ജി. സന്തോഷ്
(ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന ഉപാധ്യക്ഷനാണ് ലേഖകൻ)
കേരളത്തിൽ നഗരഗ്രാമ വ്യത്യാസമില്ലാതെ കണ്ണന്മാർ ആനന്ദത്താൽ നിറഞ്ഞാടുന്ന ദിനം. ഭക്തികൊണ്ടും സന്തോഷംകൊണ്ടും ഹരേകൃഷ്ണ ഹരേകൃഷ്ണ ജപിക്കുന്ന മുതിർന്നവർ. അലങ്കാരം കൊണ്ട് സമ്പന്നമായ ഗ്രാമനഗര വീഥികൾ. ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ ഭക്തജനത്തിരക്ക്. കേരളം അക്ഷരാർത്ഥത്തിൽ അമ്പാടിയാകുന്നു. വാത്സല്യനിധിയായ ഉണ്ണിക്കണ്ണൻ നമ്മുടെ വിഷാദങ്ങളെ അലിയിച്ചുകളയുന്നു. കൃഷ്ണന്റെ ജീവിതം പ്രതിസന്ധികളെയും പ്രലോഭനങ്ങളെയും വെല്ലുവിളികളേയും നേരിടാനുളള പ്രചോദനമാണ്.
ആധുനികകാലത്തും ശ്രീകൃഷ്ണസന്ദേശത്തിന് വളരെ പ്രസക്തിയുണ്ട്. ഭഗവത്ഗീതയ്ക്ക് വിദേശങ്ങളിൽ പോലും വലിയ സ്വീകാര്യത ലഭിക്കുന്നു. വിദേശീയർ തങ്ങളുടെ കുട്ടികളെ ഗീത പഠിപ്പിക്കുന്നു. അവിടെ കലാലയങ്ങളിൽ ഗീത പാഠ്യവിഷയമായി നിശ്ചയിച്ചിരിക്കുന്നത് നമ്മൾ ഭാരതീയരെ സംബന്ധിച്ച് അഭിമാനകരമായ കാര്യമാണ്. പൊതു പ്രവർത്തന രംഗത്തുളളവർക്കും ശ്രേഷ്ഠജീവിതം ആഗ്രഹിക്കുന്നവർക്കും ഗീത വഴികാട്ടിയാണ്. ജീവിതത്തിന്റെ പടച്ചട്ടയായി ഭഗവത് ഗീതയെ കണക്കാക്കുന്നതാണ് ഉത്തമം. മഹാത്മജിയുടെ കരങ്ങളിൽ സദാ ഗീതയുണ്ടായിരുന്നു.
കുട്ടികളുടെ ദിനമായി ശ്രീകൃഷ്ണ ജയന്തിയെ കാണുന്നതും ശ്രീകൃഷ്ണ ജയന്തി ജനകീയ ഉത്സവമായി മാറാൻ കാരണവും ബാലഗോകുലമാണ്. ബാലഗോകുലമിന്ന് സുവർണ്ണശോഭയിലെത്തി നില്ക്കുന്നു. കുട്ടികളിൽ സാംസ്കാരിക വിദ്യാഭ്യാസം നല്കി ഉത്തമ വ്യക്തിത്വങ്ങളായി അവരെ വളർത്തുകയാണ് ബാലഗോകുലം അതിന്റെ പ്രതിവാര ക്ലാസുകളിൽ കൂടി.ശ്രീകൃഷ്ണനാണ് ബാലഗോകുലത്തിന്റെ ആദർശ വ്യക്തിത്വം. ഒരു കാലത്ത് ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന ജന്മാഷ്ടമി ആഘോഷം ഇന്നു നാടിന്റെ ആനന്ദോത്സവമായി മാറിക്കഴിഞ്ഞു. പൊതു സമൂഹം ശ്രീകൃഷ്ണജയന്തിയെ ഏറ്റെടുത്തതായി കാണാം.
നാടിന്റെയും നാട്ടുകാരുടെയും ഉത്സവമായി മാറിയെന്നതാണ് സത്യം. ലഹരിയും മയക്കുമരുന്നും മൊബൈലിന്റെ അമിത ഉപയോഗവും ഇന്നത്തെ തലമുറയെ വഴിതെറ്റിക്കുന്നു. ചതിക്കുഴികളിൽ വീഴുക മാത്രമല്ല, കൂടെ പഠിക്കുന്നവരെ കൂട്ടം കൂടി മർദ്ദിച്ചുകൊല്ലുന്നതും നാം കണ്ടതാണ്. മൂല്യബോധമില്ലാതെ അരക്ഷിതാവസ്ഥയിൽ നമ്മുടെ കുട്ടികൾ അലയുന്നു. ചതിക്കുഴിയിൽ വീഴുന്നു.
