
ഡോ. അമിത ഷെറീഫ്
ഭരത്കുമാർ എന്ന എന്റെ രോഗിക്ക് ഞാൻ വിട നൽകുന്നു.. കഴിഞ്ഞ നാല് മാസക്കാലം ഡോ. പ്രസീദയോടൊപ്പം അദ്ദേഹത്തെ പരിചരിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഒരു നിയോഗമായിരുന്നു. ഈ ഹ്രസ്വകാലത്തെ പരിചയം പോലും ഒരു ഡോക്ടറെന്ന നിലയിലും, അതിലുപരി ഒരു മനുഷ്യനെന്ന നിലയിലും എന്നിൽ മായാത്ത മുദ്ര പതിപ്പിച്ചു.
ഭരത്കുമാർ അസാമാന്യമായ ആത്മബലത്തിന്റെയും ഈശ്വരവിശ്വാസത്തിന്റെയും ഉടമയായിരുന്നു. ആർഎസ്എസിന്റെ പ്രതിബദ്ധതയുള്ള പ്രവർത്തകനെന്ന നിലയിൽ, അച്ചടക്കം, ലാളിത്യം, ആഴത്തിലുള്ള ആത്മീയ ബോധം എന്നിവ ആ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രകൃതി ചികിത്സയിൽ അദ്ദേഹത്തിന് വലിയ അറിവുണ്ടായിരുന്നു. ഞാൻ അലോപ്പതി ഡോക്ടറാണെങ്കിൽ പോലും, എന്റെ ചികിത്സാ നിർദ്ദേശങ്ങളെ അദ്ദേഹം ഊഷ്മളതയോടും യുക്തിസഹമായിട്ടുള്ള ചോദ്യങ്ങളോടും ബഹുമാനത്തോടും കൂടിയാണ് സ്വീകരിച്ചിരുന്നത്. കാര്യങ്ങൾ ശാസ്ത്രീയമായി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ അദ്ദേഹം ചികിത്സ സ്വീകരിച്ചിരുന്നുള്ളൂ. ഈ സ്വഭാവം എന്നെ വല്ലാതെ ആകർഷിച്ചു.
അദ്ദേഹത്തെ കൂടുതൽ അടുത്തറിയാൻ തുടങ്ങിയപ്പോൾ, 1975-ൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കടുത്ത എതിരാളിയായിരുന്നു അദ്ദേഹമെന്ന് ഞാൻ മനസ്സിലാക്കി. ആ ഇരുണ്ട കാലഘട്ടത്തിൽ അതിക്രൂര മർദ്ദനമേറ്റ് വയറിന് സാരമായി പരിക്കേറ്റു. ഈ ആഘാതമാണ് പിന്നീട് ഗുരുതര പാൻക്രിയാസ് രോഗത്തിന് കാരണമായത്. ഒടുവിൽ അത് ക്യാൻസറായി മാറി. അത് അദ്ദേഹത്തിന്റെ ജീവനെടുത്തു. സ്വേച്ഛാധിപത്യത്തിനെതിരെ അദ്ദേഹം നടത്തിയ ധീരമായ ചെറുത്തുനിൽപ്പിന്റെ ദൂരവ്യാപകമായ ദുരന്തഫലമായിരുന്നു ഈ രോഗം.
ഭരണകൂടത്തിന്റെ ക്രൂരതയെ വകവെയ്‌ക്കാതെ ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും വേണ്ടി നിലകൊണ്ട ഭരത്കുമാറിനെപ്പോലെയുള്ളവരുടെ ത്യാഗങ്ങളാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം. അദ്ദേഹം നിശബ്ദനായ ഒരു ശക്തിദുർഗ്ഗമായിരുന്നു. വേദനയിലും ആ മനസ്സിൽ പകയോ ഭയമോ ഉണ്ടായിരുന്നില്ല. ജീവിതത്തിൽ ഇതിനേക്കാൾ വലിയ വെല്ലുവിളികളെ അതിജീവിച്ചതുകൊണ്ടാകാം, അദ്ദേഹം രോഗത്തെ പോലും ശാന്തമായി സ്വീകരിച്ചു. നിരാശ കൊണ്ടല്ല, മറിച്ച് അറിവ്, ധാർമ്മികത, സമാധാനം എന്നിവയോടെ അദ്ദേഹം മരണത്തെയും സ്വാഗതം ചെയ്തുവെന്ന് എനിക്ക് തോന്നി.
എനിക്കദ്ദേഹം ഒരു രോഗി മാത്രമായിരുന്നില്ല. എന്റെ വൈദ്യജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ ഏറ്റവും ശ്രേഷ്ഠനായ വ്യക്തികളിൽ ഒരാളാണ്. അനീതിക്കെതിരെയുള്ള നിശബ്ദ പോരാട്ടമായിരുന്നു ആ ജീവിതം. അദ്ദേഹത്തിന്റെ വിയോഗമാകട്ടെ നമ്മൾ വിലമതിക്കുന്ന സ്വാതന്ത്ര്യത്തിന് നൽകിയ വിലയുടെ ഓർമ്മപ്പെടുത്തലും. ആ ശ്രേഷ്ഠ ജന്മത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.
Discussion about this post