കൊച്ചി: നൂറുവര്‍ഷക്കാലം ആരോഗ്യത്തോടെയും സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കുക എന്ന മാനുഷികമായ ആഗ്രഹത്തിന് താങ്ങും തണലുമായാണ് സേവാഭാരതി സുകൃതം സാന്ത്വന വയോജന പദ്ധതിനടപ്പിലാക്കുന്നതെന്ന് മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ്. എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ദേശീയ സേവാഭാരതി സുകൃത സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ കാന്‍സറും ഡയാലിസീസും വര്‍ദ്ധിച്ചുവരുന്നതിന് പിന്നില്‍ ഭക്ഷ്യ സുരക്ഷ ഇല്ലാത്തതാണ്. വലിയ കമ്പനികളുടെ ഭക്ഷ്യ വസ്തുക്കളും കുടിവെള്ളവുമെല്ലാം പരിശോധിക്കുമെങ്കിലും ഭക്ഷ്യസുരക്ഷാവകുപ്പ് അതെല്ലാം പൂഴ്ത്തിവയ്ക്കുകയാണ് ചെയ്യാറെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വിജിലന്‍സ് മേധാവിയായിരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ അടുത്തറിഞ്ഞതാണ്. മുംബൈയില്‍ വിതരണം ചെയ്യുന്ന പാലിന്റെ 75 ശതമാനവും സിന്തറ്റിക്കാണെന്ന് പരിശോധനയില്‍ വ്യക്തമായതാണ്. ഭക്ഷണം വിഷം കലര്‍ന്നതാണെന്നത് ഭയപ്പെടുത്തുന്നതാണ്. പ്രായമായവരെ പരിചരിക്കുന്നത് വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തി സാന്ത്വനം പഠിപ്പിക്കണമെന്നും ജേക്കബ് തോമസ് പറഞ്ഞു.
വിദ്യാഭ്യാസം നേടി ഉന്നതങ്ങളില്‍ കഴിഞ്ഞവരും വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെടലുകള്‍ നേരിടേണ്ടിവരുന്നുണ്ട്. ആരോഗ്യം മാത്രമല്ല, സാമ്പത്തികവും പ്രായമായവര്‍ക്ക് അത്യാവശ്യമാണ്. യൂണിവേഴ്‌സിറ്റികളില്‍ വയോജന വകുപ്പുണ്ടാക്കണം. മുതിര്‍ന്ന പൗരന്‍മാര്‍ക്കും പഠിക്കുന്നതിനുള്ള സംവിധാനം ഒരുക്കണം. മുതിര്‍ന്ന പൗരന്‍മാരായാല്‍ സംരംഭത്തിന് ഒരു ലോണ്‍ പോലും കിട്ടാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ദേശീയ സേവാഭാരതി പ്രസിഡന്റ് ഡോ. രഞ്ജിത് വിജയഹരി അധ്യക്ഷത വഹിച്ചു. അവസാന നിമിഷം പോലും ഒരു സമൂഹം നമ്മള്‍ക്കൊപ്പമുണ്ടെന്ന ആശ്വാസം പകരുവാന്‍ സേവാഭാരതിക്കാവാണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പാലിയേറ്റീവ് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ വിശാലമായ കൂട്ടായ്മയാണിത്. ആരും സഹായിക്കാനില്ലാത്തവര്‍ക്കുള്ള വലിയൊരു വയോജന പദ്ധതിയാണ് പ്ലാന്‍ ചെയ്യുന്നതെന്നും ഡോ. രഞ്ജിത് വിജയഹരി പറഞ്ഞു.
ചടങ്ങില്‍ സേവാഭാരതി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി 110 വാഹനങ്ങള്‍ നല്‍കിയ സേവാഭക്തി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി.എസ്. മോഹനനെ ചടങ്ങില്‍ ആദരിച്ചു. മാതൃകാ വാളണ്ടിയറായ തിരുവനന്തപുരം അഴൂര്‍ യൂണിറ്റ് സെക്രട്ടറി എല്‍. ബിന്ദുവിന് ഭാസ്‌കര്‍ ജ്യോതി സേവാ പുരസ്‌കാരം ആര്‍എസ്എസ് ക്ഷേത്രീയ സേവാ പ്രമുഖ് പി.എന്‍. രവികുമാര്‍ സമ്മാനിച്ചു. മാതൃകാ നഴ്‌സിനുള്ള ഭഗിനി നിവേദിതാ പുരസ്‌കാരം പാലക്കാട് ടൗണ്‍ യൂണിറ്റിലെ ടി. അജിതയ്ക്ക് ഡോ. ജേക്കബ് തോമസ് സമ്മാനിച്ചു. മികച്ച മാതൃകാ യൂണിറ്റിനുള്ള പുരസ്‌കാരം കൊയിലാണ്ടി യൂണിറ്റിന് സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ സമ്മാനിച്ചു. സുകൃത സംഗമം സോവനീര്‍ പ്രകാശനം അമൃത ഹോസ്പിറ്റല്‍ പാലിയേറ്റീവ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. രാജശ്രീ നിര്‍വഹിച്ചു.
ദേശീയ സേവാഭാരതി ജനറല്‍ സെക്രട്ടറി ഡോ. ശ്രീരാം ശങ്കര്‍, എം. രാജീവന്‍, സീതാശങ്കര്‍, സി.എസ്. മേഹനന്‍ എന്നിവര്‍ സംസാരിച്ചു. എ. ഗോപാലകൃഷ്ണന്‍, ജോസ് പുളിമൂട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.



















Discussion about this post