മലപ്പുറം: മലപ്പുറത്തിന് വേണ്ടത് മതഫത്വയല്ലെന്നും മന സംസ്ക്കാരമാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഹരിദാസ് പറഞ്ഞു. ചേളാരിയിൽ തേഞ്ഞിപ്പലം ഖണ്ഡിൻ്റെ വിജയദശമി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ എസ് എസ് വ്യക്തികളിൽ മന:സംസ്ക്കാരം വളർത്തുന്ന പ്രസ്ഥാനമാണ്. ഒരു നൂറ്റാണ്ടായി തുടരുന്ന നിരന്തരമായ തപസ്സ്. ഫത്വയിലൂടെയോ നിയമത്തിലൂടെയോ അല്ല വ്യക്തി സംസ്ക്കരണം നടക്കേണ്ടത്. മനസ്സിലും ഹൃദയത്തിലുമാണ്. അനാവശ്യമായി ആർ എസ് എസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നവരുടെ ലക്ഷ്യം വേറെയാണ്. ബുദ്ധിയും വിവരവും വിവേകവും വിദ്യാഭ്യാസവും ഉള്ളവർ ആർ എസ് എസിനെ പഠിക്കാൻ തയ്യാറാവണം.
മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെയും, ഭക്തകവി പൂന്താനത്തിൻ്റെയും, മേല്പത്തൂരിൻ്റെയും മണ്ണാണ് മലപ്പുറം. കേരള ഗാന്ധി തളിക്ഷേത്രപുനരുദ്ധാരകൻ കേളപ്പജി അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ് . ഇത് മാമാങ്ക ഭൂമിയാണ്. പറയിപ്പെറ്റ പന്തിരുകുലത്തിൻ്റെ മഹിമകൾ ഉറങ്ങുന്ന മണ്ണ്. ഭാരതപുഴയുടെ തീരത്ത് ഉരുത്തിരിഞ്ഞ സാംസ്ക്കാരിക ധാരയെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയ ചില മത ശക്തികളാണ് മലപ്പുറത്തിൻ്റെ ശത്രുക്കൾ. മനപരിവർത്തനമുണ്ടായി ഹിന്ദു ധർമ്മം സ്വീകരിച്ച രാമസിംഹനെ ഇസ്ലാമിക ഭീകരർ കൊന്നൊടുക്കിയതിനെതിരായും, 1921 ൽ ഹിന്ദുവിൻ്റെ മണ്ണിനും മാനത്തിനും വില പറഞ്ഞ മാപ്പിള കലാപത്തിനെതിരായും പടനയിച്ച പിൻമുറക്കാർ ജീവിക്കുന്ന ഭൂമിയാണ് മലപ്പുറം. ദേശീയതയുടേയും സംസ്ക്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും പൈതൃക ഭൂമി.
മതത്തിൻ്റെ പേരിൽ ഫത്വ വേണമെന്ന് ചില നേതാക്കൾക്ക് പറയേണ്ട സാഹചര്യം ഉണ്ടായി എങ്കിൽ അതിൻ്റെ ഉത്തരവാദികൾ രാഷ്ട്രീയക്കാരാണ്. മത പ്രീണനത്തിനായി മലപ്പുറം ജില്ല തന്നെ അനുവദിച്ചവർക്കും മതത്തിൻ്റെ പേരിലുള്ള രാഷ്ട്രീയത്തെ വളർത്തിയവർക്കും, ഇതിനെ പിന്തുണച്ചവർക്കും ഒഴിഞ്ഞുമാറാനാകില്ല. രാഷ്ട്ര വിരുദ്ധരുടെയും, കള്ളക്കടത്തിൻ്റേയും, മാഫിയ പ്രവർത്തനത്തിൻ്റേയും നാടാക്കി മലപ്പുറത്തെ മാറ്റിയവർ മറുപടി പറയണം. മലപ്പുറം ഒരു മതത്തിനും അടിയറ വക്കാനുള്ളതല്ലെന്നും ആസേതുഹിമാചലമുള്ള മാതൃഭൂമിയുടെ മഹത്തരമാർന്ന ഭൂമിയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
Discussion about this post