കൊച്ചി: ഏവരുടെയും മനസ്സിനെ ആനന്ദ സാഗരമാക്കി മാറ്റുന്ന ശ്രീകൃഷ്ണൻ പരമമായ ആനന്ദവും ഭക്തിയും ശക്തിയും ഒരു പോലെ സമന്വയിപ്പിക്കുന്ന ദിവ്യ സ്വരൂപമാണെന്ന് അഖില ഭാരതീയ പ്രജ്ഞാപ്രവാഹ് സംയോജകൻ ജെ നന്ദകുമാർ അഭിപ്രായപ്പെട്ടു. സനാതന സംസ്കാരത്തിന്റെ വിനിമയം നടക്കുന്ന അടിസ്ഥാന ശിലയാണ് കുടുംബമെന്നും മൂല്യങ്ങളെ ചേർത്ത് നിർത്തുന്ന അനേകം കുടുംബങ്ങൾ ചേർന്ന ഗ്രാമം തണലൊരുക്കുമ്പോൾ ബാല്യം സഫലമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ശ്രീകൃഷ്ണജയന്തി ബാല ദിനാഘോഷത്തോടനുബന്ധിച്ച് എളമക്കര ഭാസ്കരീയം കൺവെൻഷൻ സെൻ്ററിൽ നടന്ന കുടുംബസംഗമത്തിൽ ജന്മാഷ്ടമി സന്ദേശത്തെ മുൻനിർത്തി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷ സമിതി അദ്ധ്യക്ഷൻ വേണുഗോപാൽ സി ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ച സംഗമം പ്രശസ്ത പിന്നണി ഗായിക മൃദുല വാര്യരും പ്രശസ്ത സംഗീത സംവിധായകൻ ദീപക് ദേവും ചേർന്ന് ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്ഘാടനം ചെയ്തു.
ശ്രീകൃഷ്ണജയന്തി ആഘോഷസമിതി പ്രോഗ്രാം ചെയർമാൻ പി.വി.അതികായൻ ഖജാൻജി ശ്രീകുമാർ പിള്ള, ജനറൽ കൺവീനർ ബി പ്രകാശ് ബാബു, ബാലഗോകുലം ജില്ലാദ്ധ്യക്ഷൻ പി സോമനാഥൻ എന്നിവർ പ്രസംഗിച്ചു. ശ്യാമ’25 ബാല ചിത്രരചനാ മത്സരം, കൃഷ്ണഗീതി ശ്രീകൃഷ്ണ ഗാനാലാപന മത്സരം എന്നിവയിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
സാഹിത്യകാരായ സുനിൽ മറ്റക്കര, സംഗമിത്ര മാത്യു, കവിത വേണുഗോപാൽ, സി.കെ.ഓമന ബാലപ്രതിഭ നവമി യദു, നമൻ രഘുരാജ് എന്നിവരെ ആദരിച്ചു.ശ്രീലക്ഷ്മി അജിത്ത്, അദിതി സി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ സംഗീതസന്ധ്യയും ബാലഗോകുലാംഗങ്ങൾ അവതരിപ്പിച്ച ഗോപികനൃത്തവും കുടുംബസംഗമത്തിൽ അരങ്ങേറി.
Discussion about this post