കാന്‍ബറ: അഫ്ഗാനിസ്ഥാനെതിരായ ക്രിക്കറ്റ് പരമ്പരയില്‍ നിന്നുള്ള ഓസ്‌ട്രേലിയയുടെ പിന്മാറ്റം ചര്‍ച്ചയാകുന്നു. താലിബാന്‍ ഭരണകൂടത്തിന്‍റെ സ്ത്രീവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് യുഎഇയില്‍ നടത്താനിരുന്ന പരമ്പരയില്‍നിന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്മാറിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കാണ് നിഷ്പക്ഷ വേദിയെന്ന നിലയില്‍ യുഎഇ തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും താലിബാന്‍ മനോഭാവത്തോട് സന്ധി ചെയ്യാനാകില്ലെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുകയായിരുന്നു.
ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്‍റെ ഈ വിഷയത്തിലുള്ള നിലപാടില്‍ നിന്ന് ക്രിക്കറ്റ് ബോര്‍ഡിന് മാറിനില്‍ക്കാനാകില്ല. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കുന്ന താലിബാന്‍ ഭരണകൂടത്തോടുള്ള എതിര്‍പ്പ് ലോകത്തിന് മുന്നില്‍ പ്രകടിപ്പിക്കുകയാണ് പിന്മാറ്റത്തിലൂടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്.
സമീപകാലത്ത് ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് കായികമേഖലയില്‍ നിന്ന് ലഭിക്കുന്ന പിന്തുണയുടെ തുടര്‍ച്ചയായാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നീക്കത്തെ വിലയിരുത്തുന്നത്. കുര്‍ദിഷ് യുവതി മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തെത്തുടര്‍ന്ന് ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട വനിതകളുടെ പ്രക്ഷോഭത്തെ ഏറ്റവുമധികം ലോകത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടു വന്നത് കായികരംഗത്തെയും സിനിമാമേഖലയിലെയും പ്രമുഖരുടെ പ്രതികരണങ്ങളായിരുന്നു. സോളില്‍ ഇറാനിയന്‍ ക്ലൈംബിങ് താരം എല്‍ന റെബാക്കി മുതല്‍ ഖത്തറിലെ ദേശീയഗാനം പാടാതെ പ്രതിഷേധിച്ച ഇറാന്‍ ഫുട്‌ബോള്‍ ടീം വരെ ഇതില്‍ പങ്കാളികളായി. ഫുട്‌ബോള്‍ ഇതിഹാസം അലിദേയിയും ചെസ് താരം സാറാ ഖദേമും അടക്കമുള്ളവര്‍ പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നു.
Discussion about this post