കൊച്ചി: വികസിത ഭാരതമെന്നത് സാമ്പത്തികവികാസം മാത്രമല്ല, സമഗ്ര വികാസമാണ് ലക്ഷ്യമാക്കുന്നതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ആരോഗ്യ രംഗത്ത് ആയുര്‍വേദം പോലെയുള്ള നേട്ടങ്ങളിലൂടെ ഭാരതം വികസിതമാണെന്ന് ലോകത്തെ അറിയിക്കാന്‍ കഴിയണം. വികസിതമാവണമെങ്കില്‍ തനതായുള്ള ചികിത്സാ സംവിധാനങ്ങള്‍ വികസിപ്പിച്ച് ലോകത്തിനുമുന്‍പില്‍ വയ്‌ക്കേണ്ടതുണ്ട്. ഇതിനായി പ്രതിജ്ഞാബദ്ധരാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു. എളമക്കര ഭാസ്‌കരീയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ആരോഗ്യഭാരതി ദേശീയ പ്രതിനിധി മണ്ഡല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ ഗ്രാമങ്ങളിലും എത്തിക്കുമ്പോഴാണ് വികസിത ഭാരതം സാധ്യമാവുന്നത്. ആര്‍എസ്എസിന്റെ ശതാബ്ദി നടക്കുന്ന സമയത്ത് കാര്യകര്‍ത്താക്കളാകുവാന്‍ ഭാഗ്യം ലഭിച്ചവരാണ് നാം. ഈ ശതാബ്ദി കാലത്ത് പ്രവര്‍ത്തനം എങ്ങിനെയാവണം, എന്ത് ചെയ്യാന്‍ കഴിയും, വികാസ കാര്യങ്ങളില്‍ എങ്ങനെ പങ്കെടുക്കുവാന്‍ കഴിയും എന്നതിനെക്കുറിച്ചും ചിന്തിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. പണ്ട് എംബിബിഎസ് പാസായാല്‍ അമേരിക്കയില്‍ പോകണമെന്നാണ് യുവാക്കള്‍ ചിന്തിച്ചിരുന്നത്. ഇന്നങ്ങിനെയല്ല. യുവ ഡോക്ടര്‍മാര്‍ ഭാരതത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്. ഈ ചിന്ത ഉടലെടുക്കുവാന്‍ കാരണമായത് ആരോഗ്യ ഭാരതിയുടെയും സംഘത്തിന്റേയും പോലുള്ള സംഘടനകളുടെ പ്രവര്‍ത്തന ഫലമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ആരോഗൃഭാരതി ദേശീയ അധൃക്ഷന്‍ ഡോ.രാകേഷ് പണ്ഡിറ്റ് അധ്യക്ഷത വഹിച്ചു. നാഷണല്‍ റിസര്‍ച്ച് ആയുര്‍വേദ പ്രൊഫസര്‍ ഡോ. ഭൂഷണ്‍ പട്വര്‍ദ്ധന്‍, മാനേജ്മെന്റ് ഗുരു എന്‍. രഘുരാമന്‍, സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ആയുര്‍വേദ സയന്‍സ് റിസര്‍ച്ചിലെ ഡോ. രവി നാരായണ്‍ ആചാരി എന്നിവര്‍ സംബന്ധിച്ചു. സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ പി.എം. ജോഷി സ്വാഗതവും ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സുനില്‍ ജോഷി നന്ദിയും പറഞ്ഞു. ചടങ്ങില്‍ സ്വര്‍ഗീയ ഗ്യാന്‍ പ്രകാശ് ജ്വാലന്‍ സ്വസ്തസേവാ പുരസ്‌കാരം സമ്പത്പൂര്‍ ബിര്‍ള മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശങ്കര്‍ രാം ചന്ദാനിക്കും കെ.കെ. തിവാരി സ്വസ്തസേവ അനിവേഷന്‍ പുരസ്‌കാരം ജോഹ്‌റിക്കും ഗവര്‍ണര്‍ സമ്മാനിച്ചു.
ഡോ. പദ്മ ഗുര്‍മദ്, നാഷണല്‍ പ്ലാനിങ് ബോര്‍ഡ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. മഹേഷ് ദധിജി, ദേശീയ സംഘടനാ സെക്രട്ടറി ഡോ. അശോക് കുമാര്‍ വാര്‍ഷ്ണേയ്, സംസ്ഥാന അധൃക്ഷന്‍ ഡോ.ജെ. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി ഡോ. ഹരികൃഷ്ണന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഭാരതത്തിന്റെ ആരോഗ്യപരമ്പരയുടെ ഒരു പരിച്ഛേദമായിരുന്നു സമ്മേളനത്തിലെത്തിയത്. ആയുര്‍വേദവും ആലോപ്പതിയും സിദ്ധയും ഹോമിയോയും യോഗയും ഉള്‍പ്പെടെയുള്ള പ്രഗത്ഭരുടെ സംഗമായിരുന്നു പ്രതിനിധി മണ്ഡലെന്ന പ്രത്യേകതയും ഉണ്ടായിരുന്നു.
Discussion about this post