തിരുവനന്തപുരം: സ്വച്ഛ തീരം, സുരക്ഷിത സമുദ്രം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനത്തോടനുബന്ധിച്ച് പ്രകൃതി രക്ഷ സുപോഷണ വേദിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ശുചീകരിച്ചു.
എന്‍സിസി കേരള – ലക്ഷദ്വീപ് ഡയറക്ടര്‍ കേണല്‍ പ്രമോദ് സംസ്ഥാന തലഉദ്ഘാടനം തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ നിർവ്വഹിച്ചു.. ലോകത്തിലെ ഏറ്റവും വലിയ നിധിയായ സമുദ്രത്തെ സംരക്ഷിക്കാന്‍ നമ്മുടെ പ്രവര്‍ത്തനം സമര്‍പ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കടല്‍ നമുക്ക് ഓക്‌സിജനും സമ്പത്തും അഹാരവും നല്‍കുന്നു. എന്നാൽ നാം തിരിച്ചു നൽകുന്നത് മാലിന്യവും. സമുദ്രത്തിനും അതിൻ്റെ ആവാസ വ്യവസ്ഥക്കും ഏറ്റവും വലിയ ഭീഷണി ഉണ്ടാകുന്നത് മനുഷ്യരില്‍ നിന്നാണ്. എല്ലാ വര്‍ഷവും ലക്ഷകണക്കിന് ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് കടലില്‍ നിക്ഷേപിക്കപ്പെടുന്നത്. ഇത് നമുടെ പ്രകൃതിയെയാകെ നശിപ്പിക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കണമെന്നും കേണല്‍ പ്രമോദ് ഓർമ്മപ്പെടുത്തി.
ജലനിധി മുന്‍ ഡയറക്ടറും സമുദ്രതീര ശുചീകരണ സംഘാടക സമിതിയുടെ സംസ്ഥാന ചെയര്‍മാനുമായ ഡോ.സുഭാഷ് ചന്ദ്രബോസ് ആമുഖ പ്രഭാഷണം നടത്തി. കരയിലുള്ള മരങ്ങള്‍ 25 ശതമാനം ഓക്‌സിജനും കടല്‍ 75 ശതമാനം ഓക്‌സിജനുമാണ് നമുക്ക് തരുന്നതെന്നും അങ്ങനെയുള്ള കടലിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
പൂനെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ.ജയന്ത് മഹാജന്‍, പ്രോജക്റ്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിഡന്റ് അഖില, ഹൈറേഞ്ച് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ ചാക്കോ, അദാനി എയര്‍പോര്‍ട്ട് ഒഫിഷ്യല്‍ പി.കെ അജു എന്നിവർ പങ്കെടുത്തു.സേവ് വെറ്റ് ലാന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ മൂവ്‌മെന്റ് ഓര്‍ഗനൈസര്‍ തോമസ് ലോറന്‍സ് അധ്യക്ഷനായ ചടങ്ങില്‍ എയർപ്പോർട്ട് ചീഫ് ഓഫീസർ ശ്രീ.രാഹുൽ ഭട്ട് കോടി സമുദ്രസംരക്ഷണ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.
ഫാ.സജി മേക്കാട്, എന്‍സിസി ഓഫീസര്‍ ജയശങ്കര്‍ ചൗധരി, പര്യാവരണ്‍ മേഖലാ സംയോജക് എം.എസ് ഗിരി, പരിസ്ഥിതി പ്രവര്‍ത്തകനായ അജികുമാര്‍.എ ന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പര്യാവരൺ സംരക്ഷൺ വേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ സമുദ്ര തീരമാകെ സപ്തംബർ മൂന്നാം ശനിയാഴ്ച അന്തർദ്ദേശീയ സമുദ്രതീര ശുചീകരണ ദിനാചരണം നടന്നു വരികയാണ്. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, എയര്‍ഫോഴ്‌സ്, എന്‍സിസി, വിവിധ കലാലയങ്ങളില്‍ നിന്നും വിദ്യാലയങ്ങളിൽ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍, സമീപ പ്രദേശങ്ങളിലെ ആരാധനാലയങ്ങളിലെ വൈദികര്‍, സാസംസ്‌കാരിക പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവർത്തകർ, തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ” പ്ലാസ്റ്റിക് മലിനീകരണം മതിയാക്കൂ” എന്നതായിരുന്നു ഈ വർഷത്തെ സന്ദേശം.
കേരളത്തില്‍ 84 ബീച്ചുകളിലും 5 നദീതീരങ്ങളിലും ശുചീകരണ പ്രവർത്തനം നടന്നു. പ്രകൃതി രക്ഷ സുപോഷണ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഈ ശുചീകരണ യത്നത്തിൽ 10.84ടൺ മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മസേനക്ക് കൈമാറി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെ 99 സ്ഥാപനങ്ങളിൽ നിന്നും, കേന്ദ്ര -സംസ്ഥാന ഗവൺമെൻറ് സംഘടനകളിൽ നിന്നും വിവിധ സന്നദ്ധ – സേവസംഘടനകളിൽ നിന്നുമായി 7284 പേർ ഈ ദിനാചരണത്തിൽ പങ്കാളികളായി.

Discussion about this post