വെളിയത്തുനാട് : രാഷ്ട്രീയ സ്വയംസേവക സംഘം വെളിയത്തുനാട് മണ്ഡലത്തിന്റെ വിജയദശമി മഹോത്സവത്തിൽ ആർ.എസ്.എസ്. ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുധർശനൻ വിജയ ദശമി സന്ദേശം നൽകി. പരിപാടിയിൽ ഫെഡറൽ ബാങ്ക് സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സി. ദാമോദരൻ അധ്യക്ഷനായി. കേസരി വാരികയുടെ വരിക്കാരനായി ചേർന്ന മുൻ പഞ്ചായത്ത് അംഗവും മാതൃകാ കർഷകനുമായ അബ്ദുൾ മാലിക്ക് വരിക്കാരനുള്ള രസീത് ഏറ്റുവാങ്ങി.
സംഘ ചരിത്രത്തിൽ വെളിയത്തുനാടിന്റെ മണ്ണിന് ഏറെ പ്രാധാന്യമുണ്ടെന്ന് ആർ.എസ്.എസ്. ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുധർശനൻ പറഞ്ഞു. ഭാരതത്തിന്റെ ദർശനമായ ഏകാത്മമാനവദർശനത്തിന്റെ ഉപജ്ഞാതാവായ സ്വർഗീയ ദീനദയാൽ ഉപാധ്യായജി എത്തി തപസ്സനുഷ്ഠിച്ച നാടാണ് വെളിയത്തുനാടെന്നും അദ്ദേഹത്തിന്റെ ദർശനം ഇന്ന് ലോകം സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിനായി ജീവിതം സമർപ്പിച്ച സ്വർഗീയ ചന്ദ്രൻ ചേട്ടന്റെ ജന്മ പ്രവർത്തന ഭൂമിയെന്ന നിലയിലും വെളിയത്തുനാടിന് സവിശേഷ സ്ഥാനമുണ്ട്. ആത്മീയമേഖലയുടെ നവോത്ഥാനത്തിനായി തന്ത്രവിദ്യാപീഠം സ്ഥാപിച്ച് ആചാര്യന്മാരെ വാർത്തെടുക്കുകയും ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് നേതൃത്വം നൽകുകയും ചെയ്ത സ്വർഗീയ മാധവ്ജി അന്ത്യവിശ്രമം കൊള്ളുന്ന മണ്ണ് കൂടിയാണിത്. സംഘത്തിന്റെ വളർച്ചയിലും സാമൂഹിക മുന്നേറ്റത്തിലും ഈ നാടിന്റെ സംഭാവനകൾ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സംഘം 101-ാം വർഷത്തിലേക്ക് കടക്കുമ്പോൾ, നിരവധി പ്രവർത്തകർ ത്യാഗപൂർണമായ ജീവിതത്തിലൂടെ വളർത്തിയെടുത്ത പ്രസ്ഥാനം സമ്പൂർണ സമൂഹത്തെയും സംഘടിപ്പിച്ച് എല്ലാവരെയും സ്നേഹത്തോടെ ചേർത്തുപിടിച്ച് ലക്ഷ്യത്തിലേക്കുള്ള വിജയയാത്ര തുടരുകയാണ്. വ്യക്തികളെയും വിഭാഗങ്ങളെയും വേർതിരിക്കുന്ന ഭേദചിന്തകൾക്കതീതമായി സമൂഹത്തെ ഏകോപിപ്പിക്കുകയെന്നതാണ് സംഘത്തിന്റെ പ്രവർത്തനത്തിന്റെ അന്തഃസത്തയെന്നും സുധർശനൻ വിശദീകരിച്ചു.
സംഘത്തിന്റെ പ്രവർത്തനരീതിയും സാമൂഹിക കാഴ്ചപ്പാടും തിരിച്ചറിഞ്ഞ നിരവധി മഹാരഥന്മാർ വിവിധ കാലങ്ങളിൽ സംഘത്തിന് ആശംസകൾ നേർന്നിട്ടുണ്ട്. മഹാത്മാഗാന്ധി സംഘത്തിന്റെ ശിബിരം സന്ദർശിച്ച് പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കിയതും അദ്ദേഹം അനുസ്മരിച്ചു. വർണ-വർഗ വിവേചനങ്ങൾക്കതീതമായി സേവനസന്നദ്ധതയോടെ പ്രവർത്തിക്കുന്ന സ്വയംസേവകരുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
മാറിവരുന്ന ആഗോള സാഹചര്യത്തിൽ രാഷ്ട്രത്തിന്റെ സമഗ്രമായ പുരോഗതിക്കായി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കേണ്ടത് അനിവാര്യമാണ്. ഹിന്ദുത്വത്തിന്റെ അടിത്തറയിൽ ഉറച്ചുനിന്ന് ധർമനിഷ്ഠയോടെയും ലോകഹിതം മുൻനിർത്തിയും പ്രവർത്തിക്കാൻ സമൂഹത്തിന് കഴിയണം. സമ്പൂർണ സമൂഹത്തെ സംഘടിപ്പിച്ച് ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.














