തനിമയിലൂന്നിയ രാഷ്ട്ര നവോത്ഥാനത്തിന് തയാറെടുക്കാം.
ലോകക്ഷേമം എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായുള്ള തനിമയിലൂന്നിയ ഭാരതത്തിന്റെ സുദീര്‍ഘമായ യാത്ര എപ്പോഴും നമുക്കേവര്‍ക്കും പ്രേരണാ സ്രോതസ്സാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ പ്രതിനിധി സഭ കരുതുന്നു. വൈദേശിക അധിനിവേശങ്ങളുടെയും അതിനെതിരായ പോരാട്ടങ്ങളുടെയും കാലഘട്ടത്തില്‍, ഭാരതത്തിന്റെ ജനജീവിതം താറുമാറാവുകയും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും ധാര്‍മ്മികവുമായ സാമാജിക സംവിധാനങ്ങള്‍ ഗുരുതരമായി വികൃതമാക്കപ്പെടുകയും ചെയ്തു. ഈ കാലഘട്ടത്തില്‍, പൂജ്യരായ സംന്യാസിമാരുടെയും മഹത് വ്യക്തികളുടെയും നേതൃത്വത്തില്‍, മുഴുവന്‍ സമാജവും നിരന്തരമായ പോരാട്ടത്തിലൂടെ അതിന്റെ തനിമയെ(സ്വ) കാത്തുസൂക്ഷിച്ചു. ഈ സമരത്തിന്റെ പ്രേരണ സ്വധര്‍മ്മം, സ്വദേശി, സ്വരാജ് എന്നിങ്ങനെ സ്വ-ത്രയത്തില്‍ അധിഷ്ഠിതമായിരുന്നു. അതില്‍ സമാജം മുഴുവന്‍ പങ്കെടുത്തു. ഈ പോരാട്ടത്തില്‍ പങ്കെടുത്ത ജനനേതാക്കളെയും സ്വാതന്ത്ര്യ സമര സേനാനികളെയും മനീഷികളെയും സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ പവിത്രമായ അവസരത്തില്‍, രാഷ്ട്രം കൃതജ്ഞതാപൂര്‍വം ഓര്‍ത്തു.
സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം പല മേഖലകളിലും നാം ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു. ഇന്ന്, ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥ ലോകത്തെ മുന്‍നിര സമ്പദ് വ്യവസ്ഥകളിലൊന്നായി ഉയര്‍ന്നുവരുന്നു. ഭാരതീയ ശാശ്വത മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് ലോകം അംഗീകരിക്കുകയാണ്. ‘വസുധൈവ കുടുംബകം’ എന്ന ആശയത്തെ അടിസ്ഥാനമാക്കി ലോക സമാധാനവും സാര്‍വത്രിക സാഹോദര്യവും മനുഷ്യ ക്ഷേമവും ഉറപ്പാക്കുന്ന ദൗത്യപൂര്‍ത്തീ
കരണത്തിലേക്കാണ് ഭാരതം നീങ്ങുന്നത്.
