ലണ്ടന്‍: പ്ലാസ്റ്റിക് തിന്നുന്ന എന്‍സൈമുകളെ കണ്ടെത്തി ബ്രൂണല്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകളെ വിഘടിപ്പിക്കാന്‍ കഴിയുന്ന രണ്ട് പുതിയ എന്‍സൈമുകളെയാണ് ബ്രൂണലിലെ ബയോമെഡിക്കല്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. യൂണിവേഴ്സിറ്റിയുടെ ബയോഫിലിംസ് ആന്‍ഡ് മൈക്രോബയോംസ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. പ്ലാസ്റ്റിക്കിലൂടെ ലോകം നേരിടുന്ന മലിനീകരണഭീഷണിക്ക് കണ്ടെത്തല്‍ വലിയ പ്രയോജനം ചെയ്യുമെന്നാണ് സര്‍വകലാശാലയുടെ അവകാശവാദം.
പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കുന്ന എന്‍സൈമുകളെ എന്‍കോഡ് ചെയ്യുന്ന നിരവധി പുതിയ സ്പീഷീസുകളെ നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അവയുടെ പ്രവര്‍ത്തനം വളരെ സാവധാനത്തിലായതിനാല്‍ അത് പ്രയോജനപ്രദമായിരുന്നില്ലു. നിലവിലുള്ള റീസൈക്ലിങ് രീതികളേക്കാള്‍ വേഗത്തില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ വിഘടിപ്പിക്കാന്‍ പുതിയ എന്‍സൈമുകള്‍ക്കാകും. സാധാരണഗതിയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ വിഘടിക്കാന്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ എടുക്കും.
‘ഈ പുതിയ കണ്ടെത്തലുകള്‍ ആവേശകരമാണെന്ന് ബ്രൂണലിലെ ഗവേഷണത്തിന് നേതൃത്വം നല്കുന്ന ഡോ. റൊണന്‍ മക്കാര്‍ത്തി പറഞ്ഞു. ‘ഞങ്ങള്‍ രണ്ട് പുതിയ പോളീത്തിലീന്‍ ടെറഫ്താലേറ്റ് എന്‍സൈമുകള്‍ തിരിച്ചറിഞ്ഞു. ഓരോ എന്‍സൈമും ബാക്ടീരിയകളെ മൊത്തത്തില്‍ പരിഷ്‌ക്കരിച്ച് അവയുടെ വിഘടനശക്തി മെച്ചപ്പെടുത്തുന്നതിന് ശേഷിയുള്ളവയാണെന്ന് കണ്ടെത്തി.
പ്ലാസ്റ്റിക് വിഘടിപ്പിക്കുന്ന ബാക്ടീരിയകളെ ജനിതകമായി രൂപകല്‍പ്പന ചെയ്തു. ഇത് പ്ലാസ്റ്റിക്കിന് ചുറ്റുമുള്ള എന്‍സൈമിന്റെ സാന്ദ്രത വര്‍ധിപ്പിക്കുകയും കൂടുതല്‍ ശക്തവും വിഘടന ശേഷിയില്‍ കരുത്തുള്ളതുമാക്കി, ഡോ മക്കാര്‍ത്തി പറഞ്ഞു. പുതിയ എന്‍സൈമുകളെ ഒരു ബയോ റിയാക്ടറില്‍ പരീക്ഷിക്കാനാണ് പദ്ധതിയെന്ന് ഗവേഷക ഡോ. സോഫി ഹോവാര്‍ഡ് കൂട്ടിച്ചേര്‍ത്തു.
Discussion about this post