തിരുവനന്തപുരം : അയ്യപ്പ സംഗമത്തിൻ്റെ യഥാർത്ഥ ലക്ഷ്യം വികസനമല്ല മറിച്ഛ് വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ചാണ് പമ്പാ മണപ്പുറത്ത് ആഗോള അയ്യപ്പ ഭക്ത സംഗമം നടത്തുന്നതെന്ന് പറയുന്നുണ്ടെങ്കിലും ദേവസ്വം ബോർഡല്ല സർക്കാരാണ് ഇതിന് മുൻകൈയെടുക്കുന്നത്. മന്ത്രിമാരുടെയും മറ്റും പ്രസ്താവനകൾ ഇത് തെളിയിക്കുന്നുമുണ്ട്. ഒട്ടും സുതാര്യത ഇല്ലാതെയാണ് ഇങ്ങനെയൊരു പരിപാടിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. കോടതി ചോദിച്ചപ്പോൾ മാത്രമാണ് ശബരിമല വികസനമാണ് ലക്ഷ്യമെന്ന് പറയുന്നത്. ശബരിമല വികസനത്തിന് വർഷങ്ങളായി ഒരു മാസ്റ്റർ പ്ലാൻ നിലവിലുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ ഫലപ്രദമായി ഒന്നും ചെയ്യാത്തവരാണ് ഇപ്പോൾ വികസനത്തെക്കുറിച്ച് പറയുന്നത്. ഇതിൽ ആത്മാർത്ഥതയുണ്ടെന്ന് കരുതാനാവില്ല. സർക്കാരിന്റെ മറ്റു പല പരിപാടികളും പോലെ പണം പിരിക്കുക എന്ന ലക്ഷ്യം മാത്രമാണ് അയ്യപ്പ സംഗമത്തിനു പിന്നിലുള്ളതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ശബരിമല വികസനം എന്നതുകൊണ്ട് സർക്കാർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. പതിനെട്ടു മലകളുള്ള പൂകങ്കാവനത്തിന്റെ പവിത്രതയാണ് ശബരിമലയുടെ പരിശുദ്ധി . ഈ മലകളെ തകർത്തുകൊണ്ടുള്ള വികസനം പരിസ്ഥിതിക്ക് ആഘാതമേൽപ്പിക്കുന്നതും പവിത്രതയെ നശിപ്പിക്കുന്നതുമാണ്. കച്ചവട താൽപര്യങ്ങൾ മുന്നിൽ കണ്ട് ശബരിമലയെ ഒരു ആഗോള പിൽഗ്രിം ടൂറിസ്റ്റ് കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്നു പറയുന്നുണ്ട്. ഇതിൽ പല ചതിക്കുഴികളും ഒളിഞ്ഞിരിപ്പുണ്ട് എന്ന് വ്യക്തം. ശബരിമല എന്നല്ല ഒരു ക്ഷേത്രത്തിന്റെയും വികസനത്തിൽ ദേവസ്വം ബോർഡിനും സർക്കാരിനും യഥാർത്ഥത്തിൽ വലിയ താല്പര്യമൊന്നുമില്ല എന്നാണ് നിലവിലുള്ള വസ്തുതകൾ തെളിയിക്കുന്നത്. ക്ഷേത്രങ്ങളുടെ വികസനം ആണ് ലക്ഷ്യമെങ്കിൽ അതിനുള്ള പദ്ധതികൾ എന്തൊക്കെയെന്ന് പറയണം. ക്ഷേത്രങ്ങളുടെ വരവ് ചെലവ് കണക്കുകൾ സഹുജന സമക്ഷം അവതരിപ്പിക്കണം. വരുമാന സ്രോതസ്സുകൾ ഏതൊക്കെയെന്ന് പറയണം. ഇതിനൊന്നും തയ്യാറില്ലാതെ ക്ഷേത്രത്തിൻ്റെ വികസനത്തെക്കുറിച്ച് പറയുന്നത് ഭക്തരെ തെറ്റിദ്ധരിപ്പിക്കാനാണ്.
അയ്യപ്പസംഗമത്തിന്റെ കാര്യത്തിൽ തുടക്കം മുതൽ തന്നെ സർക്കാരിൻ്റെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്. കടുത്ത നിരീശ്വരവാദിയും സനാതനധർമ്മ വിരോധിയുമായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നു എന്നാണ് സർക്കാർ ആദ്യം പ്രസ്താവിച്ചത്.. പിന്നീട് സ്റ്റാലിന്റെ മകനും ഉപ മുഖ്യമന്ത്രിയുമായ ഉദയനിധിയെ കൊണ്ടുവരുമെന്ന് പറഞ്ഞു. ഇപ്പോൾ തമിഴ്നാട് ദേവസ്വം മന്ത്രി പരിപാടിയിൽ പങ്കെടുക്കുമെന്ന് പറയുന്നുണ്ട്. ഇദ്ദേഹത്തിൻ്റെ സാന്നിധ്യത്തിലാണ് ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ നിന്ദ്യമായ രീതിയിൽ കടന്നാക്രമിച്ചത്.
ദേവസ്വം ബോർഡിന് കീഴിൽ 1200 ൽ അധികം ക്ഷേത്രങ്ങൾ ഉണ്ടെന്നാണ് കണക്ക്. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങൾ ശബരിമലയെയാണ് ആശ്രയിക്കുന്നതെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. അതേ സമയം തന്നെ വിവിധ ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന വരവും ബന്ധപ്പെട്ട ചെലവും എത്രയെന്ന് വ്യക്തമായി വിശദീകരിക്കപ്പെടുന്നില്ല. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളെ പാടെ അവഗണിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്.