സുസംഘടിതവും മഹത്വപൂര്‍ണവും സമൃദ്ധവുമായ രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍, സമാജത്തിലെ എല്ലാ വിഭാഗങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങളുടെ പൂര്‍ത്തീകരണം, സമഗ്ര വികസനത്തിനുള്ള അവസരങ്ങള്‍, സാങ്കേതികവിദ്യയുടെ വിവേകപൂര്‍വമായ ഉപയോഗം, പരിസ്ഥിതിസൗഹൃദ വികസനം , ആധുനികവത്കരണം, എന്നീ വെല്ലുവിളികളെ
ഭാരതീയ സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ പുതിയ മാതൃകകള്‍ കെട്ടിപ്പടുത്തുകൊണ്ട്
അതിജീവിക്കേണ്ടതുണ്ടെന്ന് പ്രതിനിധി സഭ അഭിപ്രായപ്പെടുന്നു. രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനായി, കുടുംബസംവിധാനങ്ങളെ ശക്തിപ്പെടുത്തുക, സാഹോദര്യത്തിലധിഷ്ഠിതമായി സാമാജിക സമരസത സൃഷ്ടിക്കുക, സ്വദേശിഭാവത്തോടെയുള്ള സംരംഭകത്വം വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പ്രത്യേകം പരിശ്രമിക്കേണ്ടതുണ്ട്. സമൂഹമൊന്നാകെ, പ്രത്യേകിച്ച് യുവജനങ്ങള്‍ ഇക്കാര്യത്തില്‍ യോജിച്ച ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ നാളുകളില്‍ വൈദേശിക ഭരണത്തില്‍ നിന്നുള്ള മോചനത്തിന് ത്യാഗവും ബലിദാനവും ഏത് തരത്തില്‍ അനിവാര്യമായിരുന്നുവോ അത്തരത്തിലുള്ള സമര്‍പ്പണഭാവം മുകളില്‍ പറഞ്ഞ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും അനിവാര്യമാണ്. അടിമത്ത മനസ്ഥിതിയില്‍ നിന്ന് മുക്തമായ ഒരു സാമൂഹിക ജീവിതം സ്ഥാപിക്കേണ്ടതുണ്ട്. ഈ കാഴ്ചപ്പാടില്‍, ബഹുമാനപ്പെട്ട പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ നല്‍കിയ ‘പഞ്ച് പ്രണ്‍’ (അഞ്ച് ദൃഢനിശ്ചയങ്ങള്‍) മഹത്വപൂര്‍ണമാണ്.
അനേകം രാജ്യങ്ങള്‍ ഭാരതത്തോട് ആദരവും സദ്ഭാവവും പുലര്‍ത്തുമ്പോള്‍ തന്നെ ലോകത്തിലെ ചില ശക്തികള്‍ തനിമയിലൂന്നിയ ഭാരതത്തിന്റെ പുനരുത്ഥാനത്തെ അംഗീകരിക്കുന്നില്ല എന്ന വസ്തുത അടിവരയിട്ട് ചൂണ്ടിക്കാട്ടാന്‍ പ്രതിനിധിസഭ ആഗ്രഹിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ഹിന്ദുത്വ വിരുദ്ധ ശക്തികള്‍ സമൂഹത്തില്‍ അവിശ്വാസവും അരാജകത്വവും രാജ്യത്തിന്റെ സംവിധാനങ്ങളോട് അവമതിപ്പും അരാജകത്വവും സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനകള്‍ ആവിഷ്‌കരിക്കുന്നു. ഇവയെ ജാഗ്രതയോടെ കാണുകയും അവരുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുകയും വേണം.
ഈ ‘അമൃതകാലം’ ഭാരതത്തെ വിശ്വനേതൃസ്ഥാനത്തേക്ക് എത്തിക്കുന്നതിന് കൂട്ടായ പ്രയത്നങ്ങള്‍ നടത്താന്‍ നമുക്ക് അവസരങ്ങള്‍ നല്‍കുന്നു, ഭാരതീയചിന്തയുടെ വെളിച്ചത്തില്‍ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക, ജനാധിപത്യ, നിയമ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സാമാജിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും കാലാനുസൃതമായ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഈ ഉദ്യമത്തില്‍ പ്രബുദ്ധരായ മുഴുവന്‍ ജനതയും സമ്പൂര്‍ണ ശക്തിയോടെ പങ്കാളികളാകണമെന്ന് അഖില ഭാരതീയ പ്രതിനിധി സഭ ആഹ്വാനം ചെയ്യുന്നു. ഇതിലൂടെ സമര്‍ത്ഥമായ, വൈഭവശാലിയായ, വിശ്വമംഗളകാരിയായ രാഷ്ട്രമെന്ന നിലയില്‍ ആഗോള വേദിയില്‍ ഭാരതം സമുചിതമായ സ്ഥാനം നേടിയെടുക്കും.
Discussion about this post