കൊച്ചി: വികസിത ഭാരതം എന്നതില്‍ മുഴുവന്‍ ലോകത്തിന്റെ ഏകതയെയാണ് ഉദ്‌ഘോഷിക്കുപ്പെടുന്നതെന്നും എല്ലാറ്റിലും ഈശ്വരീയതയെ ദര്‍ശിച്ച് വിശ്വമംഗളം ആഗ്രഹിച്ചാണ് ഭാരതം എക്കാലവും പ്രവര്‍ത്തിക്കുന്നതെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ആഭിമുഖ്യത്തില്‍ ഇടപ്പള്ളി അമൃത ആശുപത്രിയിലെ അമൃതായനം ഹാളില്‍ ചേര്‍ന്ന ജ്ഞാനസഭയില്‍ വിദ്യാഭ്യാസത്തിലെ ഭാരതീയത എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന് മറ്റൊരു പരിഭാഷ ഇല്ല. ഭാരതവും ഇന്ത്യയും വേറെയാണ്. സ്വത്വത്തില്‍ നിന്നും നാം വ്യതിചലിച്ച് പോകുന്നത് ശരിയല്ല. നല്ല വ്യക്തിത്വമുള്ള ഭാരതീയനെ സൃഷ്ടിക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസത്തിലൂടെ മനുഷ്യന്റെ ജീവിതം സുസ്ഥിരമാകണം. ആരെങ്കിലും തരുന്ന ജോലി വാങ്ങുക അല്ല, സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുക എന്നതാവണം ലക്ഷ്യം. ജോലി നേടലും ശമ്പളം വാങ്ങലും മാത്രമാകരുത് ലക്ഷ്യം. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കേണ്ടതിന്റെ മഹത്വമാണ് വിദ്യാഭ്യാസം മനുഷ്യന് നല്‍കേണ്ടത്. എന്നാല്‍ കാട്ടിലെ സിംഹത്തെ നമുക്ക് പേടിയാണ്. മനുഷ്യന് ഈശ്വരനും ആകാം രാക്ഷസനും ആകാം. അയാളുടെ കര്‍മ്മമാണ് അത് നിശ്ചയിക്കുന്നത്.
വിദ്യാഭ്യാസത്തിലൂടെ മനുഷ്യന്റെ ജീവിതം സുസ്ഥിരമാകണം. ആരെങ്കിലും തരുന്ന ജോലി വാങ്ങുക അല്ല സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുക എന്നതാവണം ലക്ഷ്യം. വിദ്യാഭ്യാസം എന്നത് ജീവിതകാലം മുഴുവനുമുള്ള പഠനമാണ്. നരനില്‍ നിന്നും നാരായണനാകുക എന്ന ചിന്തയോടു കൂടിയാണ് മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നത്. അതിനായി അവന്‍ ഗൃഹസ്ഥധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നു. പ്രജ്ഞയോട് കൂടി പ്രവര്‍ത്തിക്കുന്നു. സമാജത്തെയും സേവിക്കുന്നു. ഇതിനുള്ള ആത്മവിശ്വാസം പകരുവാന്‍ വിദ്യാഭ്യാസത്തിന് സാധിക്കും. അവിടെ സ്വാര്‍ത്ഥമായ കാര്യങ്ങള്‍ക്കല്ല പ്രാധാന്യം. മനുഷ്യനിലുള്ള ദൈവികമായ ഗുണ വാസനകളെ ഉണര്‍ത്തി സമാജത്തിനും രാഷ്ട്രത്തിനും ഈ ലോകത്തിനും ഉപയുക്തമാക്കുക എന്നതാണ് വിദ്യാഭ്യാസം കൊണ്ട് സാധ്യമാകേണ്ടത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധര്‍മ്മത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുവാനാണ് ഭാരതം പറയുന്നത്. ശിബി ചക്രവര്‍ത്തിയുടെ കഥ ധര്‍മ്മ പരിപാലനത്തിന്റെ പാഠങ്ങള്‍ നമുക്ക് പകര്‍ന്നു തരുന്നു. ജഗദീഷ് ചന്ദ്രബോസും സ്വാമി വിവേകാനന്ദനും അവരുടെ വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും ആദര്‍ശങ്ങളിലൂടെയും ഭാരതത്തിന്റെ സ്വത്വമാണ് പ്രകടമാക്കിയത്. കുടുംബാന്തരീക്ഷത്തില്‍ നിന്നും കുട്ടികളിലേക്ക് സംസ്‌കാരം വിനിമയം ചെയ്യണം. ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും അത് ദൃഢമാകണം. വ്യക്തി വികാസമെന്നത് എല്ലാവരുടെ വികാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയുള്ളതാകണമെന്നും മോഹന്‍ ഭഗവത് ചൂണ്ടിക്കാട്ടി.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അധ്യക്ഷത വഹിച്ചു. ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ ജനറല്‍ സെക്രട്ടറി അതുല്‍ കോത്താരി ആമുഖ പ്രഭാഷണം നടത്തി. ജ്ഞാനസഭ സ്വാഗതസംഘം ചെയര്‍മാനും കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ചെയര്‍മാനുമായ മധു എസ്. നായര്‍, സ്വാഗതം പറഞ്ഞു. ദേശീയ അദ്ധ്യക്ഷ ഡോ. പങ്കജ് മിത്തല്‍, ദേശീയ സംയോജകന്‍ എ. വിനോദ് അമൃത വിശ്വ വിദ്യാപീഠം വൈസ് ചാന്‍സലര്‍ ഡോ. വെങ്കിട്ട് രംഗന്‍ എന്നിവര്‍ സംബന്ധിച്ചു. ഡോ. എം. മോഹന്‍ദാസ് രചിച്ച് കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിക്കുന്ന ഏകാത്മമാനവദര്‍ശന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് എന്ന പുസ്തകം ചടങ്ങില്‍ സര്‍സംഘചാലക് പ്രകാശനം ചെയ്തു. വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത ജ്ഞാന സഭയില്‍ ആയിരത്തിലധികം അദ്ധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുത്തു.
Discussion about this post