ചെറായി: യോഗ പഠിച്ചാൽ മനസും ശരീരവും ഒരുമിച്ച് പ്രവർത്തിക്കുമെന്ന തിരിച്ചറിവിൽ നൂറ്റഞ്ചാം വയസിലും യോഗ ഗുരുവായി തിളങ്ങി ഉപേന്ദ്രനാശാൻ. ചെറായി മാടവന ഉപേന്ദ്രൻ 1957 മുതൽ തുടങ്ങിയ യോഗ ഇന്നും മുടങ്ങാതെ തുടരുന്നു.
വെജിറ്റേറിയനായ ഉപേന്ദ്രൻ ചെരുപ്പിടാറില്ല. 12-ാം വയസിൽ തുടങ്ങിയ മരപ്പണി ഇന്നും തൊഴിലാണ്. ചെറുപ്പക്കാരെ പോലും കടത്തിവെട്ടുന്ന ശാരീരിക മെയ്‌വഴക്കമുള്ള ഇദ്ദേഹത്തെ കുടുംബക്കാരും നാട്ടുകാരും ഏറെ ആരാധനയോടെയാണ് കാണുന്നത്. യോഗയെപ്പറ്റി പറയുമ്പോൾ സന്തോഷംകൊണ്ട് ആയിരം നാവാണ്. യോഗ അഭ്യസിച്ചാൽ എല്ലാവരും സന്യസിക്കാൻ പോകുമെന്ന തെറ്റിദ്ധാരണ നാട്ടിലുണ്ടെന്ന് ഉപേന്ദ്രനാശാൻ പറയുന്നു. ചെറുപ്പത്തിൽ തെരുവുകളിൽ സർക്കസ് കണ്ടുള്ള പ്രചോദനമാണ് യോഗയിലെത്തിച്ചത്. കായികമായി ശാരീരിക ബലമുണ്ടാകുമെന്ന തോന്നൽ അന്ന് യോഗയിലേക്ക് അടുപ്പിക്കുകയായിരുന്നു. പറവൂർത്തറ വട്ടത്തറ ചന്ദ്രനായിരുന്നു ഗുരു. അക്കാലത്ത് നമ്പൂതിരി, നായർ തറവാടുകളിൽ മാത്രമുണ്ടായിരുന്ന യോഗ സ്വായത്തമാക്കി പിന്നീട് അനേകർക്ക് പകർന്നു നല്കാനായെന്നും ഉപേന്ദ്രൻ തുടർന്നു.
നാടിന്റെ എല്ലാ ഭാഗത്തും ആളുകളെ യോഗ പഠിപ്പിക്കാൻ പോയിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും വായുസഞ്ചാരം കൃത്യമായി കടന്നുചെന്നാൽ അസുഖങ്ങളോ മറ്റു പ്രയാസങ്ങളോ ഉണ്ടാകില്ല. വായുവും ശരീരവും ഒരുമിച്ചു പ്രവർത്തിക്കുന്ന പ്രക്രിയയാണ് യോഗ. എല്ലാവരും യോഗ പഠിക്കണം, പുതുതലമുറയെ യോഗയിലൂടെ രക്ഷിക്കാമെന്നും ഉപേന്ദ്രൻ പറഞ്ഞു. ഭാരതത്തിലെ ജനങ്ങളെ ആരോഗ്യപരമായി രക്ഷിക്കാൻ മരുന്നു വേണ്ട. ഈ പ്രായത്തിലും തനിക്കു രോഗങ്ങളൊന്നുമില്ല. മരുന്നുമില്ല. യോഗയും കൃത്യമായ ദിനചര്യകളുമാണ് ആരോഗ്യരഹസ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













