കൊല്ലം: വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളും അനാവശ്യങ്ങളും മാത്രം നിരന്തരം കാണപ്പെടുന്നതോടെ സാമൂഹ്യമാധ്യമങ്ങളോട് ജനങ്ങള്‍ക്ക് മടുപ്പായെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ. വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച നാരദ ജയന്തിയും കെ.ജി. ശങ്കര്‍ സ്മാരക പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍ക്കും ആര്‍ക്കെതിരെയും എന്ത് തോന്നിവാസവും എഴുതിവിടാവുന്നതും സംഘടിതമാണെങ്കില്‍ എത്ര നീചമായ കാമ്പയിന്‍ നടത്താനും സാധിക്കുന്ന ഒന്നായി സമൂഹമാധ്യമങ്ങള്‍ മാറി. ഇത് വളരെയധികം സാമൂഹ്യപ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. ഇതിന് പ്രതിവിധിയെന്നാല്‍ അത് പത്രമാധ്യമങ്ങളും അവയുടെ വിശ്വാസ്യതയുമാണ്. സമൂഹമാധ്യമങ്ങളുടെയുള്ള ആക്രമണം തനിക്കുനേരെയും നിരവധി തവണ ഉണ്ടായെന്നും സത്യം താന്‍ നേരിട്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടും തിരുത്താനുള്ള മര്യാദ കാണിച്ചിട്ടില്ലെന്നും ആദിത്യവര്‍മ ചൂണ്ടിക്കാട്ടി.
ആര്‍എസ്എസ് ദക്ഷിണ പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മാധ്യമങ്ങള്‍ രാഷ്ട്രത്തിനൊപ്പം നിലകൊള്ളണമെന്നും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഉണിച്ചക്കം വീട്ടില്‍ കെ.ജി. ശങ്കര്‍ സ്മാരക പ്രഥമ മാധ്യമ പുരസ്‌കാരം മാതൃഭൂമി കൊല്ലം ബ്യൂറോ ചീഫ് ജി. സജിത്കുമാര്‍ ഏറ്റുവാങ്ങി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സി. വിമല്‍കുമാറിനെയും ആദരിച്ചു. പന്തളം കൊട്ടാരത്തിലെ ആര്‍. പ്രദീപ്കുമാര്‍വര്‍മ അധ്യക്ഷനായി. പ്രൊഫ. സി. ശശിധരക്കുറുപ്പ് കെ.ജി. ശങ്കര്‍ അനുസ്മരണപ്രഭാഷണം നിര്‍വഹിച്ചു.
പുരസ്‌കാര ജേതാക്കളെ അഡ്വ. കല്ലൂര്‍ കൈലാസ് നാഥ് പരിചയപ്പെടുത്തി. കൊല്ലം മഹാനഗര്‍ പ്രചാര്‍പ്രമുഖ് ഓലയില്‍ ഗോപന്‍, അഡ്വ.ആര്‍. ശ്രീരാജ് മുണ്ടയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.




Discussion about this post