കേരളം മാറിമാറി ഭരിക്കുന്നവർക്ക് ക്ഷേത്രങ്ങളോടുള്ള വിപ്രതിപത്തിയാണ് ഇതിന് കാരണം. സ്വയംഭരണസ്ഥാപന മായി പ്രവർത്തിക്കേണ്ട ദേവസ്വം ബോർഡിനല്ല ഫലത്തിൽ സർക്കാരിനാണ് ക്ഷേത്രങ്ങളുടെ നിയന്ത്രണം. ഇത് ക്ഷേത്രങ്ങളെ വൻതോതിൽ രാഷ്ട്രീയവൽക്കരിക്കുന്നു. ദേവസ്വം ബോർഡിൻ്റെ ഭരണത്തിൻ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഹിന്ദുവിരുദ്ധ നടപടികൾ തുടർക്കഥയാണ്. കൊല്ലം ജില്ലയിലെ കടക്കൽ ദേവീ ക്ഷേത്രത്തിലും മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലും ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തിൽ സമീപകാലത്ത് നടന്ന ക്ഷേത്ര വിരുദ്ധ നീക്കങ്ങൾ തികച്ചും ആശങ്കാ ജനകമാണ്. വ്യവസ്ഥാപിതമായി മുന്നോട്ടു പോകുന്ന ആറൻമുള വള്ളസദ്യയുടെ കാര്യത്തിലും അനാവശ്യമായ ഇടപെടലുകൾ ഉണ്ടായി.
ശബരിമല സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാതെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണ പാളികൾ അറ്റകുറ്റപണിയുടെ പേരിൽ ചെന്നൈയില്ക് കൊണ്ടുപോയതുൾപ്പെടെയുള സംഭവങ്ങൾ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന കെടുകാര്യസ്ഥതയുടെ തെളിവാണ്. അയ്യപ്പ ധർമ്മ വിശ്വാസികളുടെയും ഹൈന്ദവ സംഘടനകളുടെയും അഭിപ്രായങ്ങൾ തേടാതെ സർക്കാർ ഏകപക്ഷീയമായി എടുത്ത നിലപാട് ഹൈന്ദവ വിശ്വാസികൾക്കുനേരെയുള്ള വെല്ലുവിളിയായാണ് കാണേണ്ടത് . ക്ഷേത്രങ്ങളുടെ നടത്തിപ്പിൽ കക്ഷീരാഷ്ട്രീയം കലർത്തിനും ക്ഷേത്രങ്ങളുടെ പവിത്രതയും സമാധാന അന്തരീക്ഷവും നശിപ്പിക്കാനുള്ള സംഘടിത നീക്കങ്ങളാണ് ഇതുപക്ഷ സർക്കാരിൻ്റെ ആശീർവാദത്തോടെ നടന്നുകൊണിരിക്കുന്നത്. ‘തത്ത്വമസി’ പ്രചരിപ്പിക്കാനാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശകളിലൊന്നാണ്. താൻ പറയുന്നതിൻ്റെ യഥാർത്ഥ പൊരുളെന്താണ് എന്ന് മന്ത്രിക്ക് മനസ്സിലായിട്ടുണ്ടൊ എന്ന കാര്യത്തിൽ സന്ദേഹമുണ്ട്. എന്തായാലും ഈ കാപട്യം വ്യക്തമാക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം
. ക്ഷേത്ര സ്വത്തുക്കൾ തട്ടിയെടുക്കുവാനുള്ള ഇത്തരം കുൽസിത നീക്കങ്ങളിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് ഭാരതീയവിചാരകേന്ദ്രം ആവശ്യപ്പെടുന്നു. ഹിന്ദുക്കൾ അവരുടെ ആരാധന സ്വാതന്ത്ര്യവും ക്ഷേത്രങ്ങളെയും സംരക്ഷിക്കുവാനും അവയുടെ പവിത്രത നിലനിർത്താനും വേണ്ടി ഒറ്റക്കെട്ടായി മുന്നോട്ടു വരേണ്ട സന്ദർഭമാണിത്. അമിതമായ രാഷ്ട്രീയവൽക്കരണത്തിലൂടെ തൽപരകക്ഷികളുടെ വാണിജ്യ താൽപര്യം സംരക്ഷിക്കാൻ കൂട്ടുനിൽക്കുന്ന സർക്കാരിൻ്റെ നയത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്നും ഭാരതീയ വിചാരകേന്ദ്രം അഭ്യർത്ഥിക്കുന്നു.
സംസ്ഥാന സമിതിയോഗത്തിൽ സംസ്ഥാന കാര്യാദ്ധ്യക്ഷ ഡോ . എസ് ഉമാദേവി അധ്യക്ഷത വഹിച്ചു . ഡയറക്ടർ ആർ .സഞ്ജയൻ യോഗം ഉത്ഘാടനം ചെയ്തു . സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.സുധിർബാബു റിപ്പോർട് അവതരിപ്പിച്ചു. പ്രജ്ഞ പ്രവാഹ് ഉത്തരക്ഷേത്ര സംയോജക് ചന്ദ്രകാന്ത് , ആർ രാജീവ് , ജെ .മഹാദേവൻ ,രാമൻ കീഴന,രാജൻ പിള്ള എന്നിവർ സംസാരിച്ചു.
Discussion about this post