ഇസ്ലാമബാദ്: ‘ഞങ്ങള്‍ക്ക് ഇനി പാകിസ്ഥാനില്‍ ഭാവിയില്ല. പ്രയാഗ് രാജില്‍ നിന്ന് എന്‍റെ മുത്തച്ഛനും മറ്റും എന്തിനാണ് ഇങ്ങോട്ട് കുടിയേറിയത്.. കടുത്ത നിരാശ തോന്നുന്നു…” പാകിസ്ഥാനി മാധ്യമ പ്രവര്‍ത്തക അര്‍സൂ കാസ്മിയുടെ ട്വീറ്റ് രാജ്യം ചര്‍ച്ച ചെയ്യുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം പട്ടിണിയും ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടിയ പാക്കിസ്ഥാനിലെ ജനങ്ങള്‍ ഭക്ഷണത്തിനും വെള്ളത്തിനും പരസ്പരം കൊല്ലുന്നതിന്‍റെ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് അര്‍സൂ കാസ്മിയുടെ ട്വീറ്റ് ചര്‍ച്ചയാവുന്നത്. പാകിസ്ഥാനില്‍ ഇതുവരെ 13 പേര്‍ പരസ്പരമുള്ള ഏറ്റുമുട്ടലില്‍ മരിച്ചത്.
വിഭജന കാലത്ത് മെച്ചപ്പെട്ട ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയില്‍ പാകിസ്ഥാനിലേക്ക് പോയവരുടെ ഇന്നത്തെ തലമുറകള്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നതിന്റെ സൂചനയായാണ് അര്‍സൂ കാസ്മിയുടെ പരാമര്‍ശം വിലയിരുത്തപ്പെടുന്നത്. 1947ല്‍ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് കുടിയേറാനുള്ള തന്‍റെ പൂര്‍വികരുടെ തീരുമാനത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഏപ്രില്‍ ഒന്നിനാണ് അര്‍സൂ കാസ്മി ട്വീറ്റ് ചെയ്തത്. വികസനമല്ല, ഇവിടെ തീവ്രവാദം മാത്രമാണ് വളര്‍ന്നതും വളര്‍ത്തുന്നതും. വിശ്വസിച്ച് എത്തിയവരുടെ നട്ടെല്ലൊടിക്കുകയാണ്. പാക്കിസ്ഥാന്‍റെ ഇന്നത്തെ അവസ്ഥ സ്വന്തം ദുഷ്പ്രവൃത്തികളുടെ ഫലമാണ്, കാസ്മി ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ വാര്‍ത്താ ചാനലുകളിലെ ചര്‍ച്ചകളില്‍ കാസ്മി പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് ജേണലിസത്തില്‍ ബിരുദം നേടിയ അര്‍സൂവിന്‍റെ അച്ഛന്‍ സെയ്ദ് സലാഹുദ്ദീന്‍ കാസ്മി 1998ല്‍ പാക് സര്‍ക്കാരിന്റെ ആദരവ് നേടിയ മാധ്യമ പ്രവര്‍ത്തകനാണ്. നിഹാവോ സലാം എന്ന പ്രശസ്തമായ പാക് മാഗസിന്‍റെ ജോയിന്റ് എഡിറ്ററായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ച അര്‍സൂ പാകിസ്ഥാന്‍ ടൈംസ്, ഫ്രോണ്ടിയര്‍ പോസ്റ്റ്, പാകിസ്ഥാന്‍ ഒബ്‌സര്‍വര്‍ തുടങ്ങിയ പ്രസിദ്ധമായ മാധ്യമങ്ങളില്‍ കോളമിസ്റ്റ് കൂടിയാണ്.
Discussion about this post