1975 ജൂലൈ 2, ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്, അന്നാണ് അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിച്ചത്. അടിയന്തരാവസ്ഥയില്‍ പ്രസിദ്ധീകരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്ന കേരളത്തിലെ ഒരേയൊരു പത്രമാണ് ജന്മഭൂമി. പക്ഷെ, അടിച്ചമര്‍ത്തലുകളെ ചെറുത്തുനിന്ന ജന്മഭൂമി അരനൂറ്റാണ്ട് പിന്നിടുന്നു. ആ പോരാട്ടത്തിന്റെ ഓര്‍മയില്‍ അക്കാലത്തെ ജന്മഭൂമിയുടെ മാസ്റ്റ് ഹെഡിലാണ് ഇന്നത്തെ പത്രം.
അന്നൊരു ബുധനാഴ്ചയായിരുന്നു. അര്‍ധ രാത്രിയോടെയാണ് കോഴിക്കോട് മേലേപ്പാളയത്തെ വെങ്കിടേഷ് നായിക് മോഹന്‍ദാസ് (വിഎന്‍എം) ബില്‍ഡിങ്ങിലെ ജന്മഭൂമി ഓഫീസിലേക്ക് പോലീസ് സംഘം ഇരച്ചുകയറിത്. ഓഫീസില്‍ ആരുമുണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്ന ഫയലുകളും മറ്റും വലിച്ചുവാരിയിട്ടു, ടെലിഫോണ്‍ കണക്ഷന്‍ വയര്‍ അറുത്തുമാറ്റി. അതേ സമയത്തുതന്നെ കോഴിക്കോട് അലങ്കാര്‍ ലോഡ്ജില്‍ കിടന്നുറങ്ങുകയായിരുന്ന ജന്മഭൂമി പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയെയും അറസ്റ്റ് ചെയ്തു കൊണ്ടുപോയി. ജന്മഭൂമിയുടെ തുടക്കത്തിനും വളര്‍ച്ചയ്‌ക്കും പ്രവര്‍ത്തിച്ചിരുന്ന, പിന്നീട് പത്രാധിപരായ പി. നാരായണ്‍ജിയെയും നെടുങ്ങാടിക്കൊപ്പം അലങ്കാര്‍ ലോഡ്ജില്‍ അറസ്റ്റ് ചെയ്തു. നാരായണ്‍ജി അന്ന് ജനസംഘത്തിന്റെ പ്രദേശ് സംഘടനാ കാര്യദര്‍ശിയായിരുന്നു. കാഴ്ച പരിമിതിയുള്ള വന്ദ്യവയോധികനായ പി.വി.കെ. നെടുങ്ങാടിയെ കൈകളും കണ്ണുകളും കെട്ടിയാണ് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. കണ്ണടയില്ലാതെ തനിക്ക് ഒന്നും കാണാനാകില്ലെന്നും അതുകൊണ്ട് കണ്ണു കെട്ടേണ്ടതില്ലെന്നും അദ്ദേഹം പോലീസുകാരോട് പറഞ്ഞത്രേ.
ജന്മഭൂമി സായാഹ്ന ദിനപത്രമായി പ്രസിദ്ധീകരണമാരംഭിച്ചിട്ട് അന്ന് മൂന്നു മാസമേ ആയിരുന്നുള്ളൂ. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെയും ഭാരതീയ ജനസംഘത്തിന്റെയും ആശയാദര്‍ശങ്ങളും പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കാനും ദേശീയമായ കാഴ്ചപ്പാടോടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടാണ് പത്രം ആരംഭിച്ചത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ഏഴ് ദിവസം തടസമില്ലാതെ ജന്മഭൂമി പ്രസിദ്ധീകരിച്ചു. ആ ഒരാഴ്ച, ഭാരതത്തില്‍ നടമാടിയ ക്രൂരതകളും ദേശീയ നേതാക്കളുടെ അറസ്റ്റുകളും പ്രതിഷേധങ്ങളും ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ കൃത്യമായി പ്രസിദ്ധപ്പെടുത്തിയ ഏക പത്രം ജന്മഭൂമിയാണ്. മറ്റ് പത്രങ്ങള്‍ക്കെല്ലാം വാര്‍ത്തകളുടെ കാര്യത്തില്‍ നിയന്ത്രണം പാലിക്കണമെന്ന നിര്‍ദേശം സര്‍ക്കാരില്‍ നിന്നു ലഭിച്ചതിനാല്‍ അവരാരും അടിയന്തരാവസ്ഥയെ കുറിച്ചും ദേശീയ നേതാക്കളുടെ അറസ്റ്റുകളെ കുറിച്ചുമൊന്നും വാര്‍ത്തകള്‍ നല്കിയിരുന്നില്ല. അതുകൊണ്ടുതന്നെ ആ ഒരാഴ്ച ജന്മഭൂമിയുടെ കോപ്പികള്‍ക്ക് ഡിമാന്‍ഡ് കൂടി.
Discussion about this post