തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന സിപിഎം നേതാവ് പി.പി. ദിവ്യ കരിക്കുലം കമ്മിറ്റിയില്‍ തുടരുന്നത് പൊതുവിദ്യാഭ്യാസ മേഖലയ്ക്കാകെ നാണക്കേടാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു).
വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സമിതിയാണ് കരിക്കുലം കമ്മിറ്റി. വിദഗ്ധര്‍ തയാറാക്കുന്ന, പാഠപുസ്തകങ്ങളുടെ കരടിന് അംഗീകാരം നല്‍കുന്നതടക്കം പ്രധാന ചുമതലകളുള്ള ഇത്തരം ഒരു സമിതിയില്‍ ദിവ്യയെപ്പോലൊരു ക്രിമിനല്‍ കുറ്റാരോപിത അംഗമായിരിക്കാന്‍ പാടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചയുടന്‍ കരിക്കുലം കമ്മിറ്റിയില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് ദിവ്യയെ പുറത്താക്കേണ്ടതായിരുന്നു.
നവീന്‍ ബാബുവിന്റെ മരണശേഷം ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ദിവ്യക്കെതിരെ പോലീസ് ചുമത്തിയതെങ്കില്‍ ഇപ്പോള്‍ സംഗതികള്‍ അടിമുടി ദുരൂഹതയേറിയിരിക്കുകയാണ്. എന്നിട്ടും സര്‍ക്കാരും പാര്‍ട്ടിയും അവരെ സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കുട പിടിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്യുന്നതെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Discussion about this post