കൊച്ചി: മനുഷ്യനും മരങ്ങള്‍ക്കും വേണ്ടി കവിതയെഴുതിയ കവി സുഗതകുമാരി ടീച്ചറുടെ സ്മരണയില്‍ കൊച്ചി കായലോരം. ഒരു തൈനടാം അമ്മയ്‌ക്കുവേണ്ടിയെന്ന് എഴുതിയ കവി പ്രകൃതി സ്‌നേഹത്തെക്കുറിച്ച് അറിഞ്ഞ് വിദ്യാര്‍ത്ഥികള്‍. സുഗതകുമാരി ടീച്ചറുടെ നവതി ആഘോഷങ്ങളോട് അനുബന്ധിച്ച് കൊച്ചി വാട്ടര്‍ മെട്രോയും നവതി ആഘോഷ സമിതിയും തെരഞ്ഞെടുത്ത 90 വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഇന്നലെ സംഘടിപ്പിച്ച സുഗത നവതിയാനം ജല യാത്രയായിരുന്നു കവിയുടെ സ്മൃതികളാല്‍ നിറഞ്ഞത്. സുഗത നവതിയാനം ജല യാത്ര ജോയിന്റ് ഇന്‍കം ടാക്‌സ് കമ്മീഷണര്‍ ജ്യോതിഷ് മോഹന്‍ ഉദ്ഘാടനം ചെയ്തു.
സുഗതകുമാരിയുടെ പാവം മാനവ ഹൃദയം കവിത പാടിയായിരുന്നു ജലയാന യാത്രക്ക് തുടക്കം. കൃഷ്ണാ നീയെന്നെയറിയില്ല എന്ന കവിത ജയരാജ് വാര്യര്‍ ചൊല്ലിയപ്പോള്‍ ഒപ്പം ചേര്‍ന്നു കുട്ടികളും. തുടര്‍ന്ന് അഭിനയവും താളവും പാട്ടുമൊക്കെയായി ജയരാജ് തന്റെ പതിവ് ശൈലിയിലേക്ക്.
കാവാലം നാരായണപണിക്കരുടെ മുക്കൂറ്റി തിരുതാളി… അന്തരിച്ച നടന്‍ നെടുമുടി വേണുവിന്റെ ശബ്ദത്തില്‍ ജയരാജ് വാര്യര്‍ പാടിയപ്പോള്‍ കൈയടിച്ച് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. കവിതകളിലെ പൂക്കളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭൂരിഭാഗവും അതൊന്നും കണ്ടിട്ട് പോലുമില്ല. പ്രകൃതി ചൂഷണത്തിന്റെ ഉത്തമ ഉദാഹരണത്തിനു വേണ്ടിയായിരുന്നു മുക്കൂറ്റിയെയും തെച്ചിയെയുമൊക്കെ അവതരിപ്പിച്ചത്. സുഗതകുമാരി ടീച്ചര്‍ കവിതകളിലൂടെ നമ്മോട് പറഞ്ഞതും ഇതായിരുന്നുവെന്ന് ജയരാജ് വാര്യര്‍ പറഞ്ഞു.സുഗതകുമാരിയുടെ പ്രശസ്ത കവിത ‘ഒരു തൈ നടാം’ യാനത്തിലുണ്ടായിരുന്ന എല്ലാവരും ഒരുമിച്ച് ചൊല്ലി തീര്‍ന്നപ്പോള്‍ സുഗത നവതിയാനം കരയ്‌ക്കടുത്തു. തുടര്‍ന്ന് കവിതയെ അനുസ്മരിച്ച് ജയരാജ് വാര്യര്‍ മന്ദാരം തൈ ചെടിച്ചട്ടിയില്‍ നട്ടതോടെ സുഗത നവതിയാനത്തിന് സമാപനം.
Discussion about this post