നാഗ്പൂര്‍: മതഭ്രാന്തും തീവ്രവാദവും പാരിസ്ഥിതികപ്രശ്‌നങ്ങളും മൂലം ഉലയുന്ന ലോകം ഭാരതത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. സ്വാര്‍ത്ഥത മൂലമുള്ള പരസ്പരസംഘര്‍ഷങ്ങള്‍ ഉക്രൈനും ഗാസയും പോലെ യുദ്ധസമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു പ്രകൃതിവിരുദ്ധ ജീവിത ശൈലി, അതിരില്ലാത്ത ഉപഭോഗം എന്നിവ മൂലം പുതിയ പുതിയ രോഗങ്ങള്‍ ഉയര്‍ന്നുവരുന്നു. കുടുംബങ്ങള്‍ തകരുന്നു. പ്രകൃതിദുരന്തങ്ങള്‍ വര്‍ഷംതോറും വര്‍ധിക്കുന്നു. തീവ്രവാദത്തിനും ചൂഷണത്തിനും അമിതാധികാരവാദത്തിനും തുറന്ന മൈതാനങ്ങള്‍ ലഭിക്കുന്നു. പരിഹരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട വഴികളെ ഉപേക്ഷിച്ച് ലോകം ഭാരതീയ മൂല്യങ്ങളിലേക്ക് തിരിയുകയാണ്. വിശ്വമാകെ സുഖശാന്തിമയമായ പുതുജീവിതത്തിന്റെ വരദാനം പ്രദാനം ചെയ്യുകയാണ് ആധുനിക കാലത്ത് നമ്മുടെ അനശ്വര രാഷ്ട്രത്തിന്റെ നവോത്ഥാനത്തിന്റെ ലക്ഷ്യം,
അതിന് അനുഗുണമായ പാത നാം മുന്നോട്ടുവയ്ക്കണം. അധിനിവേശ മാനസികാവസ്ഥയില്‍ നിന്ന് മുക്തമായി ലോകത്തില്‍ നിന്ന് ദേശാനുകൂലമായതെന്തോ അത് സ്വീകരിക്കണം. നമ്മുടെ രാജ്യത്ത് എന്താണോ ഉള്ളത് അതിനെ കാലാനുസൃതമാക്കി സ്വ ആധാരിതമായ സ്വദേശി വികാസപഥം സ്വീകരിക്കണം.
2025ല്‍ സംഘം നൂറ് വര്‍ഷം പൂര്‍ത്തിയാക്കുന്നു. സംഘപ്രവര്‍ത്തനത്തിന്റെ ഫലമായി സമാജത്തിന്റെയാകെ പെരുമാറ്റത്തിലും സംസാരത്തിലും ദേശത്തോടുള്ള മമതാ ഭാവം നിറയണം. ക്ഷേത്രം, വെള്ളം, ശ്മശാനം തുടങ്ങി ഭേദഭാവം ഇനിയും എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് സമ്പൂര്‍ണമായും അവസാനിപ്പിക്കണം.
കുടുംബത്തിലെ എല്ലാ അംഗങ്ങളിലും ശുഭകാര്യങ്ങള്‍ നിത്യവും സംസാരിക്കുന്നതിന്റെ, സംസ്‌കാരം നിറഞ്ഞ പെരുമാറ്റത്തിന്റെ ശീലം വളരണം. ജലം സംരക്ഷിച്ച്, പ്ലാസ്റ്റിക് വിമുക്തമാക്കി, മുറ്റങ്ങളില്‍ പച്ചപ്പ് നിറച്ച് പ്രകൃതിയുമായുള്ള ബന്ധം ശക്തമാക്കണം. സ്വദേശി ആചരണത്തിലൂടെ സ്വ നിര്‍ഭരതയും സ്വാവലംബനവും വളര്‍ത്തണം. ധൂര്‍ത്ത് അവസാനിപ്പിക്കണം. രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുകയും സമ്പത്ത് രാജ്യത്തിനുള്ളില്‍ത്തന്നെ വിനിയോഗിക്കുകയും വേണം. സ്വദേശി ആചരണം വീടിനുള്ളില്‍ നിന്ന് ആരംഭിക്കണം. നിയമങ്ങളും പൗരധര്‍മ്മവും പാലിക്കുകയും സമാജത്തില്‍ പരസ്പര സൗഹാര്‍ദ്ദം ഉണ്ടാകുകയും വേണം. ഒപ്പം സഹകരണ മനോഭാവം എല്ലായിടത്തും വ്യാപകമാകണം. ഇക്കാര്യങ്ങള്‍ ചെയ്യുന്നതിന് പരിശീലനം ആവശ്യമാണ്. ചെറിയ ചെറിയ കാര്യങ്ങളില്‍ തുടങ്ങി, തുടര്‍ച്ചയായ അഭ്യാസത്തിലൂടെ ഈ ആചരണങ്ങള്‍ നമ്മുടെ ശീലമായി മാറണം. ഭരണകൂടവും സമാജത്തിലെ സജ്ജനങ്ങളും സമാജഹിതത്തിനായി ചെയ്യുന്ന, ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളിലും സംഘപ്രവര്‍ത്തകരുടെ പങ്കാളിത്തം എപ്പോഴുമുണ്ടാകുമെന്ന് സര്‍സംഘചാലക് പറഞ്ഞു.
ഹിമാലയന്‍ മേഖലയെ ഒറ്റ ഘടകമായി പരിഗണിക്കണം
നാഗ്പൂര്‍: അതിര്‍ത്തി സുരക്ഷ, ജലസുരക്ഷ, പാരിസ്ഥിതിക ആരോഗ്യം എന്നിവ പരിഗണിച്ച് ഹിമാലയന്‍ മേഖലയെ ഒറ്റ ഘടകമായി പരിഗണിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക്. ഈ പ്രദേശം ഭൂഗര്‍ഭശാസ്ത്രത്തിന്റെ ദൃഷ്ടിയില്‍, പുതിയതും വീണ്ടുംവീണ്ടും നവീകരിക്കുന്നതും അതുകൊണ്ടുതന്നെ അസ്ഥിരവുമാണ്. ഭൂമിയുടെ സവിശേഷതയോ ജലസ്രോതസുകള്‍, ജൈവവൈവിധ്യങ്ങള്‍ തുടങ്ങിയ പ്രത്യേകതകളോ പരിഗണിക്കാതെയാണ് ഇവിടെ ഏകപക്ഷീയമായ വികസന പദ്ധതികള്‍ നടപ്പാക്കിയത്. ഇതിന്റെ ഫലമായാണ് ഹിമാലയന്‍ മേഖലയും അതുവഴി രാജ്യം മുഴുവനും പ്രതിസന്ധിയുടെ വക്കിലായത്. കിഴക്ക്, തെക്കുകിഴക്കന്‍ രാജ്യങ്ങളിലെല്ലാം ജലം നല്കുന്നത് ഈ മേഖലയാണ്. ഇതേ മേഖലയിലാണ് ഭാരതത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ വര്‍ഷങ്ങളായി ചൈനയുടെ മുട്ട് നമ്മള്‍ കേള്‍ക്കുന്നത്. അതുകൊണ്ട് ഈ പ്രദേശത്തിന് നിര്‍ണായകമായ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം നാഗ്പൂരിലെ വിജയദശമി പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.
Discussion about this post