തിരുവനന്തപുരം: മഞ്ഞ പട്ടുടുത്ത് അരമണികിലുക്കി മയില്‍പ്പീലി ചൂടിയ ഉണ്ണിക്കണ്ണന്മാര്‍ ഭക്തിയും സ്നേഹവും പടര്‍ത്തി നഗരവീഥികള്‍ കയ്യടക്കി. പുണ്യപുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങള്‍, മുത്തുക്കുടയേന്തിയ യുവതികള്‍, ഭജനസംഘങ്ങള്‍ എന്നിവ അകമ്പടിയേകി. പിഞ്ചുബാലികാ ബാലന്മാര്‍ നിരനിരയായി ശ്രീകൃഷ്ണനാമ ജപങ്ങളുടെ അകമ്പടിയോടെ കൈകളില്‍ ഓടക്കുഴലുമായി നഗരവീഥികളില്‍ ബാലലീലകളുമായി ഓടിക്കളിച്ചു.ബാലഗോകുലമുയര്‍ത്തിയ ‘ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാവട്ടെ’ എന്ന ആഹ്വാനം അനന്തപുരി ഏറ്റെടുത്തു.
വൈകിട്ട് മൂന്നുമണിയോടെ 10 കേന്ദ്രങ്ങളില്‍ നിന്നും ചെറു ശോഭായാത്രകള്‍ പാളയം മഹാഗണപതി ക്ഷേത്രത്തിന് മുന്നില്‍ എത്തി സംഗമിച്ച് മഹാശോഭായാത്രയായി ഏഴ് മണിയോടെ പഴവങ്ങാടി ഗണപതിക്ഷേത്രമുന്നില്‍ മഹാ ആരതി സമര്‍പ്പിച്ച് അവസാനിച്ചു. തുടര്‍ന്ന് ആറ്റുകാല്‍ ദേവീ ക്ഷേത്രട്രസ്റ്റ് ഒരുക്കിയ അവല്‍പ്പൊതിയും ഉണ്ണിയപ്പവും പ്രസാദമായി ശോഭായാത്രയില്‍ പങ്കെടുത്ത ഉണ്ണിക്കണ്ണന്മാര്‍ക്കും ഗോപികമാര്‍ക്കും വിതരണം ചെയ്തു.
സംഗമ ശോഭായാത്ര അശ്വതി തിരുനാള്‍ ഗൗരി ലക്ഷിബായി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജനറല്‍ സെക്രട്ടറി ആര്‍ പ്രസന്നകുമാര്‍ ശ്രീകൃഷ്ണ ജയന്തി സന്ദേശം നല്‍കി. ‘ ഓരോ ഗ്രാമവും ബാല്യത്തിന് തണലൊരുക്കണം. കളിയും കഥയും കാര്യവും ചേര്‍ന്ന സാംസ്‌കാരികപഠനത്തിനു സന്ദര്‍ഭമൊരുക്കണം. ഗീതയും ഗായത്രിയും യോഗയും പ്രകാശം പരത്തുന്ന പുലരികള്‍ ഉറപ്പാക്കണം. നാമജപം മുഴങ്ങുന്ന സന്ധ്യകള്‍ തിരിച്ചു വരണം. പ്രകൃതിയും സംസ്‌കൃതിയും പരിപാലിക്കപ്പെടണം. ദേശസ്നേഹവും പൗരബോധവും വികസിതമാവണം. അങ്ങനെ ഗ്രാമം ഒരുക്കുന്ന ഗോകുലത്തണലില്‍ ഓരോ ബാല്യവും സഫലമായിത്തീരണം’ പ്രസന്നകുമാര്‍ പറഞ്ഞു
മഹാനഗര്‍ രക്ഷാധികാരി പ്രൊഫ ടി എസ് രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെമ്പാടും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്രകള്‍ സംഘടിപ്പിച്ചു. പാറശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട, ബാലരാമപുരം, നെടുമങ്ങാട്, പാലോട്, വെമ്പായം, പോത്തന്‍കോട്, വെഞ്ഞാറമൂട്, കല്ലറ, കിളിമാനൂര്‍, ആറ്റിങ്ങല്‍, വര്‍ക്കല തുടങ്ങിയ മേഖലകളിലെല്ലാം ഉണ്ണിക്കണ്ണന്മാരുടെ വേഷമണിഞ്ഞ നൂറുകണക്കിന് ബാലികാബാലന്മാരും അമ്മമാരും ഘോഷയാത്രകളില്‍ പങ്കെടുത്തു.
ജില്ലയിലെ പ്രധാന ശ്രീകൃഷ്ണക്ഷേത്രങ്ങളിലെല്ലാം അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണക്ഷേത്രം, മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പേരൂര്‍ക്കട അമ്പലംമുക്ക് ശ്രീകൃഷ്ണ ക്ഷേത്രം, പിരപ്പന്‍കോട് ശ്രീകൃഷ്ണക്ഷേത്രം, ആറ്റിങ്ങല്‍ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം പ്രത്യേക പൂജകള്‍ നടന്നു.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭയാത്രകള്‍ നടന്നു.
Discussion about this post