ഓരോ വർഷവും പൊതുസമൂഹത്തിന് ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലം ഓരോ സന്ദേശം കൊടുക്കാറുണ്ട്. ‘ഗ്രാമം തണലൊരുകട്ടെ ബാല്യം സഫലമാകട്ടെ’ എന്നതാണ് ഈ വർഷത്തെ ജന്മാഷ്ടമി സന്ദേശം. നമ്മുടെ കുട്ടികൾക്ക് നാം തണലാകണം, കരുതലാകണം. ഭക്ഷണത്തിലും ഭാഷയിലും വേഷത്തിലും നാം ആകെ മാറിക്കഴിഞ്ഞു. തനതായ ഭക്ഷണവിഭവങ്ങളുടെ പേരുകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അറേബ്യ
ൻ പേരുകളിലുള്ള വിഭവങ്ങൾ ഇന്നത്തെ തലമുറകളുടെ രുചിക്കൂട്ടുകളായി. മലയാളമറിയാത്ത മലയാളികളായി സമൂഹം മാറുന്നു. ഭാഷയോടുള്ള അവഗണന വളരെ വലുതാണ്. വേഷത്തിന്റെ കാര്യത്തിലായാലും പുതുതലമുറയുടെ താല്പര്യം വിപരീതമാണ്. പണംകൊടുത്ത് കീറിയ വസ്ത്രം വാങ്ങി ധരിക്കുന്നത് എന്തു പുരോഗമനമാണ്. ഒന്നിൽ നിന്നും മറ്റൊന്ന് മികച്ചതാകുമ്പോൾ മാറ്റം നല്ലതാണ്. ഇവിടെയാണ് സന്ദേശത്തിന്റെ പ്രസക്തി.
നമ്മുടെ കുട്ടികളെ കാര്യബോധവും കാര്യശേഷിയും സന്മാർഗ്ഗചിന്തയും രാഷ്ട്രസ്നേഹവും ഉള്ളവരായി വളർത്തിക്കൊണ്ടുവരാൻ നമ്മൾ തണലൊരുക്കണം. മുതിർന്നവർ വരും തലമുറയുടെ കാവലാളായി മാറണം. ആർദ്രതയുള്ള ഗ്രാമങ്ങൾ, സ്നേഹവും പങ്കുവെക്കലുമുള്ള ഗ്രാമങ്ങൾ ഉണ്ടാകട്ടെ. കൂരിരുട്ടിൽ പ്രകാശം കൊണ്ടുവരാൻ നമുക്ക് സാധിക്കണം. മാറ്റം ഉണ്ടാകേണ്ടത് വീടുകളിലാണ്. ഒരുമിച്ചിരിക്കാനും കാര്യങ്ങൾ കേൾക്കാനും തുറന്ന് പറയുവാനും വീടുകളിൽ സമയവും സൗകര്യവും ഒരുക്കണം.
ബാല്യം സഫലമാകാൻ ഗ്രാമം തണലൊരുക്കണം. എല്ലാ ബാല്യവും ശ്രേഷ്ഠമാണ്. പുണ്യമാണ്. ബാല്യം സംരക്ഷിക്കപ്പെട്ടാൽ സമൂഹം സംരക്ഷിക്കപ്പെടും. എന്റേതെന്ന ചിന്തമാറി നമ്മുടേതെന്ന ഭാവം വളർത്തിയാൽ ഓരോ ഗ്രാമവും അമ്പാടിയാകും.
പാരസ്പര്യവും സ്നേഹവും മാത്രമുള്ള അമ്പാടി. സന്തോഷവും സമാധാനവും വിളയാടുന്ന അമ്പാടി. കുഴിയിൽ വീഴ്ത്താൻ വരുന്ന പൂതനമാരെയും തൃണാവർത്തന്മാരെയും ഒരുമിച്ചുനിന്ന് പ്രതിരോധിക്കാൻ കഴിയുന്ന അമ്പാടി. ഗായത്രിയും ഗീതയും യോഗയും നിത്യം ശീലിക്കുന്ന ഭവനങ്ങളുണ്ടാകണം. ശ്രേഷ്ഠമായതും കൈമോശം വന്നതുമായ ചിലതെങ്കിലും നമുക്ക് വീണ്ടെടുക്കാം. സദാ പുഞ്ചിരിതൂകിയിരുന്ന അമ്പാടിക്കണ്ണന്റെ ജന്മദിനം നമ്മളിൽ മാറ്റങ്ങൾ ഉണ്ടാക്കട്ടെയെന്ന് പ്രത്യാശിക്കാം.
‘ഗ്രാമം തണലൊരുകട്ടെ. ബാല്യം സഫലമാകട്ടെ’.
Discussion about this post