കൊച്ചി: ഭാരതത്തിലെ പുണ്യതീര്‍ത്ഥങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടുള്ള ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നുള്ള ദീപക് ശര്‍മ്മയുടെ സൈക്കിള്‍ യാത്ര കൊച്ചിയിലെത്തി. ഓപ്പറേഷന്‍ സിന്ദൂറിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ജലസംരക്ഷണം, സ്വച്ഛ്ഭാരതം, സ്വദേശി ഉല്പ്പന്നങ്ങള്‍ സ്വീകരിക്കല്‍, ഓര്‍ഗാനിക് ഫാമിങ്, അമ്മയ്‌ക്ക് വേണ്ടി ഒരു മരം, ആരോഗ്യജീവിത ശൈലി, പാവപ്പെട്ടവരെ സംരക്ഷിക്കുക, സ്ത്രീ ശാക്തീകരണം, ലഹരിയില്‍ നിന്നു കുട്ടികളെ സംരക്ഷിക്കുക എന്നീ ഒന്‍പത് ആശയങ്ങള്‍ മുന്നോട്ടുവച്ചുമാണ് യാത്ര.
മെയ് 25ന് പാനിപ്പത്തില്‍ നിന്നും ആരംഭിച്ച് ദല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, ഗോവ, കര്‍ണാടക എന്നിവിടങ്ങളിലൂടെ 5300 കിലോമീറ്റര്‍ താണ്ടിയാണ് കൊച്ചിയിലെത്തിത്. ദ്വാരക, പുരി, രാമേശ്വരം, ബദരിനാഥ് എന്നിങ്ങനെ നാല് ദിക്കുകളിലെ പുണ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ദേശീയ ഐക്യത്തിന്റെ പ്രസക്തി ഉയര്‍ത്തുകയും ലക്ഷ്യമിടുന്നുണ്ട്.
ശ്രീശങ്കരാചാര്യര്‍ കാലടിയില്‍ നിന്നു യാത്രതിരിച്ച് ഭാരതത്തിലുടനീളം സഞ്ചരിച്ച് നാലു മഠങ്ങള്‍ സ്ഥാപിച്ചത് അനുസ്മരിച്ചാണ് നാലു ദിക്കുകളിലെ പുണ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഏഴുമാസത്തെ യാത്രാവേളയില്‍ മഹാരാഷ്‌ട്ര ഗവര്‍ണറെയും ഗോവ മുഖ്യമന്ത്രിയെയും സന്ദര്‍ശിച്ചിരുന്നു. ഓരോ സംസ്ഥാനത്തെയും കാലാവസ്ഥയും സംസ്‌കാരവും മനസിലാക്കിയാണ് യാത്ര.
പാനിപ്പത്തില്‍ ഒരു സ്വകാര്യ സ്‌കൂളിലെ സ്പോര്‍ട്സ് അദ്ധ്യാപകനാണ് 34കാരനായ ദീപക് ശര്‍മ്മ.
Discussion about this post