അബുദാബി: ദ്വിദിന സന്ദർശനത്തിനായി യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് ലഭിച്ച ഹൃദ്യമായ വരവേൽപ്പിന് അറബ് രാജ്യത്തോട് നന്ദിയറിയിച്ചു. പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം ഇതറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി വളരുന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു.
” നിങ്ങൾ നൽകിയ ഊഷ്മളമായ സ്വീകരണത്തിന് നന്ദി. നിങ്ങളെ കാണാൻ ഇവിടേക്ക് എപ്പോൾ വന്നാലും എന്റെ കുടുംബത്തിനരികിൽ എത്തിയ ഒരു അനുഭൂതിയാണ്. കഴിഞ്ഞ ഏഴ് മാസത്തിനിടെ നാം അഞ്ച് തവണ കണ്ടു. അത് അപൂർവ്വമായ ഒന്നാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണിത് സൂചിപ്പിക്കുന്നത്. ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയിൽ ഇരുരാജ്യങ്ങളും ഒപ്പിടുന്നുവെന്നതും സന്തോഷകരമായ കാര്യമാണ്. ജി20 രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു വാർത്തയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സുപ്രധാന ദിശയിലേക്ക് ഇരുരാജ്യങ്ങളും മുന്നേറുകയാണ്. നിങ്ങളുടെ പിന്തുണയില്ലാതെ ഇവിടെ ബാപ്‌സ് ക്ഷേത്രത്തിന്റെ നിർമ്മാണം സാധ്യമാകുമായിരുന്നില്ല.
വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്കായി എന്റെ ക്ഷണം സ്വീകരിച്ച്, എന്റെ നാടായ ഗുജറാത്തിൽ എത്തിയതിനും യുഎഇ പ്രസിഡന്റിന് ഞാൻ നന്ദിയറിയിക്കുകയാണ്. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയെന്ന പരിപാടി പുതിയ തലങ്ങളിലെത്തുകയും അതിന്റെ പ്രശസ്തി പതിന്മടങ്ങ് വർദ്ധിക്കുകയും ചെയ്തു.” – യുഎഇ പ്രസിഡന്റിനോട് പ്രധാനമന്ത്രി മോദി പറഞ്ഞു.
തുടർന്ന് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സാന്നിധ്യത്തിൽ ഇന്ത്യയും യുഎഇയും തമ്മിൽ ധാരണാപത്രം കൈമാറി. ശേഷം നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റും ചേർന്ന് അബുദാബിയിൽ യുപിഐ റുപേ കാർഡ് സർവീസ് ലോഞ്ച് ചെയ്തു.
Discussion about this post