ചെങ്ങന്നൂര്‍: വിശാല്‍ വധക്കേസ് അട്ടിമറിക്കപ്പെട്ട സംഭവം കേരളത്തിലെ ഭരണകൂടത്തിന് മതതീവ്രവാദത്തോടുള്ള ഒത്താശയുടെ അവസാനത്തെ ഉദാഹരണമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ വിശാല്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീകരവാദത്തിനെതിരെ എബിവിപിയുടെ പോരാട്ടത്തില്‍ എക്കാലത്തും പ്രചോദനമാണ് വിശാല്‍. കേസിന്റെ വിചാരണ ഘട്ടത്തില്‍ എസ്എഫ്ഐ – കെഎസ്യു നേതാക്കള്‍ മൊഴി മാറ്റിയത് പ്രതികളെ സംരക്ഷിക്കാനാണ്. ഇടതു വലതു സര്‍ക്കാരുകള്‍ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളോടുള്ള വിധേയത്വം തെളിയിക്കാന്‍ മത്സരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി അകുല്‍ ആര്‍. കമ്മത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി ഗോകുല്‍ കൃഷ്ണന്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ അഭിജിത്ത് അനില്‍കുമാര്‍, എസ്. അശ്വിന്‍ എന്നിവര്‍ സംസാരിച്ചു.
രാവിലെ വിശാലിന്റെ ജന്മനാടായ മുളക്കുഴയിലെ കോട്ട ശ്രീശൈലത്തില്‍ വിശാലിന്റെ അന്ത്യവിശ്രമസ്ഥലത്ത് പുഷപാര്‍ച്ചനയും അനുസ്മരണവും നടന്നു. സഹപാഠികളും വിശാലിനൊപ്പം സംഘടനാ പ്രവര്‍ത്തനം നടത്തിയവരും വിവിധ സംഘടനാ പ്രവര്‍ത്തകരും നാട്ടുകാരും പുഷ്പാര്‍ച്ചന നടത്തി.
ആര്‍എസ്എസ് പ്രാന്ത സഹപ്രചാര്‍ പ്രമുഖ് വി.എന്‍. ദിലീപ് കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. രാഷ്‌ട്രത്തിനായി നടത്തിയ ബലദാനികളുടെ ജീവത്യാഗത്തിന്റെ സ്മരണകളാണ് സംഘപ്രസ്ഥാനങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഏതൊരു ആശയത്തിന്റെ പ്രചരണത്തിന് വേണ്ടിയാണോ വിശാലിനെ പേലുള്ള ബലിദാനികള്‍ ജീവന്‍ അര്‍പ്പിച്ചത് ആ ദേശീയബോധത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് ചെങ്ങന്നൂര്‍ ഖണ്ഡ് സഹസംഘചാലക് വി.ആര്‍. മധു, വിഭാഗ് സമ്പര്‍ക്ക പ്രമുഖ് സി.ജെ. മധുപ്രസാദ്, കാര്യകാരി സദസ്യന്‍ ഒ.കെ അനില്‍, ജില്ലാ സഹകാര്യവാഹ് എം. മിഥുന്‍, ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാര്‍, എബിവിപി സംസ്ഥാന സെക്രട്ടറി യദു കൃഷ്ണ, കെ.എം. ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.













Discussion about this post