കൊച്ചി: സംഘം മേനോന്‍ സാറിന് ഒരു സംഘടന മാത്രമായിരുന്നില്ല, സാധനയായിരുന്നുവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വ്യക്തിപരമായി സാധകനായതിനാല്‍ അദ്ദേഹത്തിന് ആ രീതിയില്‍ സംഘത്തെ കാണാന്‍ ബുദ്ധിമുട്ടുണ്ടായില്ല. സാധനയുടെ അടിത്തറ ഭക്തിയാണെന്നതുപോലെ സംഘപ്രവര്‍ത്തനത്തിലും മാതൃകാപരമായ ഭക്തി കാണിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശ്ശേരി ഇന്നേറ്റ് കണ്‍വന്‍ഷന്‍ എക്കോ ലാന്‍ഡില്‍ പി.ഇ.ബി. മേനോന്റെ ശ്രദ്ധാഞ്ജലി സമ്മേളനത്തില്‍ സ്മൃതിഭാഷണം നടത്തുകയായിരുന്നു സര്‍സംഘചാലക്.
സംഘ ആദര്‍ശത്തിന്റെ മൂര്‍ത്തിമദ്ഭാവമായിരുന്നു അദ്ദേഹം. സ്വയംസേവകന്‍, സംഘചാലകന്‍, ഗൃഹസ്ഥന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം വിജയിച്ചിരുന്നു. സത്യത്തില്‍ സംഘത്തിനായിത്തന്നെ നിയോഗിക്കപ്പെട്ട വ്യക്തിയായിരുന്നോ എന്ന് തോന്നിപ്പോകുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.
ഏതുസമയത്തും സംഘപ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തെ കാണാന്‍ സാധിക്കുമായിരുന്നു. തിരക്കുപിടിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയില്‍ തുടരുമ്പോള്‍ തന്നെ പ്രവര്‍ത്തകരുടെ ആവശ്യത്തിന് എപ്പോഴും സന്നദ്ധനായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ നിന്നും ഒരു സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ എത്രമാത്രം സത്യസന്ധത പുലര്‍ത്തണം എന്നത് വ്യവസായികള്‍ക്ക് അറിയാമായിരുന്നുവെന്നും സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
വ്യവസായത്തില്‍ മാത്രമല്ല അവരുടെ ഹൃദയത്തിലും സ്പര്‍ശിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. എല്ലാവര്‍ക്കും മാര്‍ഗനിര്‍ദേശം നല്കിയിരുന്നു. സംഘപരിപാടികളില്‍ അദ്ദേഹം പ്രവര്‍ത്തകരുമായി ഇടപഴകുന്നത് കാണാറുണ്ട്. അത്തരത്തില്‍ അദ്ദേഹം പ്രവര്‍ത്തകരുമായി അടുത്തിരുന്നു. ഒരു രക്ഷാകര്‍ത്താവിനെപ്പോലെ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗദര്‍ശനം നല്കിയിരുന്നു. ഇങ്ങനെ വ്യക്തി എന്ന നിലയിലും ഗൃഹസ്ഥന്‍ എന്ന നിലയിലും തൊഴില്‍ മേഖലയില്‍ വിജയകരമായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഒരു കാര്യകര്‍ത്താവ്, സംഘചാലകന്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന നിലയില്‍ അദ്ദേഹം നമുക്ക് മാര്‍ഗദര്‍ശിയാണ്. എന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നമ്മോടൊപ്പം നിലനില്‍ക്കും. ഒട്ടേറെ പേരെ അദ്ദേഹം സംഘവുമായി അടുപ്പിച്ചു. മഹത്തുക്കളായ വ്യക്തികള്‍ ജനിക്കുന്നത് ധര്‍മ്മത്തെ രക്ഷിക്കാനുള്ള വ്യൂഹമെന്ന നിലയിലാണ്. അത്തരം വ്യക്തികള്‍ കളങ്കമില്ലാത്ത ചന്ദ്രനെപ്പോലെയാണ്, പ്രചണ്ഡമായ ഉഷ്ണമില്ലാത്ത സൂര്യനെപ്പോലെയാണ്. മേനോന്‍ സാര്‍ മാതൃകാ വ്യക്തിത്വമായിരുന്നു. വ്യത്യാസമില്ലാതെ എല്ലാവരോടും ഒരുപോലെ ഇടപഴകാന്‍ അദ്ദേഹത്തിനായിരുന്നു. ആ ജീവിതത്തെ പിന്‍തുടരുകയെന്നതാണ് നമ്മുടെയെല്ലാം കടമ. പ്രചാരകനായിരുന്നില്ല അദ്ദേഹം എന്നാല്‍ പ്രചാരകന്‍മാര്‍ക്കെല്ലാം മാതൃകയായിരുന്നവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
പി.ഇ.ബി. മേനോന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയോടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, ബിഎംഎസ് അഖിലഭാരതീയ കാര്യകാരി അംഗം അഡ്വ. സജി നാരായണന്‍, മൂവാറ്റുപുഴ ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വാമി അക്ഷയാത്മാനന്ദ, ഡോ. ജഗദംബിക, ദക്ഷിണകേരളം ഗ്രാമവികാസ് സഹസംയോജകന്‍ സി.ജി. കമലാകാന്തന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍എസ്എസ് ദക്ഷിണകേരള പ്രാന്തസംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു, തന്ത്രവിദ്യാപീഠം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍ കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു. സീമാജാഗരണ്‍മഞ്ച് ദേശീയ സംരക്ഷക് സര്‍സംഘചാലകിന്റെ പ്രസംഗത്തിന്റെ രത്നച്ചുരുക്കം മലയാളത്തില്‍ വിശദീകരിച്ചു.
പി.ഇ.ബി. മേനോന്റെ കുടുംബാംഗങ്ങള്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ആര്‍എസ്എസ്, വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളുടെ മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ ശ്രദ്ധാഞ്ജലിക്കെത്തിയിരുന്നു.
രാവിലെ സര്‍സംഘചാലക് ആലുവയിലെ പി.ഇ.ബി. മേനോന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു.













Discussion about this post