തൃശൂര്‍: അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും ഉത്സവത്തിന് അച്ഛനോടൊപ്പം കഥകളി കാണാനെത്തിയിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സാബ്രി ഒരാഗ്രഹം പറഞ്ഞു. എനിക്ക് കഥകളി പഠിക്കാന്‍ പറ്റുമോ അച്ഛാ… ആ ചോദ്യത്തില്‍ നിന്നാണ് കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മുസ്ലിം വിദ്യാര്‍ത്ഥിനി കഥകളി അരങ്ങേറ്റത്തിനായി ഇന്ന് ഒരുങ്ങുന്നത്. ചടയമംഗലത്തുള്ള അദ്ധ്യാപകന്‍ ആരോമലിനെ അച്ഛനോടൊപ്പം വീട്ടില്‍ പോയി കണ്ടു. അങ്ങനെ കലാമണ്ഡലത്തില്‍ പഠനത്തിന് ചേരാന്‍ സാബ്രി തീരുമാനിച്ചു. 2023ല്‍ എട്ടാം ക്ലാസിലാണ് പ്രവേശനം നേടിയത്. കലാമണ്ഡലത്തില്‍ കഥകളിക്ക് പെണ്‍കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്കിത്തുടങ്ങിയത് 2021 മുതലാണ്. എട്ടാം ക്ലാസില്‍ ആരംഭിച്ച പഠനം സാബ്രിക്ക് പുതു അനുഭവമായിരുന്നു.
രാവിലെ 4.30ന് കളരി ക്ലാസ് തുടങ്ങും. സാധകം കഴിഞ്ഞ് കളരി പരിശീലനം. ഉച്ചയ്‌ക്ക് 1.30 മുതല്‍ അക്കാദമിക് പഠനം. അത് കഴിഞ്ഞ് ചില ദിവസങ്ങളില്‍ പരിശീലനം നല്കും. മറ്റ് ദിവസങ്ങളില്‍ കൂത്തമ്പലത്തിലെ പരിപാടികള്‍ കണ്ട് ആസ്വാദനക്കുറിപ്പ് എഴുതണം. സാബ്രിക്ക് ഇഷ്ടം കൃഷ്ണ വേഷം ചെയ്യാനാണ്. ഒക്ടോബര്‍ രണ്ടിന് രാത്രി എട്ടിന് സാബ്രിയുടെ കഥകളി അരങ്ങേറ്റം കലാമണ്ഡലം കൂത്തമ്പലത്തില്‍ നടക്കും. കൊല്ലം അഞ്ചല്‍ ഇടമുളയ്‌ക്കല്‍ സ്വദേശികളായ നിസാം അമ്മാസ്- അനീസ ദമ്പതികളുടെ മകളാണ് പത്താം ക്ലാസില്‍ പഠിക്കുന്ന സാബ്രി. വാര്‍ത്താ സമ്മേളനത്തില്‍ സാബ്രിയുടെ അച്ഛന്‍ നിസാം അമ്മാസ്, കെ. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post