പാലക്കാട്: സംഘത്തിന്റെ ശതാബ്ദികാലഘട്ടത്തില്‍ മുന്നോട്ടുവച്ചിട്ടുള്ള പഞ്ചപരിവര്‍ത്തനമെന്ന ദൗത്യം സമൂഹം ഏറ്റെടുത്ത് പ്രവര്‍ത്തനത്തിലൂടെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി. ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യയായ എഐ സമൂഹത്തിന്റെ നന്മക്കായി പ്രയോജനപ്പെടുത്തണമെന്നും, അതിലൂടെ ലാളിത്യം,ആത്മാര്‍ത്ഥത, വേഗതഎന്നിവ സമൂഹത്തിന് ഗുണകരമാകുന്ന രീതിയില്‍ ഉപയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളം പവിത്രമായ തന്ത്രഭൂമിയാണെന്നും ഈ ഭൂമി ഒരിക്കലും മറ്റുള്ളവരുടെ കുതന്ത്രങ്ങള്‍ക്ക് ഉപയോഗിക്കപ്പെടാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ധര്‍മ്മ പഠനം, അര്‍ത്ഥം മനസ്സിലാക്കല്‍, ആചരണം, പ്രചാരണം എന്നിവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതാണ്. എന്നാല്‍ ഇന്ന് പ്രചാരണത്തിനാണ് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സംസ്‌കൃത ഭാഷയും ഭാരതീയ സംസ്‌കൃതിയും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടേയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.ദൈവവും ദേശവും രണ്ടും പ്രധാനപ്പെട്ടവയാണ്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ദേശത്തിന്റെ സംരക്ഷണത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കേണ്ട സാഹചര്യം ഉണ്ടാകാമെന്നും കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി അഭിപ്രായപ്പെട്ടു.
മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തരകേരള പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രാന്തപ്രചാരക് ആ. വിനോദ്, പ്രാന്തസഹസമ്പര്‍ക്ക പ്രമുഖ് യു.എന്‍.ഹരിദാസ്,വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, ജില്ലാ സംഘചാലക് കെ.പി.രാജേന്ദ്രന്‍, വിഭാഗ് കാര്യവാഹ് കെ.സുധീര്‍,ജില്ലാ കാര്യവാഹ് ഡി.വി.കൃഷ്ണപ്രസാദ് എന്നിവര്‍ പങ്കെടുത്തു. കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കിയാണ് സ്വീകരിച്ചത്.
23 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹത്തിന്റെ മുന്‍ഗാമി ജയേന്ദ്രസരസ്വതി സ്വാമികള്‍ വടക്കന്തറയില്‍ നടന്ന സംഘത്തിന്റെ ഗണവേഷ സാംഘിക്കില്‍ പങ്കെടുത്തിരുന്നു.














Discussion about this post