കൊച്ചി: വ്യാസ പൂര്‍ണിമ ദിനത്തില്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ ഗുരുപൂര്‍ണിമ ദിനാഘോഷത്തിന്റെയും ഗുരുപൂജാ ചടങ്ങുകളുടെയും ഭാഗമായി നടത്തിയ പരിപാടികള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നടത്തിയ പ്രസ്താവന സനാതന ധര്‍മത്തിലെ ഗുരുപരമ്പരയോടും ഭാരതീയ സംസ്‌കാരത്തോടുമുള്ള അവഹേളനമാണെന്ന് വിശ്വഹിന്ദു പരിഷത്ത്.
ഗുരുപാദ പൂജ സനാതന സംസ്‌കാരത്തിന്റെ ഭാഗമാണ്. ഭാരതീയ സംസ്‌കൃതിയിലെ ഏറ്റവും ഉദാത്തമായ ഒന്നാണ് മാതാപിതാഗുരു ദൈവം എന്നത്. അത്തരം സംസ്‌കാരം പിന്തുടരുന്ന ഇവിടെ കുട്ടികള്‍ തങ്ങളുടെ ഗുരുനാഥനോടുള്ള ബഹുമാനത്തിന്റെ ഭാഗമായി പാദംതൊട്ട് നമസ്‌കരിക്കുന്നതില്‍ എന്താണ് തെറ്റെന്നും വിഎച്ച്പി നേതാക്കള്‍ ചോദിച്ചു. ഇതിനെ വിമര്‍ശിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല.
കുട്ടികള്‍ അവരുടെ ഗുരുനാഥനെ വന്ദിക്കുകയെന്നത് പരിപാവനമായിട്ടാണ് കാണേണ്ടത്. അത് നിന്ദ്യമായ ചടങ്ങായി ചിത്രീകരിക്കുന്നത് ആ സംസ്‌കാരം അനുഷ്ഠിക്കുന്നവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. മന്ത്രിയുടെ പ്രസ്താവന മതസൗഹാര്‍ദ്ദത്തെയും സമൂഹത്തിലെ ആത്മീയമൂല്യങ്ങളെയും വ്രണപ്പെടുത്തുന്നതാണ്. പ്രസ്താവന പിന്‍വലിച്ച് ഹിന്ദുസമൂഹത്തോട് മാപ്പ് പറയണമെന്നും വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Discussion about this post