കൊച്ചി: ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനത്തിന് ഒക്‌ടോബര്‍ രണ്ടിന് വിജയദശമിയില്‍ തുടക്കമാകുമെന്ന് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, ദക്ഷിണകേരള പ്രാന്തസഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
1925 വിജയദശമി ദിവസം സ്ഥാപിതമായ ആര്‍എസ്എസ് നൂറ് വര്‍ഷം പിന്നിടുകയാണ്. സംഘത്തിന്റെ ശതാബ്ദി കാര്യക്രമങ്ങള്‍ക്ക് 21 മുതല്‍ 23 വരെ കര്‍ണാടകയിലെ ചെന്നനഹള്ളി ജനസേവാ വിദ്യാകേന്ദ്രത്തില്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയില്‍ അന്തിമരൂപമായി. ഇത് അനുസരിച്ച് ഈ വിജയദശമി മുതല്‍ 2026 വിജയദശമി വരെ ഒരു വര്‍ഷത്തെ ശതാബ്ദി പരിപാടികളാണ് രാജ്യമൊട്ടാകെ നടക്കുന്നത്. ആറ് സവിശേഷ കാര്യക്രമങ്ങള്‍ക്കാണ് പ്രതിനിധി സഭ രൂപം നല്കിയത്.വിജയദശമിയുമായി ബന്ധപ്പെട്ട് ഖണ്ഡ്, നഗര്‍ തലത്തില്‍ പൂര്‍ണഗണവേഷധാരികളായ സ്വയംസേവകരും പൊതുസമൂഹവും അണിനിരക്കുന്ന പൊതുപരിപാടികള്‍ നടക്കും. കേരളത്തില്‍ നവംബര്‍ മുതല്‍ 2026 ജനുവരി വരെ എല്ലാ ഗ്രാമങ്ങളിലും എല്ലാ സ്ഥലങ്ങളിലും എല്ലാ വീടുകളിലും എത്തും വിധം വിപുലമായ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുക.
സമാജപരിവര്‍ത്തനം ലക്ഷ്യം വച്ച് സംഘം മുന്നോട്ടുവച്ച പഞ്ചപരിവര്‍ത്തനം (കുടുംബമൂല്യങ്ങളുടെ സംരക്ഷണം, സാമാജിക സമരസത, പരിസ്ഥിതി സംരക്ഷണം, സ്വ, പൗരബോധം) എന്ന ആശയം എല്ലാവരിലും എത്തിക്കുകയാണ് സമ്പര്‍ക്കത്തിലൂടെ ലക്ഷ്യമിടുന്നത്.മണ്ഡല്‍ കേന്ദ്രങ്ങളിലും പ്രാദേശികമായും വിപുലമായ ഹിന്ദു സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ഒരു തരത്തിലുമുള്ള വിവേചനങ്ങളില്ലാത്ത, ഒരുമയും സൗഹൃദവും നിറഞ്ഞ സാമൂഹിക ജീവിതമെന്ന സമരസതയുടെ സന്ദേശം ഈ സമ്മേളനങ്ങളിലുയരും. ഖണ്ഡ് (താലൂക്ക്), നഗര കേന്ദ്രങ്ങളില്‍ സാമാജിക സദ്ഭാവനാ സമ്മേളനങ്ങള്‍ നടക്കും. ദേശീയ വിഷയങ്ങളില്‍ സമൂഹത്തിന് ശരിയായ ആശയങ്ങള്‍ പകരാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് വിചാര സഭകള്‍ നടത്തും. പതിനഞ്ചിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കായി പ്രാദേശികതലത്തില്‍ വ്യത്യസ്ത പരിപാടികള്‍ ആസൂത്രണം ചെയ്യും. രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, സേവനം, പഞ്ചപരിവര്‍ത്തനം എന്നിവയിലേക്ക് യുവാക്കളെ നയിക്കുന്നതിന് ഉതകുന്നതാകും ഇത്തരം സമ്മേളനങ്ങള്‍.
രാജ്യത്തൊട്ടാകെ ആര്‍എസ്എസ് ശാഖകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്ന് പ്രതിനിധിസഭയുടെ തുടക്കത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 51570 സ്ഥലങ്ങളിലായി 83129 ശാഖകളാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 73646 ആയിരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ നടക്കുന്ന മിലനുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4430 കൂടി 32147 ആയി. മാസത്തില്‍ ഒരിക്കല്‍ ചേരുന്ന മണ്ഡലികളുടെ എണ്ണം 12091 ആണ്. ഇങ്ങനെ നിലവില്‍ രാജ്യത്തൊട്ടാകെ 127367 പ്രവര്‍ത്തനമാണ് നടക്കുന്നത്.
കേരളത്തിലും ഇക്കാര്യത്തില്‍ കാര്യമായ വര്‍ധനയുണ്ട്. 6031 സ്ഥലങ്ങളില്‍ പ്രവര്‍ത്തനമുണ്ട്. പ്രവര്‍ത്തനവികാസം പരിഗണിച്ച് കഴിഞ്ഞ വര്‍ഷം മുതല്‍ ഉത്തരകേരളം, ദക്ഷിണ കേരളം എന്നിങ്ങനെ രണ്ട് പ്രാന്തങ്ങളായാണ് സംസ്ഥാനത്തെ സംഘപ്രവര്‍ത്തനം നടക്കുന്നത്. ജോയിന്‍ ആര്‍എസ്എസ് വഴി സംഘത്തില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. പ്രമുഖ വ്യക്തികളുമായി സമ്പര്‍ക്കം, ചായ്‌പേ ചര്‍ച്ച, പുസ്തകചര്‍ച്ചകള്‍, ഫിലിം സൊസൈറ്റികള്‍, സേവാഭാരതി, സക്ഷമ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനം, മഹിളാ സമന്വയപ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണം, ജൈവകൃഷി, ഗ്രാമവികാസ പ്രവര്‍ത്തനം എന്നിങ്ങനെ മാതൃകാപരമായ ഒട്ടനവധി സംരംഭങ്ങളിലൂടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും സംഘത്തിന്റെ ആശയം എത്തിക്കുന്നതിന് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനത്തിനായിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു.
എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ദക്ഷിണ കേരള പ്രാന്ത പ്രചാര്‍ പ്രമുഖ് എം. ഗണേശനും പങ്കെടുത്തു.
Discussion about this post