കൊച്ചി: കേരള സര്‍ക്കാര്‍ ഫയര്‍ഫോഴ്‌സിനെ പോപ്പുലര്‍ ഫ്രണ്ടിന് തീറെഴുതി കൊടുത്തോയെന്ന് വ്യക്തമാക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. പാലക്കാട് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ജിഷാദ് ഫയര്‍ഫോഴ്‌സ് ജീവനക്കാരനും കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്ത മുഖ്യപ്രതിയുമാണ്. കൊല്ലപ്പെടേണ്ട ആര്‍എസ്എസ് നേതാക്കളുടെ പട്ടിക തയാറാക്കി നല്‍കിയത് ജിഷാദ് ആണെന്ന പോലീസിന്റെ വെളിപ്പെടുത്തല്‍ ഫയര്‍ഫോഴ്‌സിലെ തീവ്രവാദ സ്വാധീനം വ്യക്തമാക്കുന്നതായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു പറഞ്ഞു.
സര്‍ക്കാരും കോടതിയും ഒരുപോലെ തീവ്രവാദ സംഘടനയായി കണക്കാക്കുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഫയര്‍ഫോഴ്‌സ് പരിശീലനം നല്‍കിയ വാര്‍ത്തയും ഈ അടുത്ത കാലത്താണ് പുറത്തുവന്നത്. ഇപ്പോള്‍ അറസ്റ്റ് ചെയ്ത ജിഷാദ് സിപിഎം യൂണിയന്റെ യൂണിറ്റ് കണ്‍വീനര്‍ ആയി പ്രവര്‍ത്തിക്കുന്നയാളാണ്. തീവ്രവാദികള്‍ സിപിഎമ്മിനെ ആസൂത്രിതമായി ഹൈജാക്ക് ചെയ്തു. രണ്ടു കൂട്ടരും ഈ അവിശുദ്ധ ബന്ധം അറിഞ്ഞുകൊണ്ട് തുടരുന്നു. ആഭ്യന്തര വകുപ്പും ഫയര്‍ഫോഴ്‌സ് ഡിജിപി ബി. സന്ധ്യയും നോക്കുകുത്തികള്‍ മാത്രമായി അധപതിച്ചു. പോലീസ് സേനയ്ക്കുള്ളിലും ഈ തീവ്രവാദ ശക്തികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി കൊടുത്ത സംഭവം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവിടങ്ങളിലെ തീവ്രവാദ സ്വാധീനത്തെക്കുറിച്ച് സമഗ്രമായ അന്വഷണം നടത്തണമെന്നും ആര്‍.വി. ബാബു ആവശ്യപ്പെട്ടു.
Discussion about this post