം മുടങ്ങിക്കിടന്നതായിരുന്നു വിഴിഞ്ഞം തുറമുഖ പദ്ധതി. അത് യാഥാർത്ഥ്യമായതിന് പിന്നിൽ നരേന്ദ്രമോദി സർക്കാരിന്റെ ദീർഘവീക്ഷണമുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
ഷിപ്പിംഗ് മന്ത്രാലയത്തിന്റെ സാഗർമാല പദ്ധതി പ്രകാരം 24,000 കോടിയിലധികം രൂപയുടെ 55 പദ്ധതികളാണ് കേരളത്തിലുള്ളത്. (രാജ്യത്തെ ലോജിസ്റ്റിക്‌സ് മേഖലയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ തുടക്കമിട്ട സംരംഭമാണ് സാഗർമാല പദ്ധതി.) ഇതിൽ 5,300 കോടിയുടെ 19 പദ്ധതികൾ ഇതിനോടകം പൂർത്തിയായി. മറ്റുള്ളവ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ലോകബാങ്കിന്റെ കണ്ടെയ്നർ പോർട്ട് പെർഫോമൻസ് സൂചികയിൽ കൊച്ചി തുറമുഖവുമുണ്ട്. ലോകത്തെ ഏറ്റവും മികച്ച നൂറ് തുറമുഖങ്ങളിൽ സ്ഥാനം പിടിച്ച ഒമ്പത് ഇന്ത്യൻ തുറമുഖങ്ങളിലൊന്നാണ് കൊച്ചിൻ പോർട്ട് അതോറിറ്റിയെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post