കൊച്ചി : ലോകത്ത് സമാധാനവും സഹവർത്തിത്വവും പുലരണമെങ്കിൽ സുശക്തമായ ഭാരതം ആവശ്യമാണെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ . നന്ദകുമാർ. ഭാരതം ലോകത്തിനു സമർപ്പിക്കുന്നത് മഹത്തായ ഒരു ദർശനമാണ്. അടിച്ചമർത്തുന്ന ആശയങ്ങളല്ല യഥാർത്ഥ സ്വാതന്ത്ര്യമെന്ന ആദർശമാണ് ഹിന്ദുത്വത്തിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഗ്രാൻഡ് നറേറ്റീവ് ഫോർ എ ഗ്രേറ്റർ ഭാരത് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1947 ൽ നമുക്ക് ലഭിച്ചത് രാഷ്ട്രീയമായ സ്വാതന്ത്ര്യമാണ്. ബൗദ്ധികമായി പൂർണസ്വാതന്ത്യ്ുത്തിലേക്ക് നാം നീങ്ങുന്നതേയുള്ളൂ. സാംസ്കാരികമായ അധിനിവേശങ്ങളേയും രാജ്യത്തെ ശിഥിലമാക്കുന്ന ആഖ്യാനങ്ങളേയും ചെറുത്ത് തോൽപ്പിച്ചാൽ മാത്രമേ അത് സാദ്ധ്യമാവുകയുള്ളൂ. അഖണ്ഡഭാരതമെന്ന സങ്കൽപ്പം വെറും സ്വപ്നമല്ല അത് യാഥാർത്ഥ്യമാവുക തന്നെ ചെയ്യും. ഒരുകാലത്ത് നടക്കില്ല എന്ന് നമ്മൾ കരുതിയിരുന്ന പലതും ഇന്ന് യാഥാർത്ഥ്യമായി. ആർട്ടിക്കിൾ 370 അതിന്റെ ഒരുദാഹരണം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യ ലബ്ധിക്ക് മുന്നേ ദേശീയ സ്വത്വത്തിൽ ഊന്നിയായിരുന്നു സമരസേനാനികൾ പ്രവർത്തിച്ചിരുന്നത്. എന്നാ സ്വാതന്ത്ര്യത്തിനു ശേഷം അധികാരം കയ്യാളിയവർ ആ സ്വത്വബോധം ഇല്ലായ്മ ചെയ്യാനാണ് ശ്രമിച്ചത്. നെഹ്രുയെന്ന വ്യക്തിയെയല്ല അദ്ദേഹമുൾപ്പെടുന്ന ചിന്താ പദ്ധതിയാണ് ഇതിനു കാരണം. നെഹ്രു പൂർണമായും ഒരു കമ്യൂണിസ്റ്റ് തന്നെയായിരുന്നു. ഭാരതീയതയെ അവഗണിക്കാനാണ് അദ്ദേഹവും ഭരണകൂടവും ശ്രമിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതമെന്ന രാഷ്ട്രം ഉണ്ടായിരുന്നില്ലെന്നും അതൊരു വെറും ഭൂവിഭാഗം മാത്രമായിരുന്നെന്നുമാണ് ബ്രിട്ടീഷുകാരും അവരുടെ ആശയം പിന്തുടർന്നവരും ആവർത്തിച്ചിരുന്നത്. ഭാരതമെന്ന രാഷ്ട്രത്തെ കട്ടിംഗ് സൗത്ത് എന്ന നറേറ്റീവിലൂടെ നശിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. സാംസ്കാാരികമായി നാമൊന്നാണെന്ന് ശ്രീശങ്കരൻ നമുക്ക് കാണിച്ചു തന്നു. രാഷ്ട്രത്തിന്റെ നാലു കോണുകളിലായി മഠങ്ങൾ സ്ഥാപിച്ചുകൊണ്ടാണ് ഭാരതം ഒന്നാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
ബംഗ്ലാദേശിൽ ഭാരതത്തിന് അനുകൂലമായി ഒരു വികാരം ഉയർന്നപ്പോഴാണ് ശത്രു രാജ്യങ്ങളും മതതീവ്രവാദ സംഘങ്ങളും അവിടെ ഇടപെട്ടതും കലാപമുണ്ടാക്കിയതും. എന്നാൽ ഈ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാൻ വംഗനാടിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post