ആലുവ : കഴിഞ്ഞ ദിവസം അന്തരിച്ച രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുൻ വിഭാഗ് കാര്യവാഹ്, വിശ്വഹിന്ദു പരിഷത് സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ദേശം ആർ രവീന്ദ്രൻu ശ്രദ്ധാഞ്ജലി ആലുവ ദേശം പള്ളിപ്പാട്ടുകാവിൽ സംഘടിപ്പിച്ചു. ആർ.എസ്.എസിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന ആർ.രവീന്ദ്രൻ പൊതുപ്രവർത്തന രംഗത്തെ നിറസാന്നിധ്യമായിരുന്നു. അടിയന്തിരാവസ്ഥക്കെതിരെ സമരം ചെയ്ത് രണ്ട് വർഷക്കാലം ജയിൽ വാസം അനുഷ്ഠിച്ച അടിയന്തിരാവസ്ഥ സമര പോരാളികൂടിയാണ് അദ്ദേഹം.

സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും മുന്നിൽ നിന്നു നയിച്ച ദേവദുർലഭനായ കാര്യകർത്താവായിരുന്ന ആർ.രവീന്ദ്രൻ എന്ന് മുതിർന്ന പ്രചാരകൻ ആദരണീയ എസ് സേതുമാധവൻ അനുസ്മരിച്ചു. പ്രതിസന്ധി നിറഞ്ഞ കാലത്ത് മുന്നിൽ നിന്ന് നയിച്ച് ഇന്നുകാണുന്ന അനുകൂല കാലം സൃഷ്ടിച്ചത് ആർ രവീന്ദ്രനെപോലുള്ള കാര്യകർത്താക്കളുടെ സമർപ്പിത ജീവിതമാണെന്നും അവരെപ്പോലായി തീരുക എന്നതാണ് അദ്ദേഹത്തോടുള്ള യഥാർത്ഥ ശ്രദ്ധാഞ്ജലി എന്നും അദ്ദേഹം പറഞ്ഞു.

ശാന്തിമന്ത്രത്തോടെ ആരംഭിച്ച അനുസ്മരണ യോഗത്തിൽ സമൂഹത്തിലെ പ്രമുഖ വ്യക്തികൾ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ആർ.എസ്.എസ് ജില്ലാ സംഘചാലക് റിട്ട. ജസ്റ്റിസ് സുന്ദരം ഗോവിന്ദ്, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബു, പള്ളിപ്പാട്ടുകാവ് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.എസ് പദ്മനാഭൻ, വാർഡ് മെമ്പർ ശ്രീമതി ലത ഗംഗാധരൻ, ആർ.എസ്.എസ് മുൻ പ്രാന്തീയ ശാരീരിക് പ്രമുഖ് പി.കെ അരവിന്ദാക്ഷൻ, ആർ.എസ്.എസ് മുൻ ജില്ലാ കാര്യവാഹ് അഡ്വ. കെ. പദ്മനാഭൻ, ബാലസംസ്കാര കേന്ദ്രം സെക്രട്ടറി പി.കെ വിജയരാഘവൻ, അദ്ദേഹത്തിന്റെ മകൻ ആർ മഹേഷ് എന്നിവർ ശ്രദ്ധാഞ്ജലി അർപ്പിച്ച് സംസാരിച്ചു